മാനം തെളിഞ്ഞു, കാനനപാത തുറന്നു: ശബരിമലയിൽ തീർത്ഥാടക പ്രവാഹം
ശബരിമല കാനനപാത തീർത്ഥാടകർക്കായി തുറന്നു. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർത്ഥാടകർക്കായി തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. വനം വകുപ്പിൽ നിന്ന് പാത സഞ്ചാരയോഗ്യമെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.
മോശം കാലാവസ്ഥയെ തുടർന്ന് ഹൈക്കോടതി നേരത്തെ കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനം താത്കാലികമായി വിലക്കിയിരുന്നു. വിലക്ക് ഏർപ്പെടുത്തിയിരുന്നത് വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ്. പ്രദേശത്ത് ഞായറാഴ്ച മുതൽ കനത്ത മൂടൽമഞ്ഞും ഉണ്ടായിരുന്നു. കാലാവസ്ഥാ അനുകൂലമായാൽ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂ എന്ന് വനംവകുപ്പും പറഞ്ഞിരുന്നു.
അതേസമയം അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹമാണ്. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും തിങ്കളാഴ്ച 86000 ലധികം തീർഥാടകർ മലകയറിയിട്ടുണ്ട്.
ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല കയറിയത്. ശബരിമലയിൽ ഇന്ന് രാവിലെ 7 മണി വരെ 25,000 തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് കണക്കുകൾ. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. 60,980 തീർഥാടകരാണ് അന്ന് മലകയറിയത്.
പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്. പമ്പയിലുൾപ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച പുലർച്ചെ അൽപ്പം ശക്തി പ്രാപിച്ച മഴയ്ക്കൊപ്പം സന്നിധാനത്തും പരിസരപ്രദേശങ്ങളിലും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു.
ഇന്നലെ പകൽ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ ലഭിച്ചു. പമ്പയിലും നിലയ്ക്കലും മഴ ലഭിച്ചിട്ടുണ്ടായിരുന്നു . ശക്തമായ മഴയെ തുടർന്ന് കാനന പാത അടച്ചതിനാൽ, അതുവഴി സഞ്ചരിച്ചിരുന്ന തീർഥാടകരെ കാളകെട്ടിയിൽ നിന്ന് കെഎസ് ആർടിസി ബസുകളിൽ പമ്പയിലേക്ക് എത്തിക്കുകയായിരുന്നു.
ഇന്നും ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം തുടരും. ഇടയ്ക്ക് മഴ ലഭിക്കാനും സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
അതേസമയം കേരളത്തിൽ ഇന്ന് ഒരു ജില്ലകളിലും മഴ അലർട്ടുകൾ നൽകിയിട്ടില്ല. പത്തനംതിട്ട,ആലപ്പുഴ,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. കൂടാതെ കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാവകുപ്പ്. മണിക്കൂറിൽ 30 മുതൽ 35 കിലോമീറ്റർ വേഗതയിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ഈ പ്രദേശങ്ങളിൽ കാറ്റിന് സാധ്യതയുണ്ട്.
metbeat news