US Weather 06/01/25 : ധ്രുവചുഴലി ശക്തം; അമേരിക്ക മഞ്ഞില്‍ പുതഞ്ഞു, അടിയന്തരാവസ്ഥ
ഈ മാസം 2 ന് മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച ധ്രുവ ചുഴലിയെ തുടര്‍ന്ന് അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച. ഇതേ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ധ്രുവ ചുഴലി ശക്തമാകുമെന്നും അമേരിക്ക മഞ്ഞില്‍ പുതയുമെന്നും ജനുവരി 2 നുള്ള മെറ്റ്ബീറ്റ് പ്രവചനത്തില്‍ പറഞ്ഞിരുന്നു. അതേ കുറിച്ചുള്ള റിപ്പോര്‍ട്ട് താഴെ വായിക്കാം.
പോളാര്‍ വൊര്‍ട്ടക്‌സിനെ (ധ്രുവ ചുഴലി) തുടര്‍ന്ന് അമേരിക്കയില്‍ കനത്ത ശൈത്യക്കാറ്റ് ഇന്നലെ മുതലാണ് അനുഭവപ്പെട്ടത്. ഇന്ന് മഞ്ഞുവീഴ്ച ശക്തമായി.
കാറ്റിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് പലയിടത്തും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ തീരത്താണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. ഇന്ന് രാവിലെ വാഷിങ്ടണ്‍ നഗരം മഞ്ഞില്‍ പുതഞ്ഞു. റോഡ് ഗതാഗതം നിശ്ചലമായി. വാഷിങ്ടണ്‍ ഡി.സിയില്‍ 16 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായെന്നാണ് ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സികള്‍ അറിയിക്കുന്നത്. മെറിലാന്റിലുള്‍പ്പെടെ മഞ്ഞുവീണ് റോഡുകളും മറ്റും കാണാതായി. ഇവിടെ മഞ്ഞു വീഴ്ച തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ സ്ഥാപനമായ നാഷനല്‍ വെതര്‍ സര്‍വിസ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയിലുടനീളം 1300 വിമാന സര്‍വിസുകള്‍ റദ്ദാക്കി. വാഷിങ്ടണ്‍ ഡി.സി റെയ്ഗാന്‍ ദേശീയ വിമാനത്താവളത്തിലെ റണ്‍വേയില്‍ 3 ഇഞ്ച് മഞ്ഞു വീണു. 40 ട്രെയിന്‍ സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്. താപനില അപകടകരമായി കുറയുകയാണെന്ന് വാഷിങ്ടണ്‍ മേയര്‍ പറഞ്ഞു.