കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനുള്ള ചരിത്രപരമായ ബിൽ യു.എസ് സെനറ്റിൽ പാസായി. ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണക്കാരാണ് യു.എസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ. 430 ബില്യൺ ഡോളറിന്റെ ബില്ലിനാണ് അംഗീകാരമായത്. ഇതിൽ മരുന്നു വില കുറയ്ക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. എന്നാലും പ്രധാന ഊന്നൽ കാലാവസ്ഥാ വ്യതിയാനത്തിനു തന്നെയാണ്. 375 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഉപയോഗിക്കുക. പുനരുപയോഗ ഊർജത്തിനും ക്ലീൻ എനർജിക്കും നികുതി ഇളവ് ഉൾപ്പെടെ നൽകും. ഇലക്ട്രിക് വാഹനങ്ങൾ പുതിയത് വാങ്ങാൻ നികുതി ഇളവുണ്ടാകും. ഊർജത്തിന് ഇപ്പോഴത്തേക്കാൾ വില കുറയുമെന്ന സവിശേഷതയുമുണ്ട്. 60 ബില്യൺ ഡോളർ മരുന്നു വില കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഉപയോഗിക്കും. കോർപറേറ്റ് നികുതികൾ ഒഴിവാക്കി മരുന്നു വില കുറയ്ക്കാനാണ് നീക്കം. പ്രസിഡന്റ് ജോ ബൈഡന്റെ വലിയ വിജയമായാണ് ബില്ലിന് അംഗീകാരമായതിനെ യു.എസ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
സെനറ്റിൽ പാസായത് വൻ നേട്ടം
റിപ്പബ്ലിക്കർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബിൽ പാസായത്. സെനറ്റിൽ 50 നെതിരേ 51 വോട്ടുകൾക്കാണ് ബിൽ പാസായത്. വോട്ടിങ് സമനിലയിൽ എത്തിയതോടെ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വോട്ടു ചെയ്തു. ബില്ലിന് അനുകൂലമായുള്ള കമലയുടെ വോട്ടാണ് ബിൽ പാസാകുന്നതിലേക്ക് നയിച്ചത്. ഇത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വലിയ നേട്ടമായി യു.എസ് മാധ്യമങ്ങൾ പറയുന്നു. നേരത്തെ ബരാക് ഒബാമ പ്രസിഡന്റായപ്പോൾ ആഗോളതലത്തിൽ തുടങ്ങിവച്ച കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികൾക്കാണ് ജോ ബൈഡനും ഊർജം നൽകുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ലോകം ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്നത്. ഇതിൽ വലിയ പങ്ക് യു.എസിനുണ്ടെന്ന് പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ വ്യക്തമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുനരുപയോഗ ഊർജത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വികസിത രാജ്യങ്ങൾ മനസുവയ്ക്കാതെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനാകില്ല. പുതിയ ബില്ലിൽ 30 ബില്യൺ ഡോളർ കാറ്റിൽ നിന്നുള്ള ഊർജ ഉത്പാദനത്തിനും സോളാർ സിസ്റ്റങ്ങൾക്കും വേണ്ടിയുള്ളതാണ്. ന്യൂക്ലിയാർ ഊർജ ഉത്പാദനത്തിനും ബില്ലിൽ ഇടം നൽകിയിട്ടുണ്ട്. എണ്ണക്കമ്പനികളുടെ കാർബൺ കാപ്ചർ സാങ്കേതിക വിദ്യയും നടപ്പാക്കും. ഏറ്റവും കുറവ് മലിനീകരണം നിയന്ത്രിക്കാനാണിത്. പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ 7,500 യു.എസ് ഡോളറും പഴയത് വാങ്ങാൻ 4,000 ഡോളറും സഹായം ലഭിക്കും. 2030 ഓടെ ഹരിതഗൃഹ വാതത്തിന്റെ ഉത്സർജനം 40 ശതമാനം കുറയ്ക്കാനാണ് പദ്ധതി. യു.എസ് ചരിത്രം സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.
ചരിത്രപരമായ വിജയം
സെനറ്റ് ചരിത്രം സൃഷ്ടിച്ചുവെന്ന് സെനറ്റിലെ ഭരണകക്ഷി നേതാവ് ഷക് ഷുമെർ പറഞ്ഞു. ബിൽ അമേരിക്കയിൽ വരുന്ന പതിറ്റാണ്ടുകളിൽ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലീൻ എനർജി പാക്കേജ് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഊർജ ഉപയോഗത്തിന്റെ ചെലവ് ചുരുക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും മരുന്നുകളുടെ വില കുറച്ച് വിലക്കയറ്റം തടയാനും ബില്ലിന് കഴിയും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ കൂടി ബിൽ പാസാക്കേണ്ടതുണ്ട്. വെള്ളിയാഴ്ച സഭയിൽ ബിൽ അവതരിപ്പിക്കും. തുടർന്ന് പ്രസിഡന്റ് ബൈഡനും ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. 2030 ന് മുൻപ് യു.എസ് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതുള്ള ലക്ഷ്യം കൈവരിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. ബില്ലിനെ കാലാവസ്ഥാ ശാസ്ത്രജ്ഞരും സ്വാഗതം ചെയ്തു.