UAE weather 04/03/24 : ന്യൂനമര്‍ദം; നാളെ രാത്രി യു.എ.ഇയില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത
അന്തരീക്ഷത്തിലെ താഴ്ന്ന ഉയരത്തിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് യു.എ.ഇയില്‍ നാളെ (തിങ്കള്‍) ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടിയോടുകൂടെയുള്ള മഴക്കാണ് സാധ്യത. ഒമാനിലും നാളെ മുതല്‍ മൂന്നു ദിവസം മഴ സാധ്യത രാവിലത്തെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. യു.എ.ഇയില്‍ നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജിയുടെ രാത്രിയിലെ ബുള്ളറ്റിന്‍ അനുസരിച്ച് നാളെ ശക്തമായ മഴക്കുള്ള മുന്നറിയിപ്പുണ്ട്.
എല്ലാ എമിറേറ്റുകളിലും താപനിലയില്‍ കുറവുണ്ടാകും. താപനില പര്‍വത മേഖലകളില്‍ 9 ഡിഗ്രിയിലും തീരദേശത്ത് 12 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും താപനില. മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. മണിക്കൂറില്‍ 50 കി.മി വരെ വേഗത്തിലുള്ള കാറ്റ് പ്രതീക്ഷിക്കാം. ചിലയിടങ്ങളില്‍ മണല്‍ക്കാറ്റുണ്ടാകും. റോഡുകളില്‍ കാഴ്ചാപരിധി കുറയും.
അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലും പ്രക്ഷുബ്ധമാകും. ചൊവ്വാഴ്ച പലയിടങ്ങളിലും എന്‍.സി.എം മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇന്ന് മഴയും ശക്തമായ കാറ്റും അല്‍ ഐനില്‍ റിപ്പോര്‍ട്ട് ചെയ്തു. അബൂദബിയിലും മഴയുണ്ടായി. ദുബൈ, ഫുജൈറ എന്നിവിടങ്ങളിലും മഴ ലഭിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
നാളെ രാത്രി കനത്ത മഴ സാധ്യത
ന്യൂനമര്‍ദത്തിലേക്ക് തണുത്ത പടിഞ്ഞാറന്‍ കാറ്റ് (പശ്്ചിമവാതത്തിന്റെ ഭാഗം) കൂടി ചേരുന്നതാണ് തണുപ്പ് വര്‍ധിപ്പിക്കാന്‍ കാരണം. അബൂദബിയില്‍ നാളെ രാത്രി 8 മണി മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്. നാളെ രാത്രി ദുബൈ, ഫുജൈറ, റാസ് അല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലും മഴയുണ്ടാകും. ചൊവ്വാഴ്ച ഉച്ചവരെ ശക്തികുറഞ്ഞ മഴ തുടരും. ചൊവ്വാഴ്ച രാത്രി 9 മണിയോടെ ആകാശം തെളിയും.
ബുധനാഴ്ച പ്രസന്നമായ കാലാവസ്ഥയാകും യു.എ.ഇയില്‍ അനുഭവപ്പെടുക. അബൂദബിയില്‍ 27 ഡിഗ്രിയും ദുബൈയില്‍ 25 ഡിഗ്രിയും ആകും കൂടിയ താപനില. ഇവിടങ്ങളില്‍ കുറഞ്ഞ താപനില യാഥാക്രമം 13, 12 ഡിഗ്രിയാകും.