Wayanad landslide update 01/08/24: ബെയിലി പാലം നിര്‍മാണം പൂര്‍ത്തിയായി, ബല പരിശോധന വിജയകരം

Wayanad landslide update 01/08/24: ബെയിലി പാലം നിര്‍മാണം പൂര്‍ത്തിയായി, ബല പരിശോധന വിജയകരം

വയനാട് ചൂരല്‍മലയില്‍ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂർത്തീകരിച്ചു. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിർമ്മാണം നടത്തിയത് . ബെയ്‌ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയർന്നിട്ടുണ്ട്. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു. 240 പേരെ ഇപ്പോഴും കാണാനില്ല. മുണ്ടക്കൈയിൽ തകർന്ന വീടുകളുടെ ഉള്ളിലും മണ്ണിന് അടിയിലുമായി ഇവർ അകപ്പെട്ടിരിക്കാം എന്ന സംശയത്തിൽ തെരച്ചിൽ തുടരുന്നുണ്ട്. വലിയ യന്ത്രങ്ങൾ എത്തിച്ചാൽ മാത്രമേ പൂർണതോതിൽ തെരച്ചിൽ സാധ്യമാക്കാൻ കഴിയൂ . പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവർത്തകർക്ക് എത്താൻ ആവാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

മുഖ്യമന്ത്രി ചൂരൽമലയിലെത്തി

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി . വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിൽ എത്തിയത്. ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദർശിക്കുകയും ചെയ്തു . പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം വിലയിരുത്തി.

വൈകുന്നേരത്തോടെ പാലത്തിന്‍റെ നിര്‍മാണം പൂർത്തിയാകുമെന്ന് സൈന്യം . ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനായാണ് ബെയിലി പാലം നിര്‍മിക്കുന്നത്. ദുരന്ത ഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെങ്കില്‍ പാലം നിര്‍മാണം പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ് . മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും സന്ദർശനം നടത്തി. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി എത്തിയത്. സൈന്യം നിര്‍മിച്ച താല്‍ക്കാലിക നടപ്പാലമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല. ബെയിലി പാല നിര്‍മാണം കണ്ടശേഷം ദുരന്തഭൂമിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദർശിച്ചു.

ശാസ്ത്രജ്ഞർക്ക് വിലക്ക്; മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കരുതെന്നും സർക്കാർ

വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക് ഏർപ്പെടുത്തി . സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം . സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിൽ പറയുന്നത്.

സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ ഫീല്‍ഡ് വിസിറ്റിനോ പോകരുതെന്നാണ് ഉത്തരവ്. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു .

ഭാവിയില്‍  പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ദുരന്ത നിവാരണ പ്രിന്‍സപ്പല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നൽകിയിട്ടുള്ളത്.

അകമലയിൽ നിന്ന് 2 മണിക്കൂറിനുള്ളില്‍ വീടൊഴിയാന്‍ നിര്‍ദേശിച്ചിട്ടില്ല; വ്യാജ വാർത്തയെന്ന് കലക്ടർ

അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍. ജൂലൈ 31ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല-മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും, 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറുകയും ചെയ്തിട്ടുണ്ട്.

ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഭൂജലവകുപ്പ് തുടങ്ങിയവര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തോട് സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവർ സ്ഥലം സന്ദർശിച്ചിട്ടുണ്ട് . മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിത്താമസിപ്പിക്കണമെന്നും വിദഗ്ധസംഘം അറിയിച്ചതായി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പരിസര പ്രദേശങ്ങളിലായി ഏകദേശം എട്ട് കുടുംബങ്ങള്‍ താമസിക്കുന്നു . ഇവരെ മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കേരളത്തിലുള്ള യുഎഇ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

കേരളത്തിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലുള്ള യുഎഇ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ യുഎഇ നയതന്ത്രകാര്യാലയം . താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും സന്ദർശിക്കാൻ കേരളത്തിലേക്ക് പോയ യുഎഇ പൗരന്മാർ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം പറഞ്ഞു. കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും എന്ന മുന്നറിയിപ്പാണ് ഉള്ളത്. കേരളത്തിലുള്ള യുഎഇ കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമത്തിലൂടെയാണ് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .

അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കുക. ദുബായിൽ സ്കൂൾ വെക്കേഷൻ സമയമായതിനാൽ പൗരൻമാർ എല്ലാവരും യാത്രയിലാണ്. ഉയർന്ന സ്ഥലങ്ങളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും കാണാൻ വേണ്ടി ഈ സമയങ്ങളിൽ പലരും യാത്ര പോകാറുണ്ട്. കേരളത്തിലേക്ക് യാത്രക്കായി എത്തിയവർ ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.

 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അ‍ഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് കാസർകോട് കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ അടക്കം അവധി ബാധകമാണ്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment