കാജികി ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു, നാളെ കരതൊടും
പസഫിക് സമുദ്രത്തില്‍ ശക്തിപ്രാപിക്കുന്ന ടൈഫൂണ്‍ കാജികിയെ (Typhoon Kajiki) തുടര്‍ന്ന് വിയറ്റ്‌നാമില്‍ 5.86 ലക്ഷം പേരെ ഒഴിപ്പിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കാജികിക്ക് മണിക്കൂറില്‍ 166 കിലോമീറ്റര്‍ വേഗതയുണ്ട്. തിങ്കളാഴ്ച കരതൊടും മുന്‍പ് വീണ്ടും ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും.
വിയറ്റ്‌നാമിന്റെ മധ്യ പ്രവിശ്യകളായ Thanh Hoa, Quang Tri, Hue, Da Nang എന്നിവയിലെ താമസക്കാരോടാണ് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. ബോട്ടു സര്‍വിസുകളും വിമാന സര്‍വിസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ചൈനയിലെ ഹൈനാന് സമീപമാണ് ചുഴലിക്കാറ്റ് തുടരുന്നത്. 32 സെ.മി മഴയാണ് ഇവിടെ പെയ്തതെന്ന് ചൈനീസ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. വിയറ്റ്‌നാമില്‍ കരകയറിയ ശേഷം കാജികി ചുഴലിക്കാറ്റ് ദുര്‍ബലമാകും. കരകയറുമ്പോള്‍ കാറ്റിന് മണിക്കൂറില്‍ 200 കി.മി വേഗതയാണ് പ്രതീക്ഷിക്കുന്നത്. 40 സെ.മി വരെ മഴയും പ്രവചിക്കപ്പെടുന്നുണ്ട്.
ശനിയാഴ്ച ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളും മറ്റും പുറത്തിറക്കുന്നതും വിലക്കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. മത്സ്യബന്ധനം വിലക്കി. അതീവ ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
22 വിമാന സര്‍വിസുകള്‍ ഇതിനകം വിയറ്റ്‌നാം എയര്‍ലൈന്‍സ് റദ്ദാക്കിയിട്ടുണ്ട്. സെട്രല്‍ സിറ്റിയില്‍ നിന്ന് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ സര്‍വിസുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യാഗി ചുഴലിക്കാറ്റും വിയറ്റ്‌നാമില്‍ നാശം വിതച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് ഈ ചുഴലിക്കാറ്റില്‍ മരിച്ചത്. ഇതില്‍ 300 പേരും വിയറ്റ്‌നാമിലാണ് മരിച്ചത്.
English Summary : typhoon kajiki strengthen further before landfall