Weather updates 02/01/24: ജനുവരിയിൽ ശീതകാല മഴ കൂടുതൽ ലഭിക്കും; പകൽ ചൂട് കൂടും
ജനുവരിയിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ സാധാരണയേക്കാൾ ചൂട് കൂടും. ഇന്ത്യയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ജനുവരിയിൽ സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും കൂടുതൽ മഴ ലഭിക്കും.
ജനുവരിയിൽ കേരളത്തിൽ ലഭിക്കേണ്ടത് 7.4 മില്ലിമീറ്റർ മഴ മാത്രമാണ്. സംസ്ഥാന ശരാശരി പ്രകാരമാണിത്. അതായത് ഒരു സെൻറീമീറ്ററിൽ കുറവ് മഴ. സംസ്ഥാനത്ത് എല്ലായിടത്തും പെയ്യുന്ന മഴയുടെ ശരാശരിയായാണ് ഈ കണക്ക് രേഖപ്പെടുത്തുക. ഡിസംബർ അവസാനിച്ചതോടെ തുലാവർഷത്തിൽ ലഭിക്കേണ്ട മഴയുടെ കണക്ക് അവസാനിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പെയ്യുന്ന മഴ ശീതകാല മഴയുടെ കണക്കിലാണ് ഉൾപ്പെടുത്തുക. അതുകൊണ്ടുതന്നെ കേരളത്തിലെ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസങ്ങളാണ് ജനുവരിയും ഫെബ്രുവരിയും. ജനുവരിയേക്കാൾ കുറവ് മഴയാണ് ഫെബ്രുവരിയിൽ ലഭിക്കാറുള്ളത്.
ജനുവരിയിൽ സാധാരണ പെയ്യേണ്ടത് 7.4 മില്ലിമീറ്റർ മഴയാണ്.
സാധാരണയെക്കാൾ കൂടുതൽ മഴ എന്ന് പറയുമ്പോൾ സാധാരണ ലഭിക്കേണ്ട 7.4 mm നേക്കാൾ കൂടുതൽ മഴ എന്നാണ് അർത്ഥമാക്കേണ്ടത്. അല്ലാതെ വർഷക്കാലം പോലെ കനത്ത മഴ എന്നോ തീവ്രമഴ എന്നോ അർത്ഥമാക്കേണ്ടതില്ല. പകൽ ചൂടിന്റെ കാര്യത്തിലും ഇതുപോലെ വർദ്ധനവ് ഉണ്ടാകും.
കേരളത്തിൽ ഇന്ന് താപ മുന്നറിയിപ്പ്
ഇന്ന് കേരളത്തിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ സാധാരണക്കാർ കൂടുതൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത കുറച്ചു ദിവസങ്ങളിൽ മഴ വിട്ടുനിൽക്കുന്നതോടെ പകൽ ചൂട് കൂടും.
കേരളത്തിൽ ചൂട്കൂടും, തമിഴ്നാട്ടിൽ കുറയും
കേരളത്തിൽ ജനുവരി മാസത്തിൽ പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിൽ പകൽ ചൂട് സാധാരണയേക്കാൾ കൂടുതൽ വർദ്ധിക്കും. എന്നാൽ തമിഴ്നാട്ടിൽ പലയിടത്തും ചൂട് കുറവായിരിക്കും. കർണാടകയുടെ തെക്ക് കിഴക്ക് മേഖലയിലും തമിഴ്നാടിന്റെ വടക്ക് പടിഞ്ഞാറ് മേഖലയിലും ചൂട് സാധാരണയേക്കാൾ കുറവാണ് ജനുവരിയിൽ അനുഭവപ്പെടുക.
രാത്രി താപനില കൂടും
ഇപ്പോൾ കേരളത്തിൽ ഉൾപ്പെടെ അനുഭവപ്പെടുന്ന ശൈത്യം കുറയുകയും രാത്രി താപനില കൂടുകയും ചെയ്യും. കേരളത്തിലും തമിഴ്നാട്ടിലും ഇതേ ട്രെൻഡ് ആണ് തുടരുക. തമിഴ്നാടിന്റെ വടക്കൻ മേഖലയിലും ആന്ധ്രയിലും കർണാടകയിലും കേരളത്തിലും രാത്രി താപനില സാധാരണയേക്കാൾ കൂടും. അതായത് ശൈത്യം കുറയും എന്നർത്ഥം.