India weather 15/04/24 : ഗൾഫ് മഴ ഇന്ത്യയിലേക്ക്; പാക്കിസ്ഥാനിൽ 30 മരണം

India weather 15/04/24 : ഗൾഫ് മഴ ഇന്ത്യയിലേക്ക്; പാക്കിസ്ഥാനിൽ 30 മരണം

ഗൾഫ് മേഖലക്ക് മുകളിൽ ഉണ്ടായ ന്യൂനമർദ്ദം മൂലമുള്ള അസ്ഥിര കാലാവസ്ഥ പാക്കിസ്ഥാനിലേക്കും വടക്കു പടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. പാകിസ്ഥാനിൽ കഴിഞ്ഞദിവസം രാത്രി ഉണ്ടായ കനത്ത മഴയും മിന്നലും മൂലം 30 പേർ മരിച്ചു. ഇന്നലെ ഒമാനിലും ശക്തമായ മഴയിലും പ്രളയത്തിലും മലയാളി ഉൾപ്പെടെ 12 പേർ മരിച്ചിരുന്നു. ഇതിൽ ഒൻപത് പേർ സ്കൂൾ കുട്ടികളാണ്.

ഗൾഫിൽ ശൈത്യ കാലത്തിനുശേഷം ചൂട് കൂടി തുടങ്ങിയിട്ടുണ്ട്. ഗൾഫിലെ വരണ്ട ചൂടുള്ള കാറ്റും ധ്രുവ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റും സംഗമിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേക പ്രതിഭാസമാണ് മഴക്ക് കാരണമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. അടുത്ത ദിവസങ്ങളിൽ ഇതിൻ്റെ ഭാഗമായി മഴയും മഞ്ഞവീഴ്ചയും ഉത്തരേന്ത്യയിലും ഉണ്ടാകും.

കഴിഞ്ഞ 48 മണിക്കൂറിനിടയാണ് പാകിസ്ഥാനിൽ 30 പേർ മഴയും മിന്നലുംമൂലം മരിച്ചതെന്ന് പാകിസ്ഥാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA) അറിയിച്ചു. മധ്യ പ്രവിശ്യയായ പഞ്ചാബിൽ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ മിന്നലിൽ 17 പേർ മരിച്ചു.

തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കനത്ത മഴയെ തുടർന്നാണ് എട്ടുപേർ മരിച്ചതെന്ന് എൻ.ഡി.എം.എ ഉദ്യോഗസ്ഥൻ ഫാറൂഖ് അഹമ്മദ് പറഞ്ഞു. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നും മതിലിടിഞ്ഞു വീണും മണ്ണിടിച്ചിലിലും അഞ്ചുപേർ മരിച്ചു.

വരുംദിവസങ്ങളിലും പാക്കിസ്ഥാനിൽ ശക്തമായ മഴ ഉണ്ടാകും എന്നാണ് പാകിസ്ഥാനിലെ മുതിർന്ന മീറ്റിയോറോളജിസ്റ്റ് സർദാർ സർഫാസ് പറയുന്നത്. ഇന്നുവരെ ശക്തമായ മഴക്കും ഉരുൾപൊട്ടലിനും പാക്കിസ്ഥാൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നിരവധി വീടുകളും സ്ഥാപനങ്ങളും കൃഷിയിടങ്ങളും കനത്ത മഴയിൽ നശിച്ചു. ദുരന്ത നിവാരണ സേനയും പോലീസും അർദ്ധ സൈനിക വിഭാഗവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും ഉത്തരേന്ത്യയിലും ഇന്നലെ മുതൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മധ്യ ധരണ്യാഴിയിൽ നിന്ന് തുർക്കി, ഇറാൻ, പാക്കിസ്ഥാൻ വഴി ഇന്ത്യയിൽ എത്തുന്ന പശ്ചിമവാതം (Western Disturbance) നെ ഗൾഫ് മേഖലയിൽ ഉണ്ടായ ന്യൂനമർദ്ദം ശക്തിപ്പെടുത്തുമെന്നും ഇന്ത്യയിലെ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 48 മണിക്കൂറിൽ രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, തുടങ്ങിയ മേഖലകളിലാണ് മഴയുണ്ടാവുക.സിക്കിം, വെസ്റ്റ് ബംഗാൾ, ഹിമാലയൻ പ്രദേശങ്ങൾ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. രാജസ്ഥാന് മുകളിൽ ചക്രവാതചുഴി കൂടി രൂപപ്പെട്ടത് മഴ കനക്കാനിടയാകും.

© Metbeat News

metbeat news

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം ഇവിടെ ക്ലിക്ക് ചെയ്യുക.

FOLLOW US ON GOOGLE

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment