റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ട, ഓറഞ്ച് അലര്‍ട്ടില്‍ തന്നെ സജ്ജരാകണമെന്ന് ഐ.എം.ഡി മേധാവി

റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ട, ഓറഞ്ച് അലര്‍ട്ടില്‍ തന്നെ സജ്ജരാകണമെന്ന് ഐ.എം.ഡി മേധാവി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ചു മുന്‍കൂര്‍ മുന്നറിയിപ്പിൽ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ഡയരക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര. മുന്നറിയിപ്പിനെ ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായ പഴിചാരലിനു പിന്നാലെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി വിശദീകരണവുമായി എത്തിയത്.

ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്കു സജ്ജമായിരിക്കാനുള്ള മുന്നറിയിപ്പാണെന്നും റെഡ് അലര്‍ട്ടിന് വേണ്ടി കാത്തിരിക്കേണ്ട കാര്യമില്ലെന്നും മഹാപാത്ര വെർച്ച്വൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 1 വരെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തും മധ്യഭാഗത്തും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. ജൂലൈ 25നാണ് ഇത് സംബന്ധിച്ചു പ്രവചിച്ചനം പുറത്ത് വിട്ടത്.

ജൂലൈ 25നു യെലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അതു ജൂലൈ 29 വരെ തുടര്‍ന്നു. 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 30 അതിരാവിലെ 20 സെ.മി വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് നൽകുന്നത് നടപടികള്‍ക്കു സജ്ജരായിരിക്കാനുള്ള മുന്നറിയിപ്പിന്റെ ഭാഗമായാണ്. റെഡ് അലര്‍ട്ടിന് വേണ്ടി ആരും കാത്തിരിക്കരുതെന്നും മഹാപാത്ര പറഞ്ഞു. കേരളത്തിനു മുന്‍കൂര്‍ മുന്നറിയിപ്പു നല്‍കിയിരുന്നോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കനത്ത മഴയെ തുടർന്ന് വയനാട്ടില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന കേന്ദ്ര മുന്നറിയിപ്പ് കേരളസര്‍ക്കാര്‍ കാര്യമായെടുത്തില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ലോക്സഭയിൽ പറഞ്ഞതാണ് വിവാദത്തിനു തുടക്കമിട്ടത്. തുടര്‍ച്ചയായി മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലര്‍ട്ട് മാത്രമാണു വയനാട്ടില്‍ പ്രഖ്യാപിച്ചിരുന്നതെന്നും 48 മണിക്കൂറിനുള്ളില്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നതിനേക്കാള്‍ അധികമായി 572 എം.എം മഴ ജില്ലയില്‍ പെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതോടെ രാഷ്ട്രീയ വിവാദത്തിന് ചൂടുപിടിച്ചു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (GSI) ജൂലൈ 29 ന് രണ്ടു മണിക്കു മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പില്‍ 30, 31 തീയതികളില്‍ ഗ്രീൻ അലര്‍ട്ടാണ് നല്‍കിയിരുന്നതെന്നാണു മുഖ്യമന്ത്രി പറയുന്നത്. ചിലയിടങ്ങളില്‍ ചെറിയ മണ്ണിടിച്ചിലിനു സാധ്യത എന്നാണ് ഇതിനര്‍ഥമെന്നും അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍ കേന്ദ്ര കാലാവസ്ഥാ ഏജന്‍സികളുടെ കേരളഘടകങ്ങളെയും പ്രതിസന്ധിയിലാക്കി. ജൂലൈ 29, 30 തീയതികളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നതു സംബന്ധിച്ചു പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ലന്ന് വ്യക്തമായി.

അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ചു. ഇതിനു ശേഷമാണ് കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ പാളിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വയനാട്ടില്‍ 3 മഴ നിരീക്ഷണ കേന്ദ്രങ്ങളും ഏഴ് ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളും (AWS) മൂന്ന് ഓട്ടമാറ്റിക് റെയിന്‍ ഗേജ് (ARG) സ്‌റ്റേഷനുകളുമാണുള്ളത്. ഇതിനു പുറമേ വയനാട്ടിലെ ഉള്‍പ്പെടെ കാലാവസ്ഥാ വിവരങ്ങള്‍ തല്‍സമയം നല്‍കാന്‍ കഴിയുന്ന ഡോപ്ലർ റഡാര്‍ സംവിധാനം കൊച്ചിയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

മഴ മൂലം ഉണ്ടാകുന്ന മണ്ണിടിച്ചില്‍ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അടുത്തിടെയാണ് സ്ഥാപിച്ചതെന്നും ട്രയല്‍ റണ്‍ ആണ് നടക്കുന്നതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ചും വിമർശനമുയർന്ന സാഹചര്യത്തിലാണ് വിശദീകരണം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment