കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി വയനാട് മാറുന്നു; മരണസംഖ്യ കുതിച്ചുയരുന്നു

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി വയനാട് മാറുന്നു; മരണസംഖ്യ കുതിച്ചുയരുന്നു

വയനാട് ഇന്നലെ ഉണ്ടായ ഉരുൾപൊട്ടൽ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാരണം ഓരോ അഞ്ചു മിനിറ്റ് കൂടുംതോറും മരണസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണസംഖ്യ 100 കവിഞ്ഞു. 118 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. 98 പേരെ കാണാതായി. പ്രദേശത്ത് ഇപ്പോഴും തുടരുന്ന മഴയും, മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിക്കുന്നുണ്ട്. അട്ടമലയിൽ ഒട്ടേറെ പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ആയിരത്തിലധികം ആളുകൾ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ദുരന്തമേഖലയായ മുണ്ടക്കെയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. മുണ്ടക്കൈ പ്രദേശത്തെ വിവിധ റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഇപ്പോൾ രക്ഷപ്പെടുത്തുകയാണ്. നിലവിൽ വയനാട്ടിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യമന്ത്രി. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം ജനവാസ മേഖല അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരന്തമാണിത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലത്തെ വൈദ്യുതി ബന്ധം പൂർണമായും തകർന്നു. രണ്ട് ട്രാൻസ്ഫോർമറുകൾ ഒലിച്ചുപോയി

photo: manorama online

മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മേപ്പാടി താലൂക്ക് ആശുപത്രിയിൽ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേതാകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 82 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്. മേപ്പാടി ആശുപത്രിയിൽ 27 പേരും കല്‍പ്പറ്റ ജനറൽ ആശുപത്രിയിൽ 13 പേരും ചികിത്സയിലുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.

ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരൻ, കൗസല്യ, വാസു, അ‍‍യിഷ, ആമിന, ജഗദീഷ്, അനസ്, അഫ്സിയ സക്കീർ, നഫീസ (60), ജമീല (65), ഭാസ്കരൻ (62), സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ ഉള്‍പ്പെടും. ഇതില്‍ സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ കുട്ടികളാണ്.
പരിക്കേറ്റ നൂറിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം

മലയോരമേഖലകൾ, ചുരം വഴിയുള്ള യാത്രകൾ എന്നിവ നിരോധിച്ചു. കോഴിക്കോട് ജില്ലയിൽ താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ.

ബീച്ചുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ദുഃഖാചരണം ; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും (30/7/24, 31/7/24) സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 

വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായാണു സ്പെഷ്യല്‍ ഓഫിസറെ നിയോഗിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment