Uae weather 24/02/24: നാളെയും മറ്റന്നാളും യുഎഇയില്‍ കനത്ത മഴക്ക് സാധ്യത
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്‌തേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി പ്രവർത്തിക്കും. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാറ്റും, മൂടൽ മഞ്ഞും രൂപപ്പെട്ടിട്ടുണ്ട്.
നാളെയും മറ്റന്നാളും ആകാശം മേഘാവൃതമായിരിക്കും. ഈര്‍പ്പമുള്ള അന്തരീക്ഷം തിങ്കളാഴ്ച വരെ തുടരുമെന്നും ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നും എന്‍സിഎം അറിയിച്ചു. മിക്കയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴക്കാണ്സാധ്യത. വടക്കന്‍, കിഴക്കന്‍, തീരപ്രദേശങ്ങളില്‍ ഇത് കനത്ത മഴയ്ക്ക് കാരണമാവും. മഴയ്ക്ക് പുറമേ കടലില്‍ നിന്ന് ശക്തമായ കാറ്റ് വീശുന്നതിനാല്‍ നാളെ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയും താപനിലയില്‍ കുറവുണ്ടാകുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
വാഹനമോടിക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കാന്‍ ഓവര്‍ടേക്ക് ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുബായ് ആര്‍ടിഎ അഭ്യര്‍ത്ഥിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാലും പാതകളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാവാമെന്നതിനാലും മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വാഹനങ്ങള്‍ നിരത്തിലിറക്കുകയും ദൃശ്യപരത കുറയുമ്പോള്‍ വാഹനങ്ങളില്‍ ലോ-ബീം ഹെഡ്ലൈറ്റുകള്‍ തെളിയിക്കുകയും വേണം.
അതേസമയം ഈ മാസം ആദ്യം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും കാരണമായി. ജുമൈറ വില്ലേജ് സര്‍ക്കിള്‍, ബിസിനസ് ബേ, ബര്‍ഷ ഹൈറ്റ്സ്, ദി ഗ്രീന്‍സ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇടിയും മിന്നലും ശക്തമായിരുന്നു.