UAE Weather 29/02/24: വീണ്ടും മഴ ശക്തമാകും; ശക്തമായ കാറ്റിനും, ആലിപ്പഴ വർഷത്തിനും സാധ്യത
യുഎഇയിൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഫെബ്രുവരി 28 ബുധനാഴ്ച മുതൽ മാർച്ച് 1 വെള്ളിയാഴ്ച വരെ രാജ്യത്ത് ശക്തമായ മഴയായിരിക്കും ഉണ്ടായിരിക്കുകയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, കിഴക്ക്, തെക്കൻ പ്രദേശങ്ങളിൽ പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചിലപ്പോൾ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, അൽഐൻ എന്നീ പ്രദേശങ്ങളിലും മഴ ശക്തമാകും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൂടാതെ, വ്യാഴാഴ്ച ഉച്ച മുതൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്‌ച താപനില ക്രമേണ കുറയും. വ്യാഴാഴ്ച രാത്രിയോടെ മാനം തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വിഭാഗം അറിയിച്ചു.അറേബ്യൻ കടൽ വരും ദിവസങ്ങളിൽ പ്രക്ഷുബ്ധമാകും. ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ ചലനം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഡ്രെെവർമാർ ജാഗ്രത പാലിക്കണം. അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണം.
ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ദൂരക്കാഴ്ച പരിധി കുറയും. വെള്ളിയാഴ്ച,ചില കിഴക്കൻ പ്രദേശങ്ങൾ മേഘാവൃതമായിരിക്കും. പകൽ സമയത്ത് മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിൻ്റെ അവസ്ഥ തുടക്കത്തിൽ തെക്കുകിഴക്ക് നേരിയതായിരിക്കുമെന്നും വ്യാഴാഴ്ച ഉച്ചയോടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മാറുമെന്നും പ്രവചനം.
ശക്തമായ ആലിപ്പഴ വർഷത്തിന് സാധ്യത
യുഎഇയിലെ അല്‍ഐനില്‍ ഇന്ന് വീണ്ടും കനത്ത ആലിപ്പഴവര്‍ഷത്തിന് സാധ്യത. അബുദാബിയുടെ ചില ഭാഗങ്ങളില്‍ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യത.രണ്ടാഴ്ച മുമ്പ് അല്‍ഐനിലെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറോളം ആലിപ്പഴം വര്‍ഷിക്കുകയും നിര്‍ത്തിയിട്ട നൂറ് കണക്കിന് കാറുകളുടെ ഗ്ലാസുകള്‍ തകരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്‍ ഐന്‍ നിവാസികള്‍ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കണം. വാഹനങ്ങള്‍ ആലിപ്പഴ വര്‍ഷത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.ഡ്രൈവര്‍മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവൂ എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡ്രൈവിങ് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജാഗ്രതയോടെയും ദൃശ്യപരത കുറയുമ്പോള്‍ ലോ-ബീം ഹെഡ്ലൈറ്റുകള്‍ ഓണാക്കിയും വാഹനമോടിക്കണമെന്നാണ് നിര്‍ദേശം. വെള്ളക്കെട്ടുകളില്‍ വാഹനം ഇറക്കുകയോ നല്ല ഒഴുക്കുള്ള തോടുകള്‍ മുറിച്ചുകടക്കുകയോ അരുത്.ഇതുവരെ കണ്ടിട്ടില്ലാത്ത ആലിപ്പഴ വര്‍ഷമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്രയും ശക്തമായ തണുത്ത കാറ്റ് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് 40 വര്‍ഷമായി അല്‍ ഐനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പ്രവാസി പറഞ്ഞു. യുഎഇയിലെ ‘ആലിപ്പഴ വേട്ടക്കാരന്‍’ എന്നറിയപ്പെടുന്ന ഫഹദ് മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ മഞ്ഞുവീഴ്ചയുടെ നിരവധി വീഡിയോകള്‍ പങ്കുവെച്ചു.
മരുഭൂമിയില്‍ ഐസ് കാണുന്നത് ആദ്യമായിട്ടാണെന്ന് 11 വര്‍ഷമായി യുഎഇയിലുള്ള ഫിലിപ്പിനോ പ്രവാസി എയ്ഞ്ചല്‍ ഡുമഗിറ്റ് ഫ്രിയസ് പറഞ്ഞു. യുഎഇയിലാണ് താമസിക്കുന്നതെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നായിരുന്നു 26 വര്‍ഷമായി അല്‍ഐനിലുള്ള മറ്റൊരു പ്രവാസിയുടെ പ്രതികരണം. അല്‍ ഐനിലെ ജാഹിലിയില്‍ മാത്രം 500-600 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഒരു താമസക്കാരന്‍ പറഞ്ഞു. താന്‍ താമസിക്കുന്ന തെരുവില്‍ മാത്രം 100-150 കാറുകള്‍ തകര്‍ന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. പഴയതും പുതിയതുമായ 47 കാറുകള്‍ തകര്‍ന്നതിനാല്‍ 50 ലക്ഷം ദിര്‍ഹം നഷ്ടമായതായി ഒരു എമിറാത്തി വ്യവസായി പറഞ്ഞു.
അതേസമയം ഒമാനിലും ശക്തമായ മഴ തുടരുകയാണ്. ഒമാനിൽ ഇപ്പോൾ പെയ്യുന്ന മഴയുടെ ദൃശ്യങ്ങൾ കാണാം.