UAE Weather 27/02/24: വ്യാഴാഴ്ച വരെ മഴ; വരും ദിവസങ്ങളിൽ താപനില കുറയും
ദുബൈയിൽ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ മിക്ക ഭാഗത്തും മേഘാവൃതമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ആകാശം മേഘാവൃതമായി കാണപ്പെടും. ഇന്നും നാളെയും ദുബൈയിൽ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യയുണ്ട്. പല സ്ഥലങ്ങളിലും രാവിലെ മൂടൽ മഞ്ഞ് ആയിരിക്കും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് മഴയെത്തുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മഴ വ്യാഴാഴ്ച വരെ നീളും. ഇന്നലെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് മൂടൽ മഞ്ഞും റിപ്പോർട്ട് ചെയ്തിരുന്നു. ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈനിലെ ചില ഭാഗങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ചെറിയ മഴയാണ് ഇന്നലെ പെയ്തത്. മലയോര പ്രദേശങ്ങളിലും ഇന്നലെ നേരിയ മഴ ലഭിച്ചു.
വാഹന യാത്രക്കാർ ജാഗ്രത പാലിക്കുക
വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം എന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദേശം. മഴ ശക്തമാകുന്നില്ലെങ്കിലും മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വാദികളിലും താഴ്‌വരകളിലും പോകുന്നവർ സൂക്ഷിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചിലപ്പോൾ ശക്തിപ്രാപിക്കും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവും ഒമാൻ കടലിൽ മിതമായതും ചെറുതുമായ തിരമാലകൾ പ്രതീക്ഷിക്കാം. അബുദാബിയിലും ദുബൈയിലും പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.