Weather updates 03/12/24: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു, പഴശ്ശി ഡാമിന്റെ ഷട്ടർ തുറക്കും

Weather updates 03/12/24: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു, പഴശ്ശി ഡാമിന്റെ ഷട്ടർ തുറക്കും

ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനമനുസരിച്ച്, ഡിസംബർ 3 ന്, കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് ഇന്നും തുടരുന്നത്. വടക്കൻ തമിഴ്‌നാട്ടിൽ മഴ കുറയും. തെക്കൻ കർണാടകയിൽ ഒറ്റപ്പെട്ട കനത്ത മഴ അനുഭവപ്പെടും.

തീരദേശ കർണാടകയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 2 മുതൽ തുടരുന്ന ഒറ്റപ്പെട്ട കനത്ത മഴ രായലസീമയിൽ പ്രതീക്ഷിക്കാം. ഡിസംബർ 3 ന് ലക്ഷദ്വീപിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. സമാനമായ അവസ്ഥ ഡിസംബർ 4 വരെ തുടരും.
ഫിൻജാൽ ചുഴലിക്കാറ്റ് കാരണം കേരളത്തിൽ കാര്യമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ന്യൂനമർദം കര ഇറങ്ങുന്നു, വടക്കൻ കേരളത്തിൽ നിന്ന്

ന്യൂനമർദമായി കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലൂടെ കടലിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നു. നേരത്തെ പുതുച്ചേരിക്ക് സമീപം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയത് പോലെ വടക്കൻ കേരളത്തിന്റെ മുകളിൽനിന്ന് അറബിക്കടലിലേക്ക് ഇറങ്ങുകയാണ്. ഇന്ന് പുലർച്ചെ നാലുമണിയോടെ അറബിക്കടലിലെത്തു മെന്നായിരുന്നു നമ്മൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രണ്ടു മണിക്കൂർ വൈകി കരയിറങ്ങൽ പ്രക്രിയ തുടരുകയാണ്. എറണാകുളം മുതൽ കർണാടക വരെയുള്ള മേഖലകളിൽ കനത്ത മഴ തുടരും. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം കാസർകോട് ജില്ലകളിൽ അറബിക്കടലിൽ നിന്ന് ശക്തമായ ഈർപ്പ പ്രവാഹം ഉണ്ട്. കടലിൽ ന്യൂനമർദ്ദം എത്തിയാലും വടക്കൻ ജില്ലകളിൽ നിന്നും നാളെയും മഴയുണ്ടാകും. നവംബർ 21നാണ് ഇത്തരം ഒരു ന്യൂനമർദ്ദത്തെക്കുറിച്ച് ആദ്യമായി ഫോർക്കാസ്റ്റ് Metbeat Weather നടത്തുന്നത്. വടക്കൻ ഇന്തോനേഷ്യയിലെ ബന്ദെ ആച്ചെക്കു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ത്യയിൽ എത്തുമെന്നും കേരളത്തിൽ മഴ നൽകുമെന്നുമായിരുന്നു പ്രവചനം.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർകോട്, ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

കണ്ണൂർ ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തുന്നതിനാൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളയുമെന്ന് പഴശ്ശി ജലസേചന പ്രൊജ്ക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. ഫോൺ : 0497 2700487

ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത് നാല് ജില്ലകളിൽ, കോട്ടയത്ത് ഭാഗികം

കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ കൃാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ സ്കൂളുകൾക്കാണ് ഇന്ന് സമ്പൂർണ അവധി ജില്ലാ കളക്ടർമാർ പ്രഖ്യാപിച്ചത് . കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്നും ജില്ലാ കളക്ടർമ്മാർ.

കോട്ടയം കളക്ടറുടെ അറിയിപ്പ്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പ്

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ആലപ്പുഴ ജില്ലാ കളക്ടറുടെ അറിയിപ്പ്

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജലനിരപ്പ് ഉയരുന്നതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് ( ചൊവ്വാഴ്ച ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധി നൽകി ജില്ലാ കളക്ടർ. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

തൃശ്ശൂർ ജില്ലാ കളക്ടറുടെ അറിയിപ്പ്

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കാസർകോട് ജില്ലാ കളക്ടറുടെ അറിയിപ്പ്

കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല

ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം

കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തിന്  കാരണമായത് നിഗമനം. അപകടമുണ്ടായത് ഓവർടേക്ക് ചെയ്യുന്ന സമയത്താണ് . കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം.അപകടമുണ്ടായത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് .

ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെയും പോസ്റ്റ്‌ മോർട്ടം നടക്കും. പോസ്റ്റ്‌മോർട്ടം തുടങ്ങുക 8.30 ഓടെ . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷമാകും. മരിച്ചത് പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് . 

ദാരുണമായ അപകടം ഉണ്ടായത് ഇന്നലെ രാത്രിയായിരുന്നു . വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു . ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറി. വിദ്യാർത്ഥികളെ പുറത്ത് എടുത്തത് കാർ വെട്ടിപ്പൊളിച്ചാണ്. 11 പേരുണ്ടായിരുന്നു കാറിൽ. ആറു പേർ ചികിത്സയിൽ തുടരുന്നു. രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിൽ ഉണ്ട് .  സംഘം യാത്ര ചെയ്തത് വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു .

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.