ദുരന്തസ്ഥലം സന്ദർശിക്കരുത്; മാധ്യമങ്ങളോട് മിണ്ടരുത്, ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് സർക്കാർ വിലക്ക്, തിരുത്തി മുഖ്യമന്ത്രി

ദുരന്തസ്ഥലം സന്ദർശിക്കരുത്; മാധ്യമങ്ങളോട് മിണ്ടരുത്, ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് സർക്കാർ വിലക്ക്, തിരുത്തി മുഖ്യമന്ത്രി

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈ സംസ്ഥാന സർക്കാരിനു കീഴിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധർ സന്ദർശിക്കരുതെന്നും നേരത്തെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും സർക്കാർ നിർദ്ദേശം. വാർത്ത വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടു. നിർദ്ദേശം പിൻവലിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പിന്നാലെ ഉത്തരവ് ഇറക്കിയ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി.

സ്റ്റേറ്റ് റിലീഫ് കമ്മീഷണർ കൂടിയായ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ആണ് രേഖാമൂലം കുറിപ്പ് ഇറക്കിയത്. സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി.സുധീറിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രഫ. സുധീറാണ്.

സംസ്ഥാനത്തെ എല്ലാ ശാസ്ത്ര സാങ്കേതിക സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും മറ്റും മേപ്പാടിയിലെ ദുരന്ത സ്ഥലം സന്ദർശിക്കരുതെന്ന് കുറിപ്പിൽ പറയുന്നു.

വയനാട് ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനാൽ ആണിതെന്നാണ് വിശദീകരണം. ശാസ്ത്ര സമൂഹം അവരുടെ പഠനങ്ങളും മറ്റും സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്. ഇനി ഏതെങ്കിലും പഠനങ്ങൾ ദുരന്ത മേഖലയുമായി ബന്ധപ്പെട്ട് നൽകാൻ ഉദേശിക്കുന്നുവെങ്കിൽ അതിന് ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണമെന്നും കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സ്ഥാപനങ്ങൾ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം (ഐ.സി.സി.എസ്), തിരുവനന്തപുരത്തുള്ള ദേശീയ ഗതാഗത ആസൂത്രണ കേന്ദ്രം (നാറ്റ്പാക്), പീച്ചിയിലുള്ള കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്ആർ.ഐ), കോട്ടയം പാമ്പാടിയിലുള്ള ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ്, കോഴിക്കോട് കുന്ദമംഗലത്തെ സെന്റര്‍ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM), കോഴിക്കോട് കുന്ദമംഗലം CWRDM ന് സമീപത്തെ കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, കോഴിക്കോടുള്ള മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ്, തിരുവനന്തപുരം പാലോടുള്ള ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്‍ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയാണ് കൗൺസിലിന്റെ കീഴിലുള്ളത്.

ദുരന്തത്തിന് കാരണമായവയെക്കുറിച്ചും മറ്റുമുള്ള ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടാണ് ഈ വിലക്ക് എന്നാണ് ശാസ്ത്രസമൂഹത്തിനുള്ളിൽ തന്നെ ഉയർന്നിട്ടുള്ള വിമർശനം. ദുരന്ത മേഖലകളിൽ റോഡുകൾ തകരുകയും മറ്റും ചെയ്യുമ്പോൾ ഇതിന്റെ വിവരങ്ങൾ ശേഖരിക്കുകയും അതു മുന്നോട്ടുള്ള റോഡ് വികസനത്തിലടക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരാണ് നാറ്റ്പാക് പോലുള്ള സ്ഥാപനങ്ങൾ. അതുപോലെ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ അടക്കമുള്ള ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും ദുരന്ത മേഖലകളിൽ ഒട്ടേറെ വിവരങ്ങൾ ശേഖരിക്കാനുണ്ട്. എന്നാൽ‍ ഇതിനെല്ലാം തടയിടാനുള്ള ശ്രമമാണു സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും അവർ ആരോപിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞരെയും മറ്റു വിദഗ്ധരെയും ഉദ്ധരിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിലക്ക് അനാവശ്യമാണെന്നും ഏതൊരു ദുരന്തത്തെക്കുറിച്ചും ശാസ്ത്രജ്ഞർക്ക് പഠിക്കേണ്ടത് അത്യാവശ്യമാണെന്നും മുരളി തുമ്മാരുകൂടി ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

ശാസ്ത്രജ്ഞർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പികക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.” മുഖ്യമന്ത്രി അറിയിച്ചു.

Metbeat News

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment