വയനാട് റെഡ് അലർട്ട്; നദികളിൽ ജലനിരപ്പ് ഉയരുന്നു
കേരളത്തിൽ മഴ തുടരും. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു imd. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ്. തെക്കൻ കേരളത്തില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട് . എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടും ഉണ്ട് . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.
പെട്ടെന്നുള്ള കനത്ത മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ മലയോരമേഖലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട് . മലവെള്ളപ്പാച്ചിൽ അടക്കം ജാഗ്രത വേണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. കേരള തീരത്ത് പടിഞ്ഞാറൻ/വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതേസമയം മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നത് അനുസരിച്ച് അടുത്ത 48 മണിക്കൂറോടെ കേരളത്തിൽ മഴ കുറയും. ശനിയാഴ്ചയോടുകൂടി ചെറിയതോതിൽ വെയിൽ കിട്ടി തുടങ്ങും.
അതേസമയം കേരളത്തിലെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പത്തനംതിട്ടയിലെ മണിമല നദിയിൽ കല്ലൂപ്പാറ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അച്ചൻകോവിൽ തുമ്പമൺ, മണിമല പുല്ലാക്കയർ, തൊടുപുഴ മണക്കാട് സ്റ്റേഷനുകളിൽ യെല്ലോ അലർട്ട് ആണ്. കരുവന്നൂർ പാലകടവ് സ്റ്റേഷൻ, ഗായത്രി കൊണ്ടാഴി സ്റ്റേഷനിലും യെല്ലോ അലർട്ട് ആണ് .
വയനാട് റെഡ് അലർട്ട്; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 18) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.
മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‍സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ . വയനാട്ടില്‍ ഇന്ന് റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് . നാളെയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. നിലവില്‍ സംസ്ഥാനത്ത് വയനാട്ടില്‍ മാത്രമാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി .
11 ദുരിതാശ്വാസ ക്യാമ്പുകളിലായി 332 പേര്‍
വയനാട്ടിൽ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും 123 പുരുഷന്‍മാരും 72 കുട്ടികളും ഉള്‍പ്പെടെ 332 പേരാണ് 11 ക്യാമ്പുകളില്‍ ഉള്ളത്. ഇവര്‍ക്കു പുറമേ 89 പേര്‍ ബന്ധുവീട്ടിൽ താമസിക്കുന്നവരും ഉണ്ട്. മഴയിലും കാറ്റിലും
28 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു പോയി. 25 ഏക്കർ കൃഷി ഭൂമിയിൽ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതർ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ ഹൈസ്‌കൂള്‍, മുത്തങ്ങ ജി.എല്‍.പി.സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ അങ്കണവാടി, കല്ലിന്‍കര ഗവ യു .പി സ്‌കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും വൈത്തിരി താലൂക്കിലെ പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂള്‍, തരിയോട് ജി.എല്‍.പി സ്‌കൂളിലും മാനന്തവാടി താലൂക്കിലെ ജി.എച്ച്.എസ്.എസ് പനമരം, അമൃത വിദ്യാലയം എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page