usa weather 02/01/25 : ധ്രുവ ചുഴലി ശക്തമാകും, അമേരിക്ക മഞ്ഞില്‍ പുതയും
പോളാര്‍ വൊര്‍ട്ടക്‌സ് polar vortex എന്ന ധ്രുവ ചുഴലി പ്രതിഭാസം മൂലം അമേരിക്കയില്‍ അടുത്തയാഴ്ചയോടെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. ആര്‍ട്ടിക് മേഖലയിലെ തണുത്ത കാറ്റിന്റെ ചുഴലി രൂപപ്പെടുന്നതിനെയാണ് പോളാര്‍ വൊര്‍ട്ടക്‌സ് എന്നു പറയുന്നത്. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞു വീഴ്ച രൂക്ഷമാകും. തുടര്‍ന്ന് തെക്കന്‍ മേഖലയിലേക്ക് ചുഴലി നീങ്ങും. അതീവ ഗുരുതരമായ നിലയിലേക്കാണ് താപനില കുറയുക. അമേരിക്കയുടെ കിഴക്കന്‍ ഭാഗത്താണ് കനത്ത മഞ്ഞു വീഴ്ച പ്രതീക്ഷിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത്ര താഴ്ന്ന താപനില ഉണ്ടായിരുന്നില്ല. സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാകും ഇത്തവണ അമേരിക്കയിലുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ 70 ശതമാനം പേരെയും താഴ്ന്ന താപനില ബാധിക്കും. ഒരു മാസത്തോളം ശൈത്യം കൂടി നില്‍ക്കും.
കാലാവസ്ഥ മാറി, അതിശൈത്യത്തിലേക്ക് യു.എസ്
ബുധനാഴ്ച മുതല്‍ തന്നെ രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തു നിന്ന് മധ്യ യു.എസിലേക്ക് ശൈത്യക്കാറ്റ് വീശി തുടങ്ങിയിട്ടുണ്ട്. മൊണ്ടാനയിലും ഡക്കോട്ടയിലും മിന്നിസോട്ടയിലും ഏറ്റവും കൂടിയ താപനില ഒറ്റസംഖ്യയിലൊതുങ്ങും. തണുത്ത കാറ്റ് തെക്കോട്ടും കിഴക്കോട്ടും വ്യാപിക്കും അടുത്തയാഴ്ച വരെ ഈ സ്ഥിതി തുടരും. തുടര്‍ന്ന് ശൈത്യത്തിന്റെ തീവ്രത കുറയും.
അമേരിക്കയിലെ കാലാവസ്ഥാ ഏജന്‍സികളും അതിശൈത്യം വരുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക് മേഖലയിലെ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് രാജ്യത്ത് ശൈത്യം വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്കന്‍ യു.എസില്‍ മഞ്ഞു വീഴ്ചയും National Oceanic and Atmospheric Administration (NOAA) പ്രവചിച്ചു.
എന്താണ് പോളാര്‍ വൊര്‍ട്ടെക്‌സ്, ധ്രുവ ചുഴലി
ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലും ഉണ്ടാകുന്ന പ്രതിഭാസമാണിത്. ആര്‍ട്ടിക് ധ്രുവത്തിലും അന്റാര്‍ട്ടിക ധ്രുവത്തിലുമാണ് ഇത് സംഭവിക്കാറുള്ളത്. ധ്രുവങ്ങള്‍ക്ക് സമീപം തണുത്ത വായുവിന്റെ മര്‍ദം കുറഞ്ഞ പ്രദേശം നിലനില്‍ക്കാറുണ്ട്. ഇത് വേനല്‍ക്കാലത്ത് ദുര്‍ബലമാകുകയും ശൈത്യക്കാലത്ത് ശക്തിപ്പെടുകയുമാണ് ചെയ്യുക. ശൈത്യക്കാലത്ത് ശക്തിപ്പെടുന്നതിനെ ധ്രുവ ചുഴലി പോളാര്‍ വൊര്‍ട്ടെക്‌സ് എന്നു പറയും. ധ്രുവ മേഖലകളില്‍ തണുത്ത വായുവിനെ നിലനിര്‍ത്തുകയും മഞ്ഞു ഉരുകിപോകാതെ ഫ്രീസറിലെ പോലെ കാലാവസ്ഥയുണ്ടാക്കുകും ചെയ്യുന്നത് ഈ ധ്രുവചുഴലിയുടെ സാന്നിധ്യം മൂലമാണ്. എതിര്‍ഘടികാര ദിശയിലാണ് ആര്‍ട്ടിക് പ്രദേശത്ത് ധ്രുവ ചുഴലിയുണ്ടാകുക.
ഉത്തരാര്‍ധ ഗോളത്തില്‍ ധ്രുവ ചുഴലിയാണ് ജെറ്റ് സ്ട്രീമിനൊപ്പം തണുത്ത വായുവിനെ താഴേക്ക് കൊണ്ടുവരുന്നതും തെക്കേ ഇന്ത്യയിലെ കേരളം പോലെ ഭൂമിയുടെ ഏതാണ്ട് മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തില്‍ വരെ തണുപ്പ് എത്തിക്കുന്നതും. അമേരിക്കയില്‍ ധ്രുവ ചുഴലി മൂലം കനത്ത മഞ്ഞുവീഴ്ചയും നാശനഷ്ടങ്ങളും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1977, 1982, 1985, 1989 വര്‍ഷങ്ങളില്‍ മഞ്ഞു വീഴ്ച ഈ പ്രതിഭാസം മൂലം ശക്തമായിരുന്നു.