weather update (26/07/24) : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ബംഗ്ലാദേശ് തീരത്തിനു സമീപമാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതോടൊപ്പം വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് വരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടതിനാല്‍ വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറഞ്ഞു.
കേരള തീരത്ത് ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുക. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റും മിന്നല്‍ ചുഴയിലും വടക്കന്‍ ജില്ലകളില്‍ ലഭിച്ചു. ഇത് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ താറുമാറായി. നൂറുകണക്കിന് മരങ്ങള്‍ വീണു. കോഴിക്കോട് ജില്ലയിലാണ് ഒടുവില്‍ ശക്തമായ കാറ്റു വ്യാപകമായി നാശം വിതച്ചത്.
സൂപ്പര്‍ ടൈഫുണ്‍ ഗേമി ചൈനയിലേക്ക്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദത്തിലേക്കും ചൈനയില്‍ കരകയറാന്‍ ഒരുങ്ങുന്ന സൂപ്പര്‍ ടൈഫൂണ്‍ ഗേമിയും കേരളത്തിനു കുറുകെയുള്ള കാലവര്‍ഷക്കാറ്റിനെ ആകര്‍ഷിക്കുന്നുണ്ട്.
കൊങ്കണ്‍ തീരത്ത് മഴ തുടരും
കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര മേഖലകളില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴ തുടരും. ഇന്ന് കൊങ്കണ്‍ മേഖലയില്‍ റെഡ് അലര്‍ട്ടാണ്. ഇത് അടുത്ത ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറും. ഗുജറാത്ത് വരെയുള്ള പടിഞ്ഞാറന്‍ തീരത്താണ് ശക്തമായ മഴ ലഭിക്കുക. ഗുജറാത്തില്‍ പൂര്‍ണ നദി കനത്ത മഴയെ തുടര്‍ന്ന് കരകവിഞ്ഞു. 3000 പേരെ ഒഴിപ്പിച്ചു. നദിയിലെ ജലനിരപ്പ് അപകട നിലയായ 23 അടിയും കവിഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും ശക്തിപ്പെടുന്നതോടെ കാറ്റിന്റെ ഇപ്പോഴത്തെ ഗതിയില്‍ നേരിയ തോതിലുള്ള മാറ്റമുണ്ടാകും. വിയറ്റ്‌നാമിലെ ഹാനോയ് യില്‍ കരകയറിയ പ്രാപിറൂണ്‍ ചുഴലിക്കാറ്റും ഈ മേഖലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
കേരളത്തിലെ മഴ സാധ്യത
കേരളത്തില്‍ മുകളില്‍ പറഞ്ഞ കാലാവസ്ഥാ മാറ്റം അതിശക്തമായ മഴ നല്‍കില്ല. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരും. അതോടൊപ്പം നേരത്തെ സൂചിപ്പിച്ച ശക്തമായ കാറ്റും പ്രതീക്ഷിക്കണം. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ കുറഞ്ഞു നില്‍ക്കും.
മാട്ടുപ്പെട്ടി ഡാം തുറന്നു
അതേസമയം, വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ട ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. 10 സെ.മി ആണ് ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. മുതിര പുഴയാറിന്റെ ഇരുകരകളിലും ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page