weather today 22/02/24 : ഞായര്‍ വരെ കേരളത്തില്‍ ചൂട് കുറയും, തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ ചൂടുകൂടും
കേരളത്തില്‍ ചൂട് കുറഞ്ഞു തുടങ്ങുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് metbeatnews.com റിപ്പോര്‍ട്ടുകളില്‍ വരാനിരിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥാ സൂചന നല്‍കിയിരുന്നു. ജനുവരി അവസാനം മുതല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് കേരളം പുറത്തായി.
തമിഴ്‌നാട്ടിലും ആന്ധ്രയിലും ചൂട് കൂടും
കേരളത്തില്‍ നിന്ന് ചൂട് ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. കാറ്റിന്റെ ഗതിയിലെ വ്യതിയാനം മൂലമാണിത്. കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെട്ട സമയത്തും തമിഴ്‌നാട് ഉള്‍പ്പെടെ ചൂട് താരതമ്യേന കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തുന്നത് ആന്ധ്രാപ്രദേശിലാണ്. ജനുവരി അവസാനം കണ്ണൂരും പിന്നീട് പുനലൂരുമായിരുന്നു രാജ്യത്തെ ഏറ്റവും താപനില രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇന്നലെ ആന്ധ്രാപ്രദേശിലെ കടപ്പയില്‍ 38.4 ഡിഗ്രി താപനില രേഖപ്പെടുത്തി. അതേസമയം കേരളത്തിലെ പുനലൂരില്‍ രേഖപ്പെടുത്തിയത് 37.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്നു മുതല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലും താപനില ഉയരും. കേരളത്തില്‍ 37 ഡിഗ്രി റെയിഞ്ചിലാണ് ഇന്ന് താപനില പ്രതീക്ഷിക്കേണ്ടതെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം.
തമിഴ്‌നാട്ടില്‍ ചൂട് കൂടും
ഇന്നു മുതല്‍ തമിഴ്‌നാട്ടില്‍ താപനില 40 ഡിഗ്രിവരെ പ്രതീക്ഷിക്കാം. തിരുനെല്‍വേലി, മധുരൈ, തിരുപ്പത്തൂര്‍ മേഖലയിലയിലാകും താപനില ഉയരുക. സേലം, ഈറോഡ്, തിരുപ്പൂര്‍, അവിനാശി എന്നിവിടങ്ങളിലും താപനില ഉയരും. ചെന്നൈ, പുതുച്ചേരി, കടലൂര്‍, തൂത്തുക്കുടി തീരദേശ ബെല്‍റ്റില്‍ താപനില 30 നും 34 നും ഇടയിലായി തുടരും. കടലില്‍ നിന്ന് കാറ്റ് തീരത്തുകൂടി പ്രവേശിക്കുന്നതു മൂലമാണിത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിന്റെ തീരദേശത്തും ചൂട് സമാന അളവില്‍ കുറയാനാണ് സാധ്യത.
വെള്ളിയാഴ്ച തമിഴ്‌നാട്ടിന്റെ ഉള്‍നാടന്‍ മേഖലയില്‍ കൂടിയ താപനില കൂടുതല്‍ പ്രദേശങ്ങിലേക്ക് വ്യാപിക്കും. നേരത്തെ സൂചിപ്പിച്ച പ്രദേശങ്ങള്‍ക്കും അവയുടെ പരിസരത്തും ചൂട് വ്യാപിക്കും. കരൂര്‍ മേഖലയിലും ചൂട് കൂടും.
ശനിയാഴ്ച കേരളത്തിലും തമിഴ്‌നാട്ടിലും ഏതാണ്ട് ഒരേ താപനിലയിലേക്ക് മാറാനാണ് സാധ്യത. തമിഴ്‌നാട്ടിലെ കൂടിയ ചൂടിന് ശനിയാഴ്ച കുറവുണ്ടാകും.
എന്നാല്‍ ഞായറാഴ്ച പാലക്കാട് ജില്ലയില്‍ ചൂട് കൂടും. തമിഴ്‌നാട്ടിലും കേരളത്തിന്റെ മറ്റുഭാഗങ്ങളിലും ചൂടിന് ഞായറാഴ്ചയും ആശ്വാസമുണ്ടാകും. അതേസമയം തിങ്കളാഴ്ച കേരളത്തില്‍ വീണ്ടും ചൂടു കൂടാനാണ് സാധ്യത.