വേമ്പനാട്ടുകായലും കുട്ടനാടും, ചരിത്രവും വർത്തമാനവും

വേമ്പനാട്ടുകായലും കുട്ടനാടും, ചരിത്രവും വർത്തമാനവും

പള്ളിക്കോണം രാജീവ്

ഇന്ത്യയിലെ തന്നെ ഏറെ സവിശേഷതകളോടു കൂടിയ വലിയ ജലാശയമാണ് വേമ്പനാട്ടുകായൽ. കൊച്ചി അഴിമുഖത്ത് വച്ച് അറബിക്കടലുമായി സമ്പർക്കത്തിലേർപ്പെടുന്ന വേമ്പനാട്ടുകായൽ ഏകദേശം 229 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളെ സ്പർശിച്ച് കിടക്കുന്നു. 112 ച.കിലോമീറ്റർ അവശേഷിക്കുന്ന ജലാശയവും 117 ച.കിലോമീറ്റർ കുത്തിയെടുത്ത കായൽ നിലവുമാണ്. പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുക്കുന്ന ആറ് നദികൾ വേമ്പനാട്ടുകായലിനെ ജലസമൃദ്ധമാക്കുന്നു. കായലിൻ്റെ ഓരോ ഭാഗങ്ങൾക്കും ഓരോ പേരുകളാണ് ഉള്ളത് കായലിൻ്റെ വടക്കുഭാഗം കൊച്ചിക്കായലെന്ന് അറിയപ്പെടുന്നു.

കൊച്ചി തുറമുഖം കായലിൻ്റെ ഈ ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെരിയാറിൻ്റെ കൈവഴിയായ വരാപ്പുഴ നദി ഇവിടെ വന്നുചേരുന്നു. ഇതിനും തെക്കുഭാഗം കൈതപ്പുഴക്കായലെന്നും തുടർന്നുവരുന്ന ഭാഗത്തെ വൈക്കം കായലെന്നും പ്രാദേശികമായി വിളിക്കുന്നു. ഇവിടെ മൂവാറ്റുപുഴ നദി വന്നുചേരുന്നു.

വേമ്പനാട്ടു കായൽ

വേമ്പനാട്ടുകായലിനെ രണ്ടായി ഭാഗിക്കുന്ന വിധത്തിൽ കിഴക്കേ കരയിലെ വെച്ചൂരിനെയും പടിഞ്ഞാറേ കരയിലെ തണ്ണീർമുക്കത്തെയും തമ്മിൽ ബന്ധിപ്പിച്ച് 1976 ൽ നിർമ്മിച്ച തണ്ണീർമുക്കം ബണ്ട് കാർഷികപ്രാധാന്യമുള്ള കായലിൻ്റെ തെക്കൻ ഭാഗത്തേക്ക് ഉപ്പുവെള്ളം കലരാതിരിക്കാൻ സഹായിക്കുന്നു. തെക്കുഭാഗത്ത് കായലിൻ്റെ ഓരോ ഭാഗത്ത് വിവിധ പേരുകളുണ്ട്. ആലപ്പുഴയ്ക്ക് സമീപം പുന്നമടക്കായലും കോട്ടയത്ത് പഴുക്കാനില കായലെന്നും വേമ്പനാട്ടുകായലിൻ്റെ അതതു ഭാഗങ്ങളെ വിളിക്കുന്നു.

തണ്ണീർമുക്കം ബണ്ടിന് തെക്കുഭാഗത്ത് കായലിൻ്റെ ഇരുകരകളിലും കോട്ടയം, ആലപ്പുഴ ജില്ലകൾ അതിരുതീർക്കുന്നു. കായലിലേക്ക് നദികൾ വന്നുചേരുന്ന ഫലപൂയിഷ്ടമായ ഈ പ്രദേശമാണ് കുട്ടനാട്. ഭൂമിശാസ്ത്രപരമായി കുട്ടനാടിനെ വടക്കുനിന്ന് യഥാക്രമം വൈക്കം കരി, വടക്കൻ കുട്ടനാട്, കായൽ നിലങ്ങൾ, ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്, പുറക്കാട് കരി എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ലോവർ കുട്ടനാടും അപ്പർ കുട്ടനാടും ഏതാനും കായൽ നിലങ്ങളും ചേർന്നതാണ് കുട്ടനാട് താലൂക്ക്.

സവിശേഷമായ ജൈവവൈവിധ്യമാണ് വേമ്പനാട്ടുകായലിൻ്റെയും കുട്ടനാടിൻ്റെയും പ്രത്യേകത. തീരങ്ങളിൽ കണ്ടൽവനങ്ങളും അപൂർവ്വസസ്യങ്ങളും വളരുന്നു. ദേശാടനപ്പക്ഷികൾ ചേക്കേറുന്ന കുമരകംപോലെ നിരവധി പക്ഷി ആവാസ കേന്ദ്രങ്ങൾ കാണപ്പെടുന്നു 10 ഏക്കറോളം വിസ്തൃതിയുള്ള പാതിരാമണൽ ദ്വീപുൾപ്പെടെ പത്തോളം ചെറുദ്വീപുകൾ കായലിൻ്റെ ഉള്ളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.

കായലിൻ്റെ അടിത്തട്ട് നദികൾ നിക്ഷേപിച്ച എക്കൽമണ്ണ് നിറഞ്ഞതാണെങ്കിലും കായൽജീവിയായ കക്കകളുടെ അധിവാസം മൂലം കക്കയുടെ പുറന്തോടുകളും അടിഞ്ഞുകൂടിയിട്ടുണ്ട്. കടൽമത്സ്യങ്ങളിൽ നിന്നും പുഴമത്സ്യങ്ങളിൽനിന്നും വ്യത്യസ്തമായ ഇനങ്ങളിലുള്ള കായൽ മത്സ്യങ്ങളും വേമ്പനാട്ടുകായലിൻ്റെ പ്രത്യേകതയാണ്.

വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ട്

മീനച്ചിലാർ, മണിമലയാർ പമ്പയാർ, അച്ചൻകോവിലാർ എന്നീ നദികളാണ് കുട്ടനാട്ടിൽ വച്ച് വേമ്പനാട്ടുകായലിൽ ചേരുന്നത്. അച്ചൻകോവിലാറും പമ്പയും മണിമലയാറും കുട്ടനാട്ടിലെത്തുമ്പോൾ നിരവധി കൈവഴികൾ കൊണ്ട് ബന്ധിപ്പിക്കപ്പെട്ട് കായലിലെ പതനസ്ഥാനങ്ങളിൽ എത്തിച്ചേരുന്നു. പമ്പയുടെയും അച്ചൻകോവിലാറിൻ്റെയും പൊതുവായ ഒരു കൈവഴി കായലിൽ ചേരാതെ പടിഞ്ഞാറോട്ട് ഒഴുകി തോട്ടപ്പള്ളി സ്പിൽവേ കടന്ന് അറബിക്കടലിൽ ചേരുന്നുണ്ട്.

ഈ നദികൾ കാലാകാലങ്ങളായി നിക്ഷേപിക്കുന്ന എക്കലടിഞ്ഞാണ് കുട്ടനാട്ടിലെ കാർഷികഭൂമി രൂപപ്പെട്ടിരിക്കുന്നത്. ഈ നദികളിലെ വർഷകാലത്തെ വലിയ വെള്ളപ്പൊക്കങ്ങൾ നിയന്ത്രിക്കപ്പെടുന്നത് അധികമായ കായലിലെ ജലം കടലിലേക്ക് തള്ളുന്നതിൻ്റെ അളവിനെ ആശ്രയിച്ചാണ്.

വേമ്പനാട്ടുകായലും കുട്ടനാടും രൂപപ്പെട്ടതിൻ്റെ ചരിത്രം

CE-3ാം നൂറ്റാണ്ടിന് മുമ്പ് ഇന്നത്തെ വേമ്പനാട്ടുകായൽ അറബിക്കടലിലേക്ക് തുറന്നു കിടന്നിരുന്ന ഉൾക്കടലായിരുന്നു എന്നതിന് അക്കാലത്തെ റോമൻ ഗ്രന്ഥങ്ങളായ പ്ലിനി ദി എൽഡർ രചിച്ച നാച്ചുറൽ ഹിസ്റ്ററി, ക്ലോഡിയസ് ടോളമിയുടെ ജിയോഗ്രഫിയ, കപ്പൽ സഞ്ചാരികളുടെ കൈപ്പുസ്തകമായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ എന്നിവ സാക്ഷ്യപ്പെടുത്തുന്നു. വേമ്പനാട്ടുകായലിനെയും അറബിക്കടലിനെയും വേർതിരിച്ച് ആലപ്പുഴ മുതൽ അരൂക്കുറ്റി വരെ നീണ്ടുകിടക്കുന്ന കരപ്പുറം അക്കാലത്ത് രൂപം പ്രാപിച്ചിരുന്നതായി കരുതാനാവില്ല.

ആഴം കുറഞ്ഞ ഉൾക്കടലിൽ അങ്ങിങ്ങായി വിന്യസിക്കപ്പെട്ടിരുന്ന തുരുത്തുകൾ പിൽക്കാലങ്ങളിലെ പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി എക്കലടിഞ്ഞും കടൽ മാറിയും ഒരൊറ്റ കരഭൂമിയായി മാറിയതോടെ സമുദ്രവുമായി നേരിട്ട് ബന്ധമറ്റ് കായൽ രൂപപ്പെട്ടതായിരിക്കാമെന്ന് ഭൗമശാസ്ത്രവിദഗ്ധരും ചരിത്രകാരന്മാരും അനുമാനിക്കുന്നു. കൊച്ചിക്കായലിന് അഴിമുഖത്ത് കടലുമായി ബന്ധമുണ്ടായിരുന്നതുപോലെ കരപ്പുറത്തിന് കുറുകെ നിരവധി തോടുകൾ കൊണ്ട് പിൽക്കാലത്തും കായലിന് കടലുമായി സമ്പർക്കമുണ്ടായിരുന്നു.

ഉൾക്കടലായിരുന്ന കാലത്ത് കിഴക്കുള്ള പ്രധാന കരയിൽ നദികൾ വന്നുചേരുന്ന പതനസ്ഥാനങ്ങളിൽ സുഗന്ധവ്യഞ്ജനവ്യാപാരം നടക്കുന്ന തുറമുഖങ്ങൾ ഉണ്ടായിരുന്നു. മൂവാറ്റുപുഴ നദി പതിക്കുന്ന സ്ഥാനത്തെ സെമ്നെ, മീനച്ചിലാർ പതിക്കുന്ന സ്ഥാനത്തെ കൊരൈയൂർ, പമ്പയും മണിമലയാറും പതിക്കുന്ന സ്ഥാനത്തെ നെൽക്കിണ്ട എന്നീ തുറമുഖങ്ങളെ കുറിച്ച് മേൽപ്പറഞ്ഞ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു.

ആഴം കുറഞ്ഞ ഉൾക്കടലിൽ കൂടി പായ കെട്ടിയ ചരക്കുകപ്പലുകൾക്ക് കയറിവരുന്നതിന് ആഴം കൂട്ടിയ കപ്പൽച്ചാലുകൾ രൂപപ്പെട്ടിരുന്നു. ഈ ഉൾക്കടലിൽ വിന്യസിക്കപ്പെട്ടിരുന്ന തുരുത്തുകൾ കൂടാതെ വിശാലമായ കണ്ടൽവനങ്ങളും ഉണ്ടായിരുന്നതിൻ്റെ തെളിവുകളും ലഭ്യമായിട്ടുണ്ട്.

വേമ്പനാട്ടുകായൽ രൂപപ്പെട്ടതോടെ മേൽപ്പറഞ്ഞ നദീമുഖങ്ങളിലെ തുറമുഖങ്ങൾ അപ്രസക്തമാക്കുകയും സമൂദ്രതീരത്തെ പുറക്കാട് തുറമുഖം വികസിക്കുകയും പതിനാലാം നൂറ്റാണ്ടോടെ കൊച്ചി ഒരു പുതിയ തുറമുഖമായി രൂപപ്പെടുകയും ചെയ്തു.

മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും CE1341 ലുമുണ്ടായ വമ്പിച്ച പ്രകൃതിക്ഷോഭങ്ങളുടെയും പ്രളയങ്ങളുടെയും തുടർച്ചയായി ഉണ്ടാകാറുള്ള വെള്ളപ്പൊക്കങ്ങളുടെയും ഫലമായി കായലിൻ്റെ വിശാലമായ തെക്കൻ പ്രദേശങ്ങളിൽ എക്കൽ മണ്ണിടിഞ്ഞാണ് കുട്ടനാടൻ കാർഷികഭൂമി രൂപപ്പെടുന്നത്.

പ്രധാന കരഭൂമിയോട് ചേർന്നുകിടക്കുന്ന തരിശുകൾ തെളിച്ച് നെൽകൃഷി ആരംഭിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ചു എന്നതിന് തിരുവല്ലാ ചെമ്പോലകളിൽ ചാത്തങ്കരിയിലെ നെൽകൃഷിയെ കുറിച്ച് പരാമർശിക്കുന്നതിൽ നിന്ന് മനസിലാക്കാം. പമ്പയും അച്ചൻകോവിലാറും ഒഴുകിയെത്തുന്ന താരതമ്യേന ഉയർന്ന പ്രദേശങ്ങളിലാണ് ആദ്യകാലത്ത് കൃഷി ആരംഭിക്കുന്നത്.

അപ്പർ കുട്ടനാട് എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലാണ് കരി തെളിച്ചുള്ള കൃഷി ആരംഭിക്കുന്നത്. തരിശായി കിടന്നിരുന്ന എക്കൽ നിക്ഷേപത്തിൻ്റെ ഉപരിതലത്തിലെ ചേറും കരിമണ്ണും നീക്കം ചെയ്ത് വരമ്പ് നിർമ്മിച്ച് കൃഷിനിലം ഒരുക്കുകയും ചവിട്ടിക്കറക്കി വെള്ളത്തെ കൃഷിയിടത്തിലെത്തിക്കുന്ന ചക്രങ്ങൾ ഉപയോഗിച്ച് ജലസേചനം നടത്തിയുമാണ് കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് തുടക്കം കുറിച്ചത്.

നെൽകൃഷിക്ക് ഭരണാധികാരികളായിരുന്ന നാടുവാഴികളും ഭൂവുടമസ്ഥരായിരുന്ന ബ്രാഹ്മണരും മേൽനോട്ടം നൽകി. കാർഷികവൃത്തിയിലേർപ്പെട്ട ജനവിഭാഗങ്ങൾ കൃഷിഭൂമിയോടു ചേർന്ന് ഉചിതമായ സ്ഥലങ്ങളിൽ എക്കൽമണ്ണ് വാരി വെച്ച് തറ കുത്തുകയും പാർപ്പിടങ്ങൾ ഒരുക്കുകയും ചെയ്തു. തുടർച്ചയായ തറകൾ ചേർന്ന് കുട്ടനാട്ടിലെ കരഭൂമികൾ രൂപപ്പെട്ടു.

നദികളുടെ കൈവഴികളായ തോടുകൾ നിക്ഷേപിച്ച എക്കൽമണ്ണ് കോരിയെടുത്ത് കരകളിൽ നിരത്തിയാണ് ഉയർന്ന ഭൂമികൾ രൂപപ്പെടുത്തിയിരുന്നത്. കൃഷി സാർവർത്രികമായതോടെ പാട്ടക്കൃഷിയിൽ ഏർപ്പെടുന്നതിനായി വ്യത്യസ്ത ജനവിഭാഗങ്ങൾ കുടിയേറിപ്പാർത്തു. കൃഷിക്കാർക്ക് വിത്തിനും വളത്തിനും ആവശ്യമായ പണം കടം നൽകുന്ന പലിശക്കാരായ പരദേശി ബ്രാഹ്മണരും കുട്ടനാട്ടിൽ കുടിവച്ചു പാർത്തു.

നെല്ലരിയുടെ ഉത്പാദനം വർദ്ധിപ്പിക്കേണ്ട സാമൂഹ്യ സാഹചര്യങ്ങൾക്ക് അനുസൃതമായി മറ്റങ്ങളോട് ചേർന്ന് മൂന്നുവശത്തും വരമ്പുപിടിച്ച് ജലം നീക്കിയും ആവശ്യത്തിന് അയച്ചുവിട്ടും കൃഷി ചെയ്യുന്ന സമ്പ്രദായം വളർന്നു. ക്രമേണ ആഴം കുറഞ്ഞതും തുറന്നു കിടക്കുന്നതുമായ കായലിൽ തന്നെ കൃഷിയിടമൊരുക്കുന്ന രീതി വളർന്നുവന്നു. ലോവർ കുട്ടനാടൻ പ്രദേശങ്ങളിലാണ് ഇത് സജീവമായത്.

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം തുടങ്ങിയ കായൽ കുത്തിയെടുത്ത് കൃഷിയിടമാക്കുന്ന പ്രവർത്തനങ്ങൾ ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യം വരെയും തുടർന്നു. ജലം നിറഞ്ഞുകിടന്ന വേമ്പനാട്ടുകായലിൻ്റെ മൂന്നിൽ രണ്ടു ഭാഗവും കെട്ടുവരമ്പുകൾ കൊണ്ട് കെട്ടി സംരക്ഷിക്കുന്നതും ആയിരക്കണക്കിന് ഏക്കർ വിസ്തൃതി വരുന്നതുമായ പാടശേഖരങ്ങളായി മാറി.
.
കുട്ടനാട്ടിൽ മുമ്പേ തന്നെ രൂപപ്പെട്ട കൃഷിനിലങ്ങളിലും കുത്തിയെടുത്ത കായൽ നിലങ്ങളിലും മുൻകാലങ്ങളിൽ ഒരു വർഷത്തിൽ ഒരു കൃഷി മാത്രമേ സാധ്യമായിരുന്നുള്ളൂ. കടലിൽ നിന്നുള്ള ഉപ്പുവെള്ളം വേനൽക്കാലത്ത് കായലിലേക്ക് പരക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് അത്തരമൊരു പരിമിതിയുണ്ടായത്.

ഉപ്പുവെള്ളത്തെ ബണ്ടുകെട്ടി തടഞ്ഞു നിർത്തിയാൽ ഒരാണ്ടിൽ രണ്ടു കൃഷി സാധ്യമാകും എന്ന ചിന്തയിൽ നിന്നാണ് തണ്ണീർമുക്കം ബണ്ട് നിർമ്മിക്കാൻ കേരളസർക്കാർ തീരുമാനിച്ചതും 1976 ൽ അത് സാക്ഷാത്കരിച്ചതും. തുടർന്നുള്ള വർഷങ്ങളിൽ ഇരിപ്പൂകൃഷി മൂലം വമ്പിച്ച തോതിൽ നെല്ലരി ഉത്പാദനം വർദ്ധിച്ചിരുന്നു.

തിരിച്ചടികൾക്ക് തുടക്കം

കായലിൽ ഉപ്പുവെള്ളം കലരുന്ന സ്വാഭാവികപ്രക്രിയ തടയപ്പെട്ടതോടെ ജൈവ ആവാസവ്യവസ്ഥയിൽ പ്രതികൂലമായ മാറ്റങ്ങളുണ്ടായി. കായലിലെ മത്സ്യങ്ങളിലും മറ്റു ജീവിവർഗ്ഗങ്ങളിലും മാറ്റങ്ങളുണ്ടാവുകയും പലതും വംശനാശഭീഷണി നേരിടുകയും ചെയ്തു. കൃഷിക്ക് ദോഷകരമായ കീടങ്ങളും പ്രാണികളും പെരുകാനിടയായതോടെ അമിതമായി കീടനാശിനി ഉപയോഗിച്ചുള്ള കൃഷിരീതി കുട്ടനാട്ടിലെങ്ങും സാർവത്രികമായി. ഈ കീടനാശിനി പ്രയോഗം കായലിനെ മലിനമാക്കുകയും ജീവജാലങ്ങൾക്ക് ദോഷകരമാവുകയും ചെയ്തു.

കാർഷികരംഗത്തെ സാങ്കേതികവിദ്യയിൽ വന്ന പാളിച്ചകളും ബണ്ട് നിർമ്മാണത്തിലെ അശാസ്ത്രീയതയും മടവീഴ്ചകൾക്കും കൃഷിനാശങ്ങൾക്കും കാരണമായി. ഏറെ വിസ്തൃതിയുള്ള ആർ. ബ്ലോക്ക് ഉൾപ്പെടെ കായൽനിലങ്ങളിൽ പലതിലും കൃഷിക്കാർ കൃഷിയിൽ നിന്ന് പിൻവലിഞ്ഞു. ക്രമേണ കുട്ടനാട്ടിലെ നെൽകൃഷിയിൽ വലിയ തിരിച്ചടികൾ ഉണ്ടാവുകയും കൃഷി പരിമിതപ്പെടുകയും ചെയ്തു.

നദികളിലൂടെ ഒഴുകിയെത്തുന്ന ജലവും നഗരവത്ക്കരണത്തിൻ്റെ ഭാഗമായി മാലിന്യങ്ങൾ നിറഞ്ഞ് വലിയ തോതിൽ കായലിലേക്ക് പുറത്തള്ളി. ആലപ്പുഴയും കുമരകവും കേന്ദ്രീകരിച്ച് വിനോദസഞ്ചാരമേഖല വികാസം പ്രാപിച്ചതോടെ കായൽ തീരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് മാലിന്യങ്ങൾ കായലിലേക്ക് കലർത്തുന്നതിനെ നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയാതെ പോയി.

കൂടാതെ ഹൗസ് ബോട്ടുകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ കായലിലെ ജലത്തെ അതീവമായി മലിനപ്പെടുത്തി. ആഫ്രിക്കൻ പായൽ, കുളവാഴ തുടങ്ങിയ ജലസസ്യങ്ങൾ ഒഴുക്ക് നിലച്ച തോടുകളിലും കായലിലും തിങ്ങി നിറഞ്ഞത് ജലഗതാഗതത്തിന് തടസ്സമായിരിക്കുന്നു.

തണ്ണീർമുക്കം ബണ്ട് നിശ്ചയിച്ച കൃത്യസമയത്ത് തുറക്കാനും അടയ്ക്കാനും കഴിയാതെ പോകുന്നത് കൃഷി കലണ്ടർ കൃത്യമായി പാലിക്കാതിരുന്നതിനാലാണ്. – കായലിലെ നീരൊഴുക്ക് തടസ്സപെട്ടിരുന്നത് മലിനീകരണത്തിൻ്റെ തോത് വർദ്ധിപ്പിച്ചു.

വേമ്പനാട്ടുകായലിലേക്ക് എത്തിച്ചേരുന്ന നദികളിലെ വെള്ളപ്പൊക്കത്തിൻ്റെ തോത് ഓരോ വർഷവും കൂടിക്കൂടി വരുന്നത് കായലിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതത്തിന് വലിയ ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സമീപകാലത്തെ വെള്ളപ്പൊക്കക്കാലത്തെ ജലനിരപ്പ് മുൻകാലങ്ങളിലേതിനെക്കാൾ വലിയ തോതിൽ ഉയർന്നാണ് കാണപ്പെടുന്നത്.

മാത്രവുമല്ല നദീജലം കായലിലേക്ക് സ്വീകരിക്കപ്പെടാൻ താമസം നേരിടുന്നതിനാൽ വെള്ളപ്പൊക്കത്തിൻ്റെ ദൈർഘ്യം കൂടുതൽ ദിവസങ്ങൾ നീളുന്നുമുണ്ട്. 2018 ലെ വലിയ വെള്ളപ്പൊക്കമുണ്ടാക്കിയ ദുരിതങ്ങൾ കായലിൻ്റെ ജലസംഭരണശേഷി വലിയ തോതിൽ കുറഞ്ഞു എന്ന തിരിച്ചറിവിന് കാരണമായിട്ടുണ്ട്.

വേമ്പനാട്ടു കായലിൽ പലയിടത്തും മുൻകാലങ്ങളിൽ 30 മീറ്റർ വരെ ആഴമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ മൂന്നു മീറ്റർ വരെയായി കുറഞ്ഞിട്ടുണ്ട്. ഓരോ വെള്ളപ്പൊക്കത്തിനും നദികൾ എത്തിക്കുന്ന എക്കൽമണ്ണ് നദിയിൽ അടിഞ്ഞുകൂടി ആഴം കുറഞ്ഞത് കായലിൻ്റെ ജലസംഭരണശേഷി കുറച്ചിരിക്കുന്നു. കായൽ നിലങ്ങൾ കായലിൻ്റെ വിസ്തീർണ്ണം കുറച്ചതിന് പുറമേയാണിത്.

മുൻകാലങ്ങളിൽ നദികളിലും തോടുകളിലും അടിഞ്ഞുകൂടാറുള്ള എക്കൽമണ്ണ് വർഷം തോറും പരമ്പരാഗത കൃഷിത്തൊഴിലാളികൾ കട്ടകുത്തിയെടുത്ത് കരഭൂമി ഉയർത്താൻ ഉപയോഗിച്ചിരുന്നു. കായലിൽ നിന്നും എക്കൽവാരി മാറ്റിയിരുന്നു. മണൽ വാരൽ നിരോധനനിയമം വന്നതോടെ നദിയിൽ നിന്ന് എക്കൽമണ്ണ് പോലും നീക്കം ചെയ്യാനാവാത്ത സാഹചര്യമുണ്ടായി. കൂടാതെ കായലിലെ കട്ടകുത്തലും നിരോധിക്കപ്പെട്ടു. തൽഫലമായി എക്കൽനിക്ഷേപം അടിഞ്ഞുകൂടി കായലിൻ്റെ അടിത്തട്ട് ഉയർന്നത് സമീപ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമായി തീർത്തിരിക്കുന്നു.

നദികൾ കായലിലേക്ക് ചേരുന്ന നദീമുഖങ്ങൾ വലിയ തോതിൽ എക്കൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺകൂനകളായി കാണപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി നദികളിലും കായലിലും മനുഷ്യപ്രയത്നങ്ങൾ സർവ്വസാധാരണമായിരുന്നതിനാൽ എക്കൽ നീക്കം ചെയ്യപ്പെട്ടു കൊണ്ടിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലം കായലും നദികളും മണ്ണു നീക്കം ചെയ്യുന്നു മനുഷ്യപ്രവർത്തനങ്ങളില്ലാതെ കിടന്നതിനാലാണ് ആഴം കുറഞ്ഞതും മൺതുരുത്തുകൾ രൂപപ്പെട്ടതും.

കായലിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം ജനവാസമേഖലയായി രൂപാന്തരപ്പെട്ടതോടെ മലയിടിച്ച് എടുക്കുന്ന മണ്ണ് നിക്ഷേപിച്ച് ചതുപ്പുകളും വയലുകളും ഉയർത്തിയതും നീരൊഴുക്ക് സാധ്യമാക്കിയിരുന്ന ചെറുതോടുകൾ നികത്തി പുരയിടമാക്കിയതും നദികളിൽനിന്ന് കായലിലേക്ക് ജലം ഒഴുകിചേരുന്നതിന് വിഘാതമായി. കൂടാതെ ആവശ്യാനുസരണം പാലങ്ങളും കലുങ്കുകളും ഉൾപ്പെടുത്താതെ വയലുകൾക്ക് കുറുകേ അശാസ്ത്രീയമായി റോഡുകൾ നിർമ്മിച്ചത് വെള്ളപ്പൊക്കക്കാലത്തെ നീരൊഴുക്കിന് വലിയ തോതിൽ തടസമായി മാറി.

ലോവർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഒഴിയാതെ നിൽക്കുന്നത് അപൂർവ്വമായ ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. തികഞ്ഞ ജനവാസ മേഖലയായ പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം, ചതുർത്ഥ്യാകരി തുടങ്ങിയ പ്രദേശങ്ങളിൽ വർഷത്തിൽ എട്ടു മാസത്തോളം ജലനിരപ്പ് താഴാതെ നിൽക്കുന്നത് ജനജീവിതത്തിന് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് സമ്പന്നരും ഇടത്തരക്കാരും ഉയർന്ന പ്രദേശങ്ങളിൽ സ്ഥലം വാങ്ങി വീടുവച്ച് താമസം മാറ്റിയിരിക്കുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഈ ദുരിത സാഹചര്യത്തോട് മല്ലിട്ടും കുട്ടനാട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.

വെള്ളപ്പൊക്കത്തിൻ്റെ ദോഷഫലങ്ങൾ വേമ്പനാട്ടു കായലിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലൊക്കെയും പൊതുവാണ് എന്നതുകൊണ്ടു തന്നെ പ്രാദേശികമായി മാത്രം നടത്തുന്ന പരിഹാരമാർഗ്ഗങ്ങൾ ഗുണകരമായി തീരണമെന്നില്ല. താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കിയാൽ വെള്ളപ്പൊക്കത്തിൻ്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. വെള്ളപ്പൊക്കത്തിൻ്റെ ഉറവിടം നദികളായതിനാൽ കായൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതിലേക്ക് വന്നു ചേരുന്ന നദികളെയും പരിഗണിക്കേണ്ടതുണ്ട്.

വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഘടകങ്ങൾ വിലയിരുത്തി നദികളിലും കായലിലും പരിഹാരത്തിനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.

പരിഹാര നിർദ്ദേശങ്ങൾ

വേമ്പനാട്ടു കായലും കുട്ടനാട്ടിലെ ജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി നിർദ്ദേശിക്കാവുന്ന ചില അഭിപ്രായങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ രംഗത്തെ വിദഗ്ധർ, ഭൗമശാസ്ത്രജ്ഞർ, പരിസ്ഥിതിവിദഗ്ധർ, പരിസ്ഥിതിപ്രവർത്തകർ, കൃഷിശാസ്ത്രജ്ഞർ എന്നിവരുടെയും കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യബന്ധനത്തൊഴിലാളികൾ വരെയുള്ള വിവിധ മേഖലകളിലുള്ളവരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഇതുവരെയുണ്ടായിട്ടുള്ള പഠനങ്ങളെ വിലയിരുത്തി മാത്രമേ നിലവിലുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥയെയും അതു മൂലമുണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങളെയും മറികടക്കാനുള്ള പരിഹാരമാർഗ്ഗങ്ങളെ പ്രായോഗികമാക്കാൻ പാടുള്ളൂ.

അതിനായുള്ള പ്രവർത്തനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. വേമ്പനാട്ടു കായലും അതിലേക്കു വന്നുചേരുന്ന പ്രധാനപ്പെട്ട നദികളെയും അവയുടെ വൃഷ്ടിപ്രദേശങ്ങളെയും നീർത്തടങ്ങളെയുമെല്ലാം പരിഗണിച്ചുള്ള പദ്ധതിക്കേ ശാസ്ത്രീയമായി പരിഹാരം കാണാനാവൂ.

നദികളിലെ വെള്ളപ്പൊക്കം ലഘുതരമാക്കാൻ ഇനി സ്വീകരിക്കേണ്ട നടപടികളിൽ പ്രധാനം പതനസ്ഥാനത്തേയ്ക്കുള്ള കൈവഴികളും അവയെ ബന്ധപ്പെടുത്തി വയലുകളിലൂടെ ഒഴുകുന്ന തോടുകളും ആഴം കൂട്ടി നവീകരിക്കുക എന്നതാണ്. പുതുതായി നിർമ്മിച്ച റോഡുകൾ നീരൊഴുക്കിന് പ്രത്യക്ഷത്തിൽ വിഘാതം വരുത്തുന്ന സ്ഥലങ്ങളിൽ കുറുകെ കുഴലുകൾ സ്ഥാപിച്ച് നീരൊഴുക്ക് വർദ്ധിപ്പിക്കണം. കായലിലേക്ക് പതിക്കുന്ന കൈവഴികളുടെയും ഇടത്തോടുകളുടെയും ആഴം വർദ്ധിപ്പിക്കുന്നതിലൂടെ കിഴക്കു നിന്നുള്ള ജലം ഒഴുകിയെത്തുന്ന മുറയ്ക്ക് പടിഞ്ഞാറൻ പ്രദേശത്തുള്ള ജലം നീങ്ങി മാറുന്നത് എളുപ്പമാക്കാം.

ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രളയജലത്തെ കായലിൽ ചേരാൻ ഇടയാക്കും. ഈയൊരു പ്രവർത്തനമാണ് നദികളെയും തോടുകളെയും കേന്ദ്രീകരിച്ച് വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ഇനി പ്രധാനമായും ചെയ്യാനുള്ളത്.

1.നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ കയ്യേറ്റങ്ങൾ നിയന്ത്രിക്കുക. ജലസ്രോതസ്സുകളായ ഉറവകൾക്ക് നാശം സംഭവിക്കുമെന്നതിനാൽ നദികളുടെ ഉത്ഭവ പ്രദേശങ്ങളോട് ചേർന്നുള്ള പാറഖനനം നിയമം മൂലം നിരോധിക്കുക. വൃഷ്ടിപ്രദേശങ്ങളിലെ വനവൽക്കരണം ശക്തിപ്പെടുത്തണം.

  1. അശാസ്ത്രീയമായ തടയണകൾ പൊളിച്ചുനീക്കുക. നദികളിലേക്ക് ചേരുന്ന കൈവഴികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണം.
  2. പ്രധാന നദിയിൽ എക്കൽ അടിഞ്ഞുകൂടി ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകൾ നീക്കം ചെയ്യുക. മറ്റു തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ കൃത്യമായ പഠനങ്ങൾ നടത്തി ബോധ്യപ്പെട്ട ശേഷം ചെയ്യുക. മനുഷ്യരുടെ ഇത്തരം ഇടപെടലുകൾ മൂലം നദിയുടെ സ്വാഭാവികഘടനയും ജൈവ ആവാസവ്യവസ്ഥയും തകർക്കപ്പെടാതെ ശ്രദ്ധിക്കണം.
  3. നദികളുടെ കായലിലേക്ക് ചേരുന്ന കൈവഴികളിലെ എക്കൽനിക്ഷേപം നീക്കം ചെയ്ത് ആഴം കൂട്ടുക. തുടക്കത്തിൽ നദീമുഖളോട് ചേർന്ന് നദിയിലും കായലിലും ആഴം കൂട്ടി ജലം പെട്ടെന്ന് ഒഴുകിച്ചേരാൻ സാഹചര്യമൊരുക്കുക. വയലുകളിലെ കൈത്തോടുകളുടെയും ആഴം കൂട്ടണം.
  4. കയ്യേറ്റം മൂലം അടഞ്ഞുപോയതോ വീതി കുറഞ്ഞുപോയതോ ആയ തോടുകൾ വീണ്ടെടുക്കേണ്ടതാണ്.
  5. കുട്ടനാട്ടിലെ കാർഷിക കലണ്ടർ ക്രമീകരിച്ച് തണ്ണീർമുക്കം ബണ്ടിൻ്റെ ഉപയോഗത്തിന് ക്ലിപ്തത വരുത്തണം.
  6. വേമ്പനാട്ടുകായലിൻ്റെ ജലവാഹകശേഷി വർദ്ധിപ്പിക്കുന്നതിനായി അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്ത് ആഴംകൂട്ടുക. കായൽ നിലങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താൻ ഈ എക്കൽ ഉപയോഗിക്കാം. വെള്ളപ്പൊക്കക്കാലത്ത് കായൽനിലങ്ങൾ മുഴുവനായും തുറന്നിട്ട് അധികജലത്തെ ഉൾക്കൊള്ളാൻ കായലിനെ പ്രാപ്തമാക്കണം.
  7. അച്ചൻകോവിലാറിലെയും പമ്പയിലെയും പ്രളയജലത്തിൽ വലിയൊരു ഭാഗം വടക്കോട്ട് ഒഴുകി വേമ്പനാട്ടു കായലിൽ ചേരുന്നതിനാലാണ് കായലിൻ്റെ ജലനിരപ്പ് ക്രമാതീതമായി കൂടുന്നതും വെള്ളപ്പൊക്കം രൂക്ഷമാകുന്നതും. ലോവർ കുട്ടനാട്ടിക്കേ മണിമയാറ്റിലെ ജലം മാത്രം പരമാവധി എത്തിച്ചേരുന്ന തരത്തിൽ നാക്കിട- വളഞ്ഞവട്ടം കൈവഴിയിൽ റെഗുലേറ്റർ സ്ഥാപിച്ച് പമ്പയിലെ ജലം വഴിതിരിച്ചു വിടാം.
  8. അതുപോലെ ചമ്പക്കുളത്ത് പുല്ലങ്ങടിയിലെ കൈവഴിയിൽ റെഗുലേറ്റർ സ്ഥാപിച്ച് പമ്പയിലെയും അച്ചൻകോവിലാറിലെയും ജലത്തെ പടിഞ്ഞാറോട്ട് വഴി തിരിച്ചു വിടാം. പമ്പയെയും അച്ചൻകോവിലാറിനെയും ബന്ധിപ്പിച്ച് തോട്ടപ്പള്ളി ലക്ഷ്യമാക്കി പടിഞ്ഞാറോട്ടുള്ള കൈവഴികളും അനുബന്ധ തോടുകളും ആഴവും വീതിയും കൂട്ടി കൂടുതൽ ജലം വടക്കോട്ട് ഒഴുകി കായലിൽ ചേരാതെ തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്ക് ചേരാൻ ഇതു കാരണമാകും.
  9. റെഗുലേറ്ററുകൾ ജലഗതാഗതത്തിനുള്ള സൗകര്യത്തോടുകൂടിയായിരിക്കണം. ഷട്ടറുകൾ വെള്ളപ്പൊക്കക്കാലത്ത് മാത്രം അടച്ചിടുകയും വേണം.
  10. തോട്ടപ്പളളി സ്പിൽവേയുടെ ലീഡിംഗ് ചാനൽ നിർദ്ദേശിച്ചിരിക്കുന്ന ആഴവും വീതിയും വരുത്തി നവീകരിക്കുകയും കടലിലേയ്ക്കുള്ള നീരൊഴുക്ക് പുന:സ്ഥാപിക്കുകയും ചെയ്യണം.
  11. ആലപ്പുഴയിലെ സി.പി കനാൽ, എഴുപുന്ന – അന്ധകാരനഴി കനാൽ എന്നിവയുടെ പൊഴിയോടു ചേർന്ന് റഗുലേറ്റർ പുനസ്ഥാപിച്ച് വലിയ “ബാഹുബലി” പമ്പുകൾ ഉപയോഗിച്ച് വെള്ളപ്പൊക്കം രൂക്ഷമാകുന്ന മുറയ്ക്ക് കായലിലെ അധികജലം കടലിലേക്ക് ഒഴുക്കിവിടാനുള്ള സാധ്യത പരിശോധിക്കാവുന്നതാണ്. ഈ റഗുലേറ്ററുകൾ തണ്ണീർമുക്കം ബണ്ട് തുറക്കുന്ന സമയത്തു തന്നെ തുറന്നുവിട്ടാൽ കായലിൽ ഓരുവെള്ളം കയറി ശുദ്ധീകരണം നടക്കും.

കുട്ടനാട് നേരിടുന്ന പാരിസ്ഥിതികപ്രശ്നങ്ങളെ കുറിച്ചും വെള്ളപ്പൊക്ക നിയന്ത്രണത്തെ കുറിച്ചും നിരവധി പഠനങ്ങളും വിദഗ്ധ നിർദ്ദേശങ്ങളും ചർച്ചകളും സംസ്ഥാനതലത്തിൽ ഇതിനോടകം നടന്നുകഴിഞ്ഞിട്ടുണ്ട്. കുട്ടനാട് പാക്കേജ് , മറ്റു വികസന പദ്ധതികൾ എന്നിവ കൊണ്ടൊന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇത്തരം പഠനങ്ങളെയും നിർദ്ദേശങ്ങളെയും ഏകോപിച്ച് കൂടുതൽ പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളിൽ വ്യക്തത വരുത്തി സമഗ്രമായ പദ്ധതി നടപ്പിലാക്കുക മാത്രമാണ് ഇനി കരണീയമായിട്ടുള്ളത്..

അമിതമായ നിർമ്മാണപ്രക്രിയകൾ ഒഴിവാക്കി പാരിസ്ഥിതികമായി ദോഷകരമല്ലാത്തതും കായലിൻ്റെയും പരിസരപ്രദേശങ്ങളുടെയും സ്വാഭാവികത നിലനിർത്തുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടത്. പരമ്പരാഗത സാങ്കേതികവിദ്യകൾക്ക് പ്രാമുഖ്യം കൊടുക്കേണ്ടതാണ്. മുമ്പ് അക്കമിട്ട് നിർദ്ദേശിച്ച പരിഹാരങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പായി അതതു വിഷയത്തിൽ ആവശ്യമായ സൂക്ഷ്മതലത്തിലുള്ള പഠനങ്ങൾ നടത്തേണ്ടതാണ്. കായൽ നേരിടുന്ന പ്രധാന പ്രശ്നം ആഴം കുറഞ്ഞ് സംഭരണശേഷി കുറഞ്ഞു എന്നതായതിനാൽ കായലിൻ്റെ ആഴം കൂട്ടുന്ന ദീർഘകാല പദ്ധതിക്ക് നിശ്ചിതതുക വകയിരുത്തുകയും ഘട്ടംഘട്ടമായി നടപ്പിൽവരുത്തുകയും വേണം. ആദ്യഘട്ടത്തിൽ നദീമുഖത്തോടു ചേർന്ന് ആഴം കൂട്ടി ചാലുകൾ നിർമ്മിക്കേണ്ടതാണ്.

കോട്ടയത്തെ ട്രാവൻകൂർ സിമെൻ്റ്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് മുൻകാലത്ത് ഉത്പാദിപ്പിച്ചിരുന്ന വൈറ്റ് സിമൻ്റ് ഇന്ത്യയിൽ തന്നെ ഗുണനിലവാരത്തിൽ ഒന്നാംതരമായിരുന്നു. കായലിൽനിന്ന് ഡ്രെഡ്ജറുകൾ കൊണ്ട് വാരിയെടുക്കുന്ന കക്കത്തോടുകൾ കൊണ്ടാണ് ഇതു നിർമ്മിച്ചിരുന്നത്. പാരിസ്ഥിതികമായ കാരണങ്ങൾ ഉന്നയിച്ച് കായലിൽനിന്ന് കക്ക വാരുന്നത് നിരോധിച്ചതോടെ ഈ ഉത്പന്നം നിലച്ചുപോയി. ട്രാവൻകൂർ സിമൻറ്സ് നാമമാത്രമായ പ്രവർത്തനങ്ങളുമായി അതിജീവനത്തിൻ്റെ പാതയിലാണ്. കക്കവാരൽ നിരോധിക്കപ്പെട്ടത് കായലിൻ്റെ അടിത്തട്ടിൻ്റെ ആഴം കുറയുന്നതിന് കാരണമായിട്ടുണ്ട്.

ഈ നിരോധനം നീക്കുന്നത് ട്രാവൻകൂർ സിമൻറ്സ് ഫാക്ടറിയെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരാനും കായലിൻ്റെ ആഴം കൂട്ടാനും കാരണമായിത്തീരും.

കർഷകത്തൊഴിലാളികൾ കായലിലെ എക്കൽ വാരിയെടുക്കുന്നത് നിരോധിച്ചത് ആ മേഖലയിൽ നിന്ന് തൊഴിലാളികൾ ഒഴിഞ്ഞുപോകുന്നതിന് കാരണമായി. പരമ്പരാഗത കർഷകത്തൊഴിലാളികൾ കായലിലെ എക്കൽ നിക്ഷേപം വാരിയെടുക്കുന്നതിന് അനുമതി നൽകുന്ന നിയമം നടപ്പിലാക്കണം.

കുട്ടനാട്ടിൻ്റെ കാർഷികവ്യവസ്ഥ വീണ്ടെടുക്കുന്നതിനുള്ള മാർഗ്ഗങ്ങൾക്കാണ് പിന്നീട് പ്രാമുഖ്യം കൊടുക്കേണ്ടത്. ആർ-ബ്ലോക്ക് പോലെയുള്ള കായൽനിലങ്ങളിൽ അനുയോജ്യമായ കൃഷികൾ തുടങ്ങുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടണം.

ടൂറിസംരംഗത്ത് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. കായൽ മലിനപ്പെടാതിരിക്കുന്നതിന് ഹൗസ് ബോട്ടിൻ്റെ ഇന്ധനവും അവശിഷ്ടങ്ങളും ജലത്തിൽ കലരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ജൈവമാലിന്യങ്ങൾ കായലിൽ കലർത്താതിരിക്കാൻ നിർദ്ദേശമുണ്ടാവുകയും പാലിക്കപ്പെടുകയും ചെയ്യണം. ടൂറിസ്റ്റ് റിസോർട്ടുകളിലെ മാലിന്യങ്ങൾ സംസ്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭ്രവമാലിന്യങ്ങൾ റീസൈക്ലിംഗ് ചെയ്യുന്ന പ്ലാൻ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

കൊല്ലം കോട്ടപ്പുറം ദേശീയജലപാതയിലൂടെ കൂടുതൽ ബോട്ട് സർവീസുകൾ ഉറപ്പാക്കണം. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോട്ട് സർവ്വീസുകൾ പുനരാരംഭിക്കണം. മലിനീകരണം കുറയ്ക്കുന്ന ഇന്ധനം ഉപയോഗിച്ച് ബോട്ടുകൾ ഓടിക്കണം. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്പീഡ് ബോട്ടുകൾ സർവീസുകളിൽ ഉൾപ്പെടുത്തണം.

വേമ്പനാട്ടുകായലിലും അനുബന്ധ ജലാശയങ്ങളിലും സ്വാഭാവികമായി വളരുന്ന മത്സ്യഇനങ്ങളുടെ വംശവർദ്ധനവിനായി അവയുടെ കുഞ്ഞുങ്ങളെ വളർത്തി അനുയോജ്യമായ സ്ഥലങ്ങളിലേക്ക് വിടണം. അവയ്ക്ക് ദോഷകരമായ അധിനിവേശ മത്സ്യഇനങ്ങൾ കായലിലോ നദിയിലോ കടന്നുകൂടാതിരിക്കാൻ ജാഗ്രത പുലർത്തണം. മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനുമിടയിലുള്ള വൈരുദ്ധ്യങ്ങൾ പരിഹരിക്കണം. ആധുനിക സംവിധാനങ്ങളോടുകൂടിയ കൂടുതൽ വിളക്കുമരങ്ങൾ സ്ഥാപിക്കുകയും പഴയ പുതുക്കി സംരക്ഷിക്കുകയും വേണം.

കീടനാശിനികളോ മറ്റു വിഷവസ്തുക്കളോ കലർത്തി മത്സ്യങ്ങളെ പിടിക്കുന്ന രീതി കർശനമായി തടയണം. മത്സ്യസമ്പത്ത് കുറയുന്നതിനോടൊപ്പം മലിനീകരണവും സംഭവിക്കുമെന്നതിനാൽ കടുത്ത ശിക്ഷാനിയമം ഇക്കാര്യത്തിലുണ്ടാകണം.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020