ഇനി നടക്കുമ്പോള്‍ വളരെയധികം സൂക്ഷിച്ചും കണ്ടും നടക്കണം. കാരണം മഴക്കാലമാണ്, വഴുക്കി വീഴുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ അത് അപകടം ഉണ്ടാക്കും. മഴപെയ്ത് തറയിലും, ഗാർഡനിലെ ചെടിച്ചട്ടികളിലും, ചുറ്റു മതിലിലും പായല്‍ പിടിക്കുന്നത് നമ്മളെല്ലാവരും അനുഭവിച്ചിട്ടുള്ള ഒന്നാണ്. എന്നാല്‍ എങ്ങനെയെല്ലാം നമുക്ക് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാം എന്ന് നോക്കാം.
വിനാഗിരിയും ബേക്കിംഗ് സോഡയും
പായലിനെ നീക്കം ചെയ്യാൻ ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗമാണ് വിനാഗിരിയും ബേക്കിംഗ് സോഡയും. ഇതിനായി പായൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം ആദ്യം നന്നായി നനയ്ക്കുക. പിന്നീട് ബേക്കിംഗ് സോഡ അതിനുമുകളിൽ വിതറുക. അരമണിക്കൂറിനു ശേഷം ഒരു ബക്കറ്റ് വെള്ളത്തിൽ വിനാഗിരി ഒഴിച്ച് മിക്സ് ചെയ്ത് ബേക്കിംഗ് സോഡ ഇട്ട ഭാഗങ്ങളിൽ ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഒരു ബ്രഷ് വെച്ച് നന്നായി ഉരച്ച് കഴുകുക.
തിളച്ച വെള്ളം
കോൺക്രീറ്റ് പ്രതലത്തിൽ അല്പം സ്ഥലത്ത് മാത്രമാണ് പായൽ ബാധിച്ചിരിക്കുന്നത് എങ്കിൽ അത് നീക്കം ചെയ്യാനുള്ള ഏറ്റവും ചിലവ് കുറഞ്ഞത് ഫലപ്രദമായ ഒരു മാർഗ്ഗമാണ് തിളച്ച വെള്ളം ഉപയോഗിക്കുന്നത്. പായൽ പിടിച്ച ഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ബ്രഷ് വെച്ച് ഉരച്ചാൽ പായൽ പെട്ടെന്ന് പോകും. തിളച്ച വെള്ളമൊഴിക്കുമ്പോൾ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ബ്ലീച്ച്
ഒരു ബക്കറ്റിൽ ഒരേ അളവിൽ ബ്ലീച്ചും വെള്ളവും കലർത്തുക. ചൂടുള്ള വെള്ളമാണെങ്കിൽ അത്രയും നല്ലത്. ഇത് പായലുള്ള സ്ഥലങ്ങളിൽ ഒഴിച്ചുകൊടുക്കുക. ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വെള്ളമൊഴിച്ച് കഴുകുക.
ചെടിച്ചട്ടികളിലെ പായൽ കളയാൻ
മഴക്കാലമായാൽ ചെടിച്ചട്ടികളിലും പായൽ നിറയും. ഒരു ബക്കറ്റിൽ ബേക്കിംഗ് സോഡയും വിനാഗിരിയും, അല്പം വെള്ളവും മിക്സ് ചെയ്ത് ഒരു കോട്ടൺ തുണിയോ സ്പോഞ്ചോ ഇതിൽ മുക്കി ചെടിച്ചട്ടി നന്നായി ഉരച്ചു കഴുകുക. ചട്ടികളുടെ പായൽ ഇല്ലാതാക്കി ചട്ടിക്ക് നല്ല തിളക്കവും നൽകും.
പായലിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണലുള്ള പ്രദേശങ്ങളിലാണ് പായൽ വേഗത്തിൽ വരുക. അതിനാൽ പായൽ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ സൂര്യപ്രകാശം ലഭിക്കത്തക്ക രീതിയിൽ തുറസ്സായി തുടരാൻ അനുവദിക്കുക.
പ്രതലങ്ങളിൽ ജലാംശം തങ്ങി നിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. കാരണം ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിലാണ് പായൽ പെട്ടെന്ന് വളരുക.
ഗാർഡനിലെ പുൽത്തകിടിയിൽ അല്പം മാത്രം വെള്ളം ഒഴിക്കുക. ജലാംശം അധികമായി നിന്നാൽ പായൽ വളരും, പുൽ തകിടികൾ നശിക്കുകയും ചെയ്യും.