അവധിക്കാലം അടിച്ചുപൊളിച്ച് മലയാളികൾ; വ്യൂ പോയിന്റുകൾ നിറഞ്ഞു
10 ദിവസത്തെ ക്രിസ്മസ് ന്യൂ ഇയർ അവധി അടിച്ചുപൊളിക്കുകയാണ് മലയാളികൾ. ഞായർ തിങ്കൾ ദിവസങ്ങളിൽ പതിനായിരത്തിലധികം ആളുകളാണ് നെല്ലിയാമ്പതിയിലേക്ക് ചുരം കയറിയത്.രണ്ടുദിവസങ്ങളിലായി 2,335 വാഹങ്ങളാണു വനംവകുപ്പിന്റെ പോത്തുണ്ടിയിലെ ചെക്പോസ്റ്റിലൂടെ കടന്നുപോയത്. സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയതിനാല്‍ ചുരംപാത ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി.
പോത്തുണ്ടി ഉദ്യാനത്തിലും സാഹസികടൂറിസം പദ്ധതിയിലും സഞ്ചാരികള്‍ നിറഞ്ഞു. ക്രിസ്മസ് ദിവസംമാത്രം 3,458 പേരാണ് ഉദ്യാനത്തിലെത്തിയത്. ഇതുവഴി 61,215 രൂപയുടെ വരുമാനം നേടാനായി. പുലയമ്പാറയില്‍നിന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന മിന്നാംപാറ, കാരാശ്ശൂരി ട്രെക്കിങ്ങിനും നല്ലതിരക്കായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പുതന്നെ നെല്ലിയാമ്പതിയിലെ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള താമസയിടങ്ങളില്‍ മുഴുവന്‍ ബുക്കിങ് പൂര്‍ത്തിയായി.
വനംവികസന കോര്‍പറേഷന്റെ കീഴിലുള്ള പുകുതിപ്പാലം റിസോര്‍ട്ടില്‍ ജനുവരി 10 വരെയുള്ള ബുക്കിങ്പൂര്‍ത്തിയായി. സീതാര്‍കുണ്ഡ്, കേശവന്‍പാറ, കാരപ്പാറ തുടങ്ങിയ വ്യൂപോയന്റുകള്‍ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു.
കോടമഞ്ഞും വൈകീട്ടുള്ള തണുപ്പും ആസ്വദിക്കാനായി അയല്‍ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവരാണു നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്. വൈകീട്ടു മൂന്നുമണിക്കുശേഷം നെല്ലിയാമ്പതിയിലേക്കു പ്രവേശനമില്ലാത്തതിനാല്‍ നിരവധി ആളുകൾ തിരിച്ചു പോയി.