ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും മലപ്പുറത്തേത് ഭൂചലനമെന്ന് സ്ഥിരീകരണമില്ല
മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തില്‍ ഇന്ന് രാവിലെ അനുഭവപ്പെട്ട ഭൂമിക്കുള്ളിലെ മുഴക്കം ഭൂചലനമെന്ന് സ്ഥിരീകരണമില്ല. ഭൂചലന മാപിനികളിലൊന്നും ഇത് രേഖപ്പെടുത്തിയില്ല. വയനാട്ടിലെ ഉരുള്‍പൊട്ടലിന് പിന്നിലെ ഭൂമിക്കുള്ളില്‍ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനു സമാനമാണ് ഇതെന്നാണ് നിരീക്ഷണം.
അന്നും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തില്‍ ഇന്ന് രാവിലെ 10.45 ഓടെയാണ് ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം അനുഭവപ്പെട്ടത്. പിന്നാലെ ജിയോളജി വകുപ്പ് അധികരടക്കമെത്തി പരിശോധന നടത്തി.
15ാം വാര്‍ഡില്‍ അച്ചാര്‍ കമ്പനി, പന്നിക്കോട് മേഖലകളിലാണ് ഭൂചലനം പോലെ അനുഭവപ്പെട്ടത്. ഉഗ്രശബ്ദം കേട്ടെമന്നും നേരിയ തോതില്‍ കുലുക്കം അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. സെക്കന്റുകള്‍ നീണ്ട പ്രകമ്പനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല. പൂക്കോട്ടുപാടം പൊലിസും ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
11 വീടുകളില്‍ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിന്റെ ജനലുകള്‍ ഇളകുകയും മേല്‍ക്കൂരയില്‍ പ്രകമ്പനം ഉണ്ടാകുകയും ചെയ്തു.
ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രമോ മറ്റ് വിദേശ ഭൂചലന നിരീക്ഷണ ഏജന്‍സികളോ മലപ്പുറത്ത് ഭൂചലനമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.
Metbeat news