ഇടുക്കിയിൽ കണ്ടിരിക്കേണ്ട 30 പ്രകൃതിരമണീയ ഭംഗിയുള്ള സ്ഥലങ്ങൾ

ഇടുക്കിയിൽ കണ്ടിരിക്കേണ്ട 30 പ്രകൃതിരമണീയ ഭംഗിയുള്ള സ്ഥലങ്ങൾ

വിഷ്ണു വെള്ളത്തൂവൽ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

മീശപ്പുലിമല

ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്.

സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു. മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്. വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ : 8289821400, 8289821401, 8289821408 ഈ നമ്പറിൽ ബന്ധപ്പെടുക.

മൂന്നാറിൽ നിന്നു മാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുൻപായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളിൽ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്.

ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്. ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും. ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്.

photo credit: Babish

വാഗമൺ

ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി. വാഗമൺ കോടമഞ്ഞു തുളികളെ തഴുകി തലോടി നടക്കൂന്ന സഞ്ചാരികൾ. വാഗമൺ ഉയരങ്ങളിൽ കോടമഞ്ഞുതുളികൾ നമ്മളെ വന്നു പൂണരൂകയും നമ്മളെ വിട്ടുപോകുകയും ചെയൂന്ന ദൃശ്യം വാഗമൺനെ വളെരെയധികം സുന്ദരമാകുന്നൂ.

ഇടുക്കി ജില്ലക്ക് ലഭിച്ച പ്രകൃതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 1200 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്.

ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും, അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും, ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു.

ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിൿ ട്രാവല്ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.

ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക.

തൊടുപുഴയിൽ നിന്നും 43 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും അകലെയാണ് വാഗമൺ. പ്രധാന നഗരമായ കൊച്ചി വാഗമണ്ണിൽ നിന്നും 102 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ്. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കാഞ്ഞാറിൽ നിന്നും 16 കിലോമീറ്റർ അകലെയുമാണ്.

ഉളുപ്പുണി

വാഗമണ്ണിൽ വാഗമൺ-പുള്ളിക്കാനം റോഡിൽ ചോറ്റ്പാറ ജംഗ്ഷനിൽ നിന്നും ഏകദേശം 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരസാമാന്യ ഇടം.കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു.നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം.

ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്. തൊടുപുഴയിൽ നിന്ന് മൂലമറ്റം പതിപ്പള്ളി വഴി ഉളുപ്പൂണി എത്തിയപ്പോൾ ആൾ പൊക്കമുള്ള പുൽമേടുകളിലൂടെയുള്ള ജീപ്പ് ചാലുകൾ കാണാം അത് വഴി ഒന്ന് കറങ്ങിയാൽ വ്യത്യസ്തമായ ചില ചിത്രങ്ങൾ മനസ്സിൽ പതിയും … മാസ്മരികതയുള്ള ചിത്രങ്ങൾ…ആളും അനക്കവുമില്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയാത്ത മൊട്ട കുന്നുകൾ… ഗ്രാമീണതയുടെ മടിത്തട്ടിലെ കർഷക കൂട്ടായ്മകൾ .. പിന്നെ ശുദ്ധമായ അന്തരീക്ഷം… മനസ് നിറയാൻ ഇതൊക്കെ ധാരാളം… മറ്റ് ചിലർക്ക് ഇഷ്ടപ്പെടാതെയിരിക്കാം… എന്നാലും ഗ്രാമീണ നിഷ്കളങ്കത നിങ്ങളെ മാടി വിളിക്കും .. ആ വിളി കേൾക്കാതെയിരിക്കാനാവില്ല.

വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടിൽ പോവുക. വാഗമൺ ടൗണിൽ നിന്നും ഈ റൂട്ടിൽ ഏകദേശം 5 km പോയാൽ ചോറ്റുപറ എന്ന ജംഗ്ഷൻ ഇൽ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു. ചോറ്റുപറ ജംഗ്ഷൻ ഇൽ നിന്ന് വീണ്ടും ഒരു 5km സഞ്ചരിച്ചാൽ ഉളുപ്പുണിയിൽ എത്തിച്ചേരാം.

വൈശാലി ഗുഹ

ഇടുക്കി തടാകം സന്ദര്‍ശിക്കുന്ന പലരും അറിയാതെ പോകുന്ന ഒന്നാണ് വൈശാലി ഗുഹ.ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇത് വളരെ മനോഹരമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. 1988 ല്‍ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചതിനാല്‍ ഇവിടം പിന്നീട് ആ പേരില്‍ അറിയപ്പെടുകയായിരുന്നു. വാവലുകളുടെ വന്‍കൂട്ടങ്ങള്‍ വിശ്രമിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.

അല്‍പം സാഗസികത ആവശ്യമെങ്കിലും ഇവിടെ നിന്നുള്ള ഇടുക്കി ഡാമിന്‍റെ കാഴ്ച്ച അതിമനോഹരമാണ്. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലെ ഗാനരംഗത്തില്‍ പശ്ചാത്തലമായി വന്നത് ഇടുക്കിയിലെ അറിയപ്പെടാത്ത ഒരിടമാണ്. പക്ഷേ, ഇന്ന് ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്നാണ്.

രാമക്കൽമേട്‌

ഇവിടത്തെ കാറ്റാണ് കാറ്റ്..ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമന്‍ ഇവിടെ ഇരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്.

ശ്രീരാമന്‍ ചവിട്ടിയ രാമപാദം പതിഞ്ഞ കല്ലാണ് രാമക്കല്ല്. അതില്‍ നിന്നാണ് രാമക്കല്‍ മേട് എന്ന പേര് വന്നത്. രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നാല്‍ കാറ്റിന്റെ തിരകള്‍ കാലില്‍ തൊടും. കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്.

ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റെ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കിച്ചെടുക്കാം.

നെടുങ്കണ്ടത്തു നിന്നും 15 കി.മീ ദൂരമേയുള്ളൂ രാമക്കല്‍മേട്ടിലേക്ക്. അവിടെ നിന്നും തൂക്കുപാലം എന്ന ചെറു പട്ടണത്തിലേക്ക് എപ്പോഴും ബസ് ലഭിക്കും. തൂക്കുപാലത്തുനിന്നും ട്രിപ്പ് ജീപ്പില്‍ യാത്രചെയ്താല്‍ രാമക്കല്‍ മേട്ടിലെത്താം. ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് നടക്കാം.

തെക്കൻ കേരളത്തിൽ നിന്നാണെങ്കിൽ കോട്ടയം ,ഈരാറ്റുപേട്ട ,വാഗമണ്‍ ,ഏലപ്പാറ, കട്ടപ്പന ,നെടുംകണ്ടം , തൂക്കുപാലം , രാമക്കൽമേട്‌ എന്നിങ്ങനെയാണ് റൂട്ട്. ഏകദേശം 124 K M ഉണ്ട് കോട്ടയത്ത്‌ നിന്നും. നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളിലെ പൂക്കളേക്കാള്‍ നിറമുണ്ട്. തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ചെറിയ മഴ ഉള്ളപ്പോള്‍ വരുന്നതാണ് എറ്റവുംനല്ലത്.

മലയുടെ മുകളില്‍ ഇടുക്കി ഡാമിലെ പ്രസിദ്ധമായ കുറവന്‍ കുറത്തിമലകളുടെ പ്രതീകമായി കുറവന്റെയും കുറത്തിയുടെയും ശില്പം സ്ഥാപിച്ചിട്ടുണ്ട്.രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. മന്നാന്‍, മുതുവാന്‍, മലയരയര്‍, ഉള്ളാടര്‍, ഊരാളി, പളിയന്‍, മലപ്പുലയന്‍ എന്നിങ്ങനെ ഏഴോളം വരുന്ന ആദിവാസി വിഭാഗങ്ങളാണ് ഹൈറേഞ്ചിലെ ആദിമ മനുഷ്യര്‍.

അവരുടെ ചരിത്രവുമായോ പുരാവൃത്തവുമായോ ഉടല്‍ രൂപങ്ങളുമായോ പൊരുത്തപ്പെടാതെ, മലമ്പുഴ യക്ഷിപോലെ, ശംഖുമുഖത്തെ മത്സ്യ കന്യക പോലെ ഒരു കലാസൃഷ്ടി. സന്ദര്‍ശകര്‍ക്കായി കുതിരസവാരിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മേടിനു മുകളിലുള്ള കല്ലുമ്മേക്കല്ല് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചതു പോലെയുള്ള ഭയങ്കരമായ പാറക്കെട്ട്. വനവാസകാലത്ത് ഭീമസേനന്‍ ദ്രൗപതിയ്ക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണത്രേ. നീര്‍ച്ചോലകളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും പാറക്കെട്ടുകളും നിറഞ്ഞ വഴിയിലൂടെ ഇവിടേക്കുള്ള യാത്ര വളരെ ആസ്വാദ്യകരമാണ്.

അതിവേഗതയില്‍ കാറ്റു വീശുന്ന പാറയുടെ മുകളില്‍ മനസ്സില്‍ ധൈര്യമുള്ള അതിസാഹസികന്‍മാര്‍ക്കു കയറാം. ഇവിടെ നിന്നു നോക്കിയാല്‍ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളും റോഡുകളും വിശാലമായ കൃഷിയിടങ്ങളും തൊട്ടുതാഴെയായി കാണാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലമാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ രാമക്കല്‍ മേടില്‍ 20 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പദ്ധതിയിട്ടുവെങ്കിലും അതിപ്പോള്‍ ഉപേക്ഷിച്ചമട്ടാണ്. സ്വകാര്യമേഖലയിലുള്ള വെസ്റ്റാസ് കമ്പനി ഇവിടെ 75 മെഗാവാട്ട് ശേഷിയുള്ള പത്തൊന്‍പത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ദൂരെ നിന്ന് കാണുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും ഇരുനൂറ്റമ്പതോളം അടി ഉയരമുള്ള തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്ന എഴുപതടിയിലേറെ നീളമുള്ള മൂന്നിതളുകള്‍ വീതമുള്ള ഭീമന്മാരാണ് ഇവയോരോന്നും. രാമക്കല്‍മേട് എല്ലാത്തരം യാത്രക്കാരെയും തന്റെ മടിത്തട്ടിലേക്ക് ചേര്‍ത്തു വയ്ക്കുകയാണ്.

കാൽവരി മൗണ്ട്

കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കല്യാണത്തണ്ട് കാത്തിരിക്കുന്നത് . പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും .

ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്‍ ആരുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം ..!!! ഒപ്പം നേര്‍ത്ത തണുത്ത കാറ്റും .. പറഞ്ഞാല്‍ തിരില്ല. മനോഹര ദൃശ്യ ഭംഗി കാണുക ..കണ്ടാസ്വദിക്കുക ….!!

തൊടുപുഴ വഴി വരുന്നവര്‍ ഇടുക്കി കഴിഞ്ഞു 20 കിലോമിറ്റര്‍ കഴിയുമ്പോള്‍ കാല്‍വരി മൌന്റ്റ്‌ കയറാം. കോട്ടയം മുണ്ടക്കയം വഴി തിരഞ്ഞെടുക്കുന്ന സഞ്ചാരികള്‍ കുട്ടിക്കാനം -കട്ടപ്പന – ഇടുക്കി റോഡില്‍ 17 കിലോമീറ്റര്‍ കഴിയുമ്പോള്‍ കല്യാണത്തണ്ട് ഒടിക്കാം . തേക്കടിയില്‍ നിന്നും വന്നാല്‍ കട്ടപ്പന -ഇടുക്കി റോഡ്‌.

ഇടുക്കി ആർച്ച്ഡാം

സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്.

ദേവികുളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത.

കുറിഞ്ഞിമല സാങ്ച്വറി

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം.വംശമറ്റ്‌കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്.

ചെറുതോണി

ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഡാം കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊന്നാണ്. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഈ ഡാമില്‍ നിന്നാണ്.

കുളമാവ്

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയിലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്.

നെടുങ്കണ്ടം

ഹിൽസ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് നെടുങ്കണ്ടം ഹില്‍ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ചെറുപട്ടണം മൂന്നാറിനും തട്ടേക്കാട് സാങ്ച്വറിക്ക് 3 കിലോമീറ്റര്‍ അകലെയുമായി സ്ഥിതിചെയ്യുന്നു. സുഗന്ധവിളകളായ കാപ്പിക്കുരുവിന്റേയും ഏലയ്ക്കയുടേയും കുരുമുളകിന്റേയും നാടാണിത്.

പാൽക്കുളമേട്

സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു.

മൂന്നാർ

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്.

പള്ളിവാസൽ

മൂന്നാര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ദേവികുളത്താണ് പള്ളിവാസല്‍ വെള്ളച്ചാട്ടമുള്ളത്, വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്. ദേവികുളത്തെ മറ്റൊരു ആകര്‍ഷണമാണ് സീത ദേവി തടാകത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം.

ഇരവികുളം

പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം.

പോത്തൻമേട്

മൂന്നാറിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. മനോഹരമായ ഒരു കൊച്ചുഗ്രാമമാണിത്. മൂന്നാര്‍ ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടെയുള്ള ഒരു വ്യൂപോയിന്റില്‍ നിന്നും മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിയ്ക്കാം.

ആനയിറങ്ങല്‍

മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം.

രാജമല

മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല. നീലഗിരി വരയാടുകളുടെ വാസസ്ഥലമാണിത്. ലോകത്തെ ആകെയുള്ള വരയാടുകളില്‍ പകുതിയോളവും ഉള്ളത് ഇരവികുളം-രാജമല ഭാഗത്താണെന്നാണ് കണക്ക്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍തന്നെയാണ് രാജമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇവയെകാണാനായി പ്രതിദിനം അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

എക്കോപോയന്റ്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്.

നാടുകാണി

മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഒരു മലയുടെ മുകളിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തോളം അടി ഉയരത്തിലാണ് ഇതിന്റെ നില്‍പ്പ്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ലൊക്കേഷനാണിത്.

മീനുളി

മൂന്നാറിന് വളരെ അടുത്തുള്ള പ്രശസ്തമായൊരു സ്ഥലമാണിത്. ട്രക്കിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണിത്. നിത്യഹരിത വനവും, കൂറ്റന്‍ പാറയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഏതാണ്ട് 500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ അസാധാരണമായ പാറ. ഇതിന് മുകളില്‍ നിന്നാല്‍ ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍കെട്ടിന്റെയും കാഴ്ചകള്‍ കാണാം.

മാട്ടുപ്പെട്ടി

സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തില്‍ കിടക്കുന്ന തടാകമാണിത്. നിബിഢ വനങ്ങലും പുല്‍മേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്.

തൂവാനം

മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്.

പീരുമേട്

ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.

കുട്ടിക്കാനം

പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുട്ടിക്കാനം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്.

ത്രിശങ്കു ഹിൽസ്

പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. ഈ ഭാഗത്തുനിന്നുമുള്ള ചുറ്റുപാടിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. സുഖശീതളിമയുള്ള കാറ്റും, ചുറ്റുപാടുമുള്ള കുന്നുകളുമെല്ലാം ചേര്‍ന്ന് ഈ സ്ഥലത്തെ മനോഹരമാക്കുന്നു.

ഹിൽവ്യൂ പാർക്ക്

ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ വ്യൂ പാര്‍ക്ക്. മനോഹര മായി സജ്ജീകരിച്ച ഈ ഉദ്യാനം 8 ഏക്കറുകളിലായ് പരന്ന്കിടക്കുന്നു. ഇതിന്റെ ചാരുതയ്ക്ക് മോടി കൂട്ടാന്‍ പ്രകൃതിദത്തമായ ഒരു തടാകവും ഇതിനകത്തുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പരിസ്ഥിതിയുടെ മനോഹരമായ പുറം കാഴ്ച ഇവിടെ നിന്ന് സന്ദര്‍ശകര്‍ക്ക് കിട്ടും.

അഞ്ചുരുളി

ഇരട്ടയാറില്‍ നിന്നും അഞ്ചുരുളിയിലേക്ക് വെള്ളം കൊണ്ടുവരാന്‍ വേണ്ടി ഒരു മല തുരന്നു നിര്‍മിച്ച 2 KM നീളമുള്ള ഒരു tunnel ആണ് ഇതു.വളരെ മനോഹരമായ ഇടുക്കി ജലശയത്താൽ നിറഞ്ഞ ഈ പ്രദേശം വളരെ മനോഹരം ആണ്.വളരെ അതികം വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രദേശം കുടിയാണ് നാമ്മുടെ അഞ്ഞുരുളി.വേനല്‍ കാലങ്ങളില്‍ സാഹസികത ഇഷ്ടപെടുന്നവര്‍ ഈ tunnel ലൂടെ സഞ്ചരികാറുണ്ട്.വളരെ അപകടം പിടിച്ചതാണ് എതിലുടെഉള്ള യാത്ര.ഇടുക്കി കാണുവാന്‍ വരുന്ന ആരും ഈ സ്ഥലം കാണാതെ പോകരുത്.കണ്ണിനു കുളിര്‍മ ഏകുന്ന കാഴ്ചകളാണ് ഇവിടെ ഉള്ളത്.

തേക്കടി

കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി.
തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം.

പരുന്തുംപാറ

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 183 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്.

English Summary : Uncover the beauty of Idukki with our guide to 30 must-see natural attractions. Experience the serene landscapes and vibrant flora of this enchanting area.

വെള്ളത്തൂവൽ

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020