അമേരിക്കയിലെ ടെക്‌സസിലും ഒക്‌ലഹോമയിലും വെള്ളിയാഴ്ചയുണ്ടായ ടൊർണാഡോയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽ്ക്കുകയും ചെയ്തു. 50 ലേറെ വീടുകൾ തകർന്നു. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഒക്‌ലഹോമയുടെ തെക്കൻ മേഖലയിലെ മക് കർടെയ്ൻ കൗണ്ടിയിൽ ടൊർണാഡോയിൽ ഒരാൾ മരിച്ചെന്ന് കൗണ്ടി എമർജൻസി മാനേജർ കോഡി മക്ഡാനിയൽ അറിയിച്ചു.
ഇഡ്‌ബെൽ നഗരത്തിലെ ചർച്ച്, മെഡിക്കൽ സെന്റർ, സ്‌കൂൾ എന്നിവയും ടൊർണാഡോയിൽ തകർന്നു. നഗരത്തിലെ കിഴക്കും തെക്കും മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങളുമുണ്ടായത്. ഒക്്‌ലഹോമയിലെ തെക്കേ അറ്റത്താണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇഡ്‌ബെൽ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഗവർണർ കെവിൻ സ്റ്റിറ്റ് പറഞ്ഞു. ഈ മേഖലയിൽ മിന്നൽ പ്രളയവും ഉണ്ടായി. ഒക്്‌ലോഹമക്കാർക്ക് വേണ്ടി പ്രാർഥിക്കണമെന്നും ഗവർണർ ജനങ്ങളോട് അഭ്യർഥിച്ചു.
യു.എസ് കാലാവസ്ഥാ വകുപ്പായ നാഷനൽ വെതർ സർവിസിന്റെ (എൻ.ഡബ്ല്യു.എസ്) റിപ്പോർട്ട് പ്രകാരം ടെക്‌സസിലും അർകനസാസിലും ടൊർണാഡോയുണ്ടായി. ഈ കാറ്റ് ലൂസിയാനയിലേക്ക് നീങ്ങിയെന്നും എൻ.ഡബ്ല്യു.എസ് പറഞ്ഞു.