ഇന്തോനേഷ്യയിലെ സുമാത്രക്ക് അടുത്ത് മൂന്നു തവണ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെയാണ് ആദ്യ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ലെന്ന് ഇന്തോനേഷ്യൻ മീറ്റിയോറോളജി ആന്റ് ജിയോഫിസിക്‌സ് ഏജൻസി അറിയിച്ചു.
സുമാത്ര ദ്വീപിനു സമീപം തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. മെൻടാവി ദ്വീപിനു സമീപമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 10.30 ഓടെ സുനാമി മുന്നറിയിപ്പില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് 5.4, 5.2 തീവ്രതയുള്ള തുടർ ചലനങ്ങളും ഒരു മണിക്കൂറിനുള്ളിലുണ്ടായി.
മെൻടാവി ദ്വീപിൽ ഏതാനും സെക്കന്റുകൾ ശക്തമായ ചലനം അനുഭവപ്പെട്ടെന്ന് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ദ്വീപിൽ ചെറിയ നാശ്‌നഷ്ടങ്ങളേ ഉള്ളൂവെന്ന് ഏജൻസി പറഞ്ഞു. ആളപായം സംബന്ധിച്ച റിപ്പോർട്ടുകളില്ല. 2009 ൽ 7.6 തീവ്രതയുള്ള ഭൂചലനം ഈ മേഖലയിലുണ്ടായിരുന്നു. ഇതിൽ 1,100 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യ വിവിധ ടെക്ടോണിക് പ്ലേറ്റുകളിലാണ് സ്ഥിതി ചെയ്യുന്നത്. പസഫിക് റിംഗ് ഓഫ് ഫയർ എന്നാണ് ഇന്തോനേഷ്യയെ വിളിക്കുന്നത്. അതിനാൽ ഇവിടെ ഭൂചലനം പതിവാണ്. ടെക്ടോണിക് പ്ലേറ്റുകൾ തമ്മിലുരസുകയോ തെന്നുകയോ ചെയ്യുമ്പോഴാണ് ഭൂചലനം സംഭവിക്കുന്നത്. 2004 ൽ സുമാത്രയിലുണ്ടായ ശക്തിയേറിയ ഭൂചലനമാണ് ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ സുനാമിക്ക് കാരണമായത്.