രാജ്യം മുഴുവൻ തക്കാളിയുടെ വില വർദ്ധനവ് ഒരു ചർച്ചാ വിഷയമാണ്. എന്തുകൊണ്ടാണ് തക്കാളി ക്ഷാമം രൂക്ഷമാകുന്നത്? നമ്മൾക്ക് തക്കാളി കിട്ടാത്തതിന്റെയും വിലവർധനയുടെയും ആശങ്കയാണെങ്കിൽ തങ്ങളുടെ അധ്വാനവും പണവും നഷ്ടപ്പെട്ടതിന്റെ ആശങ്കയിലാണ് കർണാടകയിലെ കർഷകർ. എല്ലാ വർഷവും കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്കും ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിലേക്കും മെയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ തക്കാളി കയറ്റി അയക്കുന്നത് കർണാടകയിലെ കോലാറിൽ നിന്നാണ്. കോലാർ ഏഷ്യയിലെ തന്നെ രണ്ടാമത്തെ തക്കാളി കമ്പോള മാർക്കറ്റാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെയ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കോലാറിലെ കാലാവസ്ഥ തക്കാളി ഉൽപാദനത്തിന് ഏറ്റവും ഗുണകരമാണെന്നാണ് കർഷകർ പറയുന്നത്. അതുകൊണ്ടുതന്നെ കയറ്റുമതിയുടെ ഗുണനിലവാരം ഉറപ്പിക്കാൻ കോലാറിലെ തക്കാളിയാണ് കച്ചവടക്കാർ കൂടുതൽ ആശ്രയിക്കുന്നത്.
ഇത്തവണ കോലാറിലെ തക്കാളിക്ക് എന്തുപറ്റി?
കോലാറിലെ തക്കാളി പാടങ്ങളിൽ വില്ലനായി എത്തിയ ‘വൈറസ് ‘ ആണ് ഇത്തവണ തക്കാളി വില സെഞ്ച്വറിയിൽ എത്തിച്ചത്. ‘തക്കാളി ചെടിയുടെ ഇലയിൽ വെളുത്ത നിറത്തിൽ ഒരു വസ്തു. ഈ വസ്തു വന്നതിനുശേഷം ഇലകൾ ചുരുണ്ടു, ചെടികൾ ഉണങ്ങി തുടങ്ങി. കൃഷി ചെയ്ത തക്കാളി ചെടികൾ എല്ലാം ഇങ്ങനെ ആയി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച് വൈറസ് ബാധ ആണെന്ന് സ്ഥിരീകരിച്ചു. വിളവെടുപ്പ് ആകുമ്പോഴേക്കും വൈറസ് ബാധ മാറും എന്ന പ്രതീക്ഷയിൽ ആയിരുന്നു കർഷകർ. എന്നാൽ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 45 ദിവസം കൊണ്ട് വിളവെടുക്കുന്ന തക്കാളി വൈറസ് ബാധ കാരണം 70 മുതൽ 100 ദിവസം വരെ എടുത്താണ് പാകമാകുന്നത്. അതുകൊണ്ടുതന്നെ സമയവും പണവും എല്ലാം നഷ്ടപ്പെട്ട് കർഷകർ ദുരിതത്തിലാണ് . ശാസ്ത്രീയമായ ഒരു പരിഹാരവും കൃഷിവകുപ്പോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഒന്നും നൽകിയിട്ടില്ല.അതുകൊണ്ടുതന്നെ കർഷകർ അമിതമായി കീടനാശിനി ഉപയോഗിക്കുകയാണ്. വൈറസ് ബാധയ്ക്ക് കൃത്യമായ ഒരു പരിഹാരം ലഭിച്ചില്ലെങ്കിൽ തക്കാളി വില ഇനിയും ഉയരും.
ഇങ്ങനെ തക്കാളി വില ഉയരുന്നത് കർഷകർക്ക് യാതൊരുവിധ നേട്ടവും ഉണ്ടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വൈറസ് ബാധയെ പ്രതിരോധിച്ച് വിളവെടുപ്പ് സമയം ആകുമ്പോഴേക്കും നല്ലൊരു തുക നഷ്ടമാണെന്ന് കർഷകർ പറയുന്നു. മുതൽ മുടക്കിന്റെ 40% എങ്കിലും തിരിച്ചുപിടിച്ചില്ലെങ്കിൽ അടുത്ത തവണ കൃഷിയിടക്കാൻ ആവില്ലെന്ന് കർഷകർ പറയുന്നു. സാധാരണയിൽ കൂടുതൽ കീടനാശിനി അടിച്ച തക്കാളികൾ നമ്മുടെ മാർക്കറ്റുകളിൽ എത്തുകയും ചെയ്യും.
തക്കാളി വില കുതിച്ചുയരുന്നു; കർഷകർക്ക് ലാഭമോ?