climate change: ലോകം വളരുമ്പോൾ ഭൂമി വരളുന്നു
ഡോ.ഗോപകുമാർ ചോലയിൽ
” ഈ നൂറ്റാണ്ടിലെ യുദ്ധങ്ങൾ എണ്ണയ്ക്ക് വേണ്ടിയാണെങ്കിൽ, വരുന്ന നൂറ്റാണ്ടിലേത് വെള്ളത്തിന് വേണ്ടിയായിരിക്കും”
— ഇസ്മയിൽ സെരാ ഗെൽഡിൽ, ലോക ബാങ്ക് മുൻ വൈസ് പ്രസിഡൻ്റ്. 1995-ൽ ലോകം ശ്രവിച്ച പ്രവചനസ്വഭാവമുള്ള വാക്കുകളായിരുന്നു മേൽ ഉദ്ധരണി. ജനങ്ങളെ വിഹ്വലരാക്കി ശ്രദ്ധ ആകർഷിക്കുവാൻ ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു വസ്തുതയെ ആലങ്കാരികഭാഷയിൽ ചമച്ചുണ്ടാക്കിയ കേവലം ഒരു തള്ള് എന്ന് ഈ വാക്കുകളെ ലോകം അന്ന് നിസ്സാരമാക്കി. എന്നുവരികിലും, ലോകത്തെ ചെറുതായി അമ്പരപ്പിച്ച ഈ വാചകങ്ങൾക്ക് പക്ഷേ, ഇന്ന് ഭയാനകമാനങ്ങൾ കൈവന്നിരിക്കുന്നു. ജലതർക്കങ്ങൾ, ജലശോഷണം, വരൾച്ച- ഇത്യാദി വിഷയങ്ങളിൽ ഇന്നത്തെ പല വാർത്തകളും സംഭവങ്ങളും പരിശോധിച്ചാൽ, അവ മേൽപ്രവചനത്തിൻ്റെ ആലങ്കാരികതയെപ്പോലും അതിശയിക്കുംവിധത്തിലുള്ള ഭയാനക യാഥാർത്ഥ്യങ്ങളായി പരിണമിക്കപ്പെട്ടിരിക്കുന്നു എന്നുതന്നെ കണ്ടെത്താം.
climate change: ലോകം വളരുമ്പോൾ ഭൂമി വരളുന്നു
ഇന്ത്യ ഉൾപ്പെടെ, പല രാജ്യങ്ങളിലും കടുത്ത ജലക്ഷാമം വാർത്താ മാധ്യമങ്ങളുടെ പ്രധാന തലവാചകമായി മാറിയിരിക്കുന്നു. “ദ്രവസ്വർണ്ണ” മെന്നത് എണ്ണയല്ല; ജലമാണ് എന്ന് എണ്ണരാഷ്ട്രങ്ങൾ പോലും തിരുത്തിപ്പറയുന്ന സ്ഥിതിവിശേഷത്തിലെത്തിയിരിക്കുന്നു.
ജലം സംബന്ധമായ സംഘർഷങ്ങൾ ഇപ്പോൾ വാർത്ത പോലുമല്ലാത്ത വർത്തമാനകാല യാഥാർത്ഥ്യമാണ്.
വിലകൊടുത്തു വാങ്ങേണ്ടിവരുന്ന ജലം
ജലം എന്ന, സമാനതകളില്ലാത്ത പ്രകൃത്യുൽപ്പന്നത്തിൻ്റെ ലഭ്യത, സംശുദ്ധി, ജലസംബന്ധമായ ഉൽക്കണ്ഠകൾ, അവകാശത്തർക്കങ്ങൾ, എന്നിങ്ങനെ വിവിധ തലങ്ങളിൽ ആ സംഘർഷം പ്രതിഫലിക്കുന്നു. ജലത്തിൻ്റെ അപാര വിപണനസാധ്യതകൾ മുന്നിൽക്കണ്ട്, വൻ മുതലാളിത്തകുത്തകകൾ ദരിദ്ര/വികസ്വര രാഷ്ട്രങ്ങളിലെ ജലസ്രോതസ്സുകൾ മോഹവില നൽകി സ്വന്തമാക്കുന്നു. പ്രകൃതിയുടെ ദാനമായ ജലം ഇപ്പോൾ തന്നെ പറഞ്ഞ വില കൊടുത്ത് വാങ്ങേണ്ടി വരുന്നു. വരും കാലങ്ങളിൽ ഒരു പക്ഷേ വില നല്കുവാൻ തയ്യാറായാൽപ്പോലും ലഭിക്കുവാൻ സാധ്യത മങ്ങുന്ന ഒരു അപൂർവ്വ ഉത്പന്നമായിപ്പോലും ജലം മാറിയേക്കാം.
വരൾച്ച ബാധിച്ച ബംഗളൂരു നഗരം
ഒരിറ്റ് ദാഹജലത്തിനു വേണ്ടി വിയർത്തും കിതച്ചും പരക്കംപായുന്ന ബെംഗളുരു നഗരത്തിൻ്റെ നിസ്സഹായത വാർത്തകളിൽ നിറയുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇസ്മയിൽ സെരാ ഗെൽഡിലിൻ്റെ പ്രവചനസ്വഭാവമുള്ള വാചകങ്ങൾ ഓർമ്മയിൽ വന്നത്. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളും കടുത്ത വരൾച്ചയിലമർന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കർണ്ണാടക സംസ്ഥാനത്തിലെ 236 താലൂക്കുകളിൽ 223 എണ്ണവും വരൾച്ചാബാധിതമാണ്. കടുത്ത ജലപ്രതിസന്ധി അനുഭവപ്പെടാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ ബെംഗളുരുവിൻ്റെ സ്ഥാനം രണ്ടാമത്തേതായിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
ബെംഗളൂരു ജലപ്രതിസന്ധി- കാരണങ്ങൾ
ബെംഗളുരു നേരിടുന്ന ജലക്ഷാമത്തിന് കാരണങ്ങൾ പലതുണ്ട്. 2022ലും, 2023ലും മഴപ്പെയ്ത്ത് വല്ലാതെ കണ്ട് ശോഷിച്ചതാണ് നിലവിൽ ബെംഗളൂരു നഗരം നേരിടുന്ന അതിരൂക്ഷമായ ജലദൗര്ലഭ്യത്തിന് വഴിയൊരുക്കിയ ഒരു കാരണം. കേന്ദ്രകലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം 2023 ൽ വാർഷിക മഴയിൽ കർണാടക സംസ്ഥാത്ത് 19 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. തെക്കുപടിഞ്ഞാറൻ മൺസൂണിൽ മാത്രം ഉണ്ടായ മഴക്കുറവ് 18 ശതമാനവുമാണ്. വടക്കുകിഴക്കൻ മൺസൂൺ ആകട്ടെ 36 ശതമാനത്തോളവും കുറഞ്ഞു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ അനുഭവപ്പെട്ട മഴക്കുറവാണ് സ്ഥിതിഗതികൾ ഇത്രയേറെ സങ്കീർണ്ണമാക്കിയത്. മഴയിൽ ഉണ്ടായ കുറവ്, ബെംഗളുരുവിന്റെ പ്രധാന ജലസ്രോതസ്സായ കാവേരിനദിയുടെ ജലസമ്പത്തിലാണ് പിടിമുറുക്കിയത്. നദീജല വിതരണത്തിലുണ്ടായ താഴ്ച, കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും ജലമില്ലാതെ നഗരം നട്ടം തിരിയുമെന്നതിന്റെ സൂചന നൽകിയിരുന്നു. കാവേരി നദിയുടെ പ്രധാന ജലസംഭരണികളായ ഹരാംഗി, ഹേമാവതി, കബനി എന്നിവയിൽ അവയുടെ സംഭരണ ശേഷിയുടെ 39 ശതമാനം ജലം മാത്രമാണ് 2024 മാർച്ച് വരെയുണ്ടായിരുന്നത്.
നഗരവൽക്കരണം വ്യാപകമായതും നഗരപ്രദേശങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയും ബെംഗളൂരു നഗരത്തിൻറെ ഭൗമോപരിതലപ്രകൃതത്തെ മാറ്റിമറിക്കുന്ന വിധത്തിലുള്ളവയായിരുന്നു. നഗരത്തിൻറെ സ്വാഭാവിക ഭൂപ്രകൃതി പെയ്ത്ത് വെള്ളത്തെ ധാരാളമായി ആഗിരണം ചെയ്യുന്നതായിരുന്നു. എന്നാൽ, നഗരവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ നിലം കോൺക്രീറ്റ് ചെയ്യൽ, റോഡ് നിർമ്മാണം എന്നിവയുടെ വ്യാപക സ്വഭാവം ഭൂമിയുടെ സ്വാഭാവിക ജലാഗിരണശേഷിയെ ദുര്ബലമാക്കി. പെയ്‌ത്തുവെള്ളം ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങിച്ചെല്ലാത്ത അവസ്ഥയുണ്ടായപ്പോൾ സ്വാഭാവികമായും ഭൂഗർഭജല പരിപോഷണം ദുർബലമായി. മാത്രമല്ല, വികസന പ്രക്രിയയുടെ ഭാഗമായി നടത്തപ്പെട്ടിരുന്ന ഭൂപരിഷ്ക്കാരങ്ങളെല്ലാം തന്നെ, ജലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കാത്തവയും ജലം സുഗമമായി ഒഴുകിപ്പോകാൻ സഹായിക്കുന്ന വിധത്തിലുള്ളവയുമായിരുന്നു.
തന്നെയുമല്ല, നദീജലവിതരണം കൃത്യമായി നടക്കാതിരുന്ന അവസ്ഥയിൽ നഗരവാസികൾ ജലത്തിനുവേണ്ടി കുഴൽക്കിണറുകളെ വൻതോതിൽ ആശ്രയിക്കുവാനും ആരംഭിച്ചു. ഭൂഗര്ഭജലവിതാനം പരിപോഷിപ്പിക്കപ്പെടാതെ നിലകൊള്ളുന്ന അവസ്ഥയിൻ തന്നെ കുഴൽക്കിണറുകൾ വഴിയുള്ള ഭൂഗര്ഭജലവിനിയോഗം കൂടി അമിതമായതോടെ, ഭൂഗർഭജലവിതാനം നന്നേ താഴുകയും കുഴൽ കിണറുകൾ വറ്റുകയും ചെയ്തു. ഭൂഗര്ഭജലശോഷണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. മാത്രമല്ല, ഭൂഗര്ഭജലപോഷണത്തെ ഏറെ തുണയ്ക്കുന്ന തണ്ണീർത്തട സ്വഭാവമുള്ള ‘ടാങ്കുകൾ’ എന്ന ജലസംഭരണികളിൽ മഴക്കുറവ് മൂലവും വ്യാപകമായ നഗരവൽകരണം മൂലവും ജലപരിപോഷണം നടന്നില്ല.
അതിന്റെ പരിണതഫലമായാണ് തടാകങ്ങൾ കടുത്ത ജലശോഷണത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായത്. മാത്രമല്ല, ഈ അവസ്ഥ ഭൂഗർഭ ജലശോഷണത്തിനും മറ്റൊരു കാരണമായി. പുറമെ, ജലവിതരണ – മലിനജലനിർഗമന സംവിധാനങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഘടനയും പ്രവർത്തനക്രമവും അതിവേഗം വളരുന്ന നഗരജീവിതത്തിനൊപ്പമെത്തുന്നതിൽ പലപ്പോഴും പരാജയം രുചിച്ചു.
ജനസംഖ്യപ്പെരുപ്പത്തിലുണ്ടായ കുതിച്ച് ചാട്ടവും അതുവഴിയുണ്ടായ അധിക ജല ആവശ്യകതയും കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഇത്തരം പാകപ്പിഴകൾ തടസ്സമായി എന്നതും ജലപ്രതിസന്ധിയ്ക്ക് വഴിയൊരുക്കി. ജലപ്രതിസന്ധിയുടെ കാര്യത്തിൽ ബെംഗളൂരു ഒറ്റപ്പെട്ട ഉദാഹരണമല്ല; സമീപ ഭാവിയിൽ ലോകം നേരിടേണ്ടി വരുന്ന വലിയൊരു വിപത്തിന്റെ സൂചനകളിലൊന്ന് മാത്രമാണ്.
ജൈവമണ്ഡലത്തെ സംരക്ഷിച്ചും നിലനിർത്തിയും പോരുന്ന അവശ്യപ്രകൃതിവിഭവമാണ് ജലം. അതിലുപരി, കലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു പ്രകൃതിവിഭവം എന്ന നിലയിലും ജലത്തിന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിരിക്കുന്നു.
ദ്രുതഗതിയിലുള്ള നഗരവൽക്കരണം, വിവേകശൂന്യമായ വ്യവസായവൽക്കരണം, ദീർഘവീക്ഷണമില്ലാത്ത പാരിസ്ഥിതിക ശിഥിലീകരണം, വർദ്ധിച്ചതോതിലുള്ള ജനപ്പെരുപ്പം മൂലമുള്ള ആവശ്യങ്ങൾ നിറവേറ്റുവാനും വികസന ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുവാനുമുള്ള തത്രപ്പാടുകളിലെ പാകപ്പിഴവുകൾ എന്നിവയും ജലവിഭവലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു. അസൂത്രണ മികവ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം വികസനപ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക അസംതുലിതാവസ്ഥകളിലേയ്ക്ക് വഴിതെളിയിക്കുന്നത്.
വേനൽക്കാലത്ത് വരൾച്ചയെ നേരിടുന്ന നഗരങ്ങൾ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നു
ഇന്ത്യയിൽ, ഇന്ന് ബെംഗളൂരു നഗരവും, ലോകത്തെ മറ്റ് പല നഗരങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ജലക്ഷാമം ഇത്തരം തലതിരിഞ്ഞ വികസനപ്രവർത്തനങ്ങളുടെ ഒരു ഉപോല്പന്നം തന്നെയെന്ന് നിസ്സംശയം ഉറപ്പിക്കാം.
എന്നാൽ, വേനൽമാസങ്ങളിൽ കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടേണ്ടിവന്നിട്ടുള്ള ഇതേ നഗരങ്ങൾ തന്നെ ചില വർഷങ്ങളിൽ തുടർന്ന് വരുന്ന മഴക്കാലത്ത് കനത്ത വെള്ളപ്പൊക്കം, വെള്ളക്കെട്ട് മുതലായ സ്ഥിതി വിശേഷങ്ങളെയും നേരിടേണ്ടി വരുന്നുവെന്നതാണ് കൗതുകകരമായ വൈരുദ്ധ്യം. കാലാവസ്ഥയിൽ ഋതുഭേദങ്ങൾ മാറുന്നതിനനുസരിച്ച് അന്തരീക്ഷതാപനത്തിന്റെ വർധനവും ജലക്ഷാമവും മഴമാസങ്ങളിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവുമെല്ലാം പതിവുള്ളതാണ്. മുൻകാലങ്ങളിൽ അതൊന്നും വാർത്തകളായിരുന്നില്ല.
എന്നാൽ, സമീപവർഷങ്ങളിൽ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളിൽ ഇത്തരം പ്രതിസന്ധികൾ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ രൂക്ഷഭാവമാർജിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്. 2016 ൽ കേപ്പ്ടൗണിൽ അനുഭവപ്പെട്ട അതികഠിനമായ ജലശോഷണമാണ് സമീപവർഷങ്ങളിൽ ലോകം കണ്ട അതിരൂക്ഷമായ ജലപ്രതിസന്ധിഘട്ടം. 2014 ൽ ലോകത്തിലെ 500 വൻ നഗരങ്ങളിൽ നടത്തിയ ഒരു സർവ്വേപ്രകാരം നാലിലൊന്ന് നഗരങ്ങൾ കഠിനമായ ജലക്ഷാമം അഭിമുഖീകരിക്കേണ്ടിവരുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.
ഇതിൽ കേപ്പ് ടൗണിൽ അനുഭവപ്പെട്ട സ്ഥിതിവിശേഷം, ഭാവിയിൽ ലോകത്തെ പല നഗരങ്ങളും നേരിടുവാനിരിക്കുന്ന പ്രതിസന്ധിയുടെ ചെറിയൊരു മുന്നറിയിപ്പ് മാത്രവും. 2030 ആകുമ്പോഴേക്കും ലോകത്തെ ജല ആവശ്യകത, ഭൂമിയിൽ ലഭ്യമായ വിഭവശേഷിയേക്കാൾ 40 ശതമാനം അധികരിച്ചുനിൽക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ അനുമാനിത പഠനങ്ങൾ വെളിപ്പെടുത്തുന്നു. ജനസംഖ്യാപെരുപ്പം, ജലത്തിന്റെ അമിതോപഭോഗ ശീലങ്ങൾ, ഭൂമിയിലെ ജലവിഭവശോഷണം, കാലാവസ്ഥയിലെ ദ്രുതവ്യതിയാനങ്ങൾ എന്നിവയുടെ ഒരു സംയോജിത പ്രഭാവത്തിന് ആക്കം കൂട്ടുന്ന വിധത്തിലായിരിക്കും അത്തരമൊരവസ്ഥ.
ജലം വേണ്ടത്ര ലഭിക്കാതെ വരിക എന്ന അവസ്ഥ പുതിയതൊന്നുമല്ല. ഏതുകാലത്തും ഭൂമിയുടെ ഏതെങ്കിലുമൊക്കെ ഭാഗത്ത് ജീവിക്കുന്നവർ ജലക്ഷാമം അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോള ജനസംഖ്യയിലുണ്ടായ ഭീമമായ പെരുപ്പവും ചേർന്നാണ് ജലപ്രതിസന്ധി ഇത്രയും ഭീകരാവസ്ഥ കൈവരിച്ചത്.
1960 കൾ മുതൽ ഭൂമിയിലെ ജനങ്ങൾ നേരിടേണ്ടി വന്ന ജലസമ്മർദ്ദഘട്ടങ്ങളുടെ നാൾവഴികൾ പരിശോധിക്കാം
1960-കളിൽ ലോക ജനസംഖ്യയുടെ ഒൻപത് ശതമാനത്തോളം കടുത്ത ജലക്ഷാമം നേരിടുന്ന ഭൂവിഭാഗങ്ങളിൽ വസിച്ചിരുന്നു.
1990- ഇരുപത് രാഷ്ട്രങ്ങൾ ജല പരിമിതങ്ങളായി മാറി. 2025- കടുത്ത ജലക്ഷാമം നേരിടുന്ന ഭൂവിഭാഗങ്ങളിൽ അധിവസിക്കുന്ന ജനത 35 ശതമാനം ആയി ഉയർന്നു.
2025- മുപ്പത് രാഷ്ട്രങ്ങൾ ജലക്ഷാമം നേരിടുന്നവയായി തീർന്നേക്കാം. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾ ഏതാണ്ട് 1.8 ബില്യൺ ആയി ഉയരാം.
2025ൽ ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം ജല പ്രതിസന്ധി അഭിമുഖീകരിക്കുന്നവർ ആയിരിക്കും . 2030-ഇന്നത്തെ നിലയിൽ ജലഉപഭോഗം തുടർന്നാൽ ആകെ ജല ആവശ്യകതയുടെ 60 ശതമാനത്തോളം മാത്രം നിവർത്തിക്കുവാനുള്ള ജലമേ ഉണ്ടാവുകയുള്ളു എന്ന അവസ്ഥയാണ് നേരിടേണ്ടി വരിക.
2050- ജല ആവശ്യകത നിലവിലുള്ളതിൽ 55 ശതമാനം അധികമായിരിക്കും .
വികസ്വര രാഷ്ട്രങ്ങളുടെ അഞ്ചിലൊന്ന് കടുത്ത ജലക്ഷാമം അഭിമുഖീകരിക്കുന്ന അവസ്ഥയിലായിരിക്കും.
വെള്ളക്കെട്ട് തടയുവാൻ ഫലപ്രദമായ ജലനിർഗ്ഗമന സംവിധാനങ്ങൾ ഉള്ള നഗരപ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളെ അപേക്ഷിച്ച് വരൾച്ചാസാധ്യത കൂടുതലാണ്. കെട്ടിനിൽക്കുന്ന അവസ്ഥയിലുള്ള ജലം പരമാവധി ഭൂഗർഭത്തിലേയ്ക്ക് ആഴ്‌ന്നിറങ്ങുമെന്നതിനാലാണ് വരൾച്ച സാധ്യത കുറയുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം മൺസൂൺ മഴയിൽ സംഭവിക്കുന്ന ക്രമക്കേടുകൾ, ജനസംഖ്യാപെരുപ്പം, ജല ആവശ്യകതയിൽ ഉണ്ടായ വർദ്ധനവ്, ആസൂത്രണ പരിപാടികളിലെ ദീര്ഘവീക്ഷണമില്ലായ്മ, ജലസംഭരണ സംവിധാനങ്ങളിലെ അപാകതകൾ, ജലം പാഴാക്കൽ, ജലം വേണ്ടത്ര ലഭിക്കാതെ വരുന്ന അവസ്ഥയുടെ അവബോധമില്ലായ്മ, ജലപരിപാലനത്തിലെ പാകപ്പിഴകൾ എന്നിവയെല്ലാം കൂടിചേർന്നാണ് ജലപ്രതിസന്ധിയിസൃഷ്ടിക്കപ്പെടുന്നത്.
മഴയിൽ നിന്ന് പ്രതിവർഷം ഇന്ത്യയിൽ ലഭിക്കുന്ന ജലത്തിന്റെ വ്യാപ്തം 400 ബില്യൺ ക്യൂബിക് മീറ്റർ ആണ്. ഉപയോഗയോഗ്യമായ ഉപരിതലജല സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജലത്തിന്റെ വ്യാപ്തമാകട്ടെ 690 ക്യൂബിക് മീറ്ററും, ഭൂഗർഭജല സ്രോതസ്സുകളിൽ നിന്നുള്ള ജലത്തിന്റെ വ്യാപ്തം 431 ക്യൂബിക് മീറ്ററും ആണ് . കഴിഞ്ഞ രണ്ട ദശാബ്ദങ്ങൾക്കകം ആളോഹരി ജല വിഭവ വിഹിതത്തിൽ ഏകദേശം 20 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. 2050- മാണ്ടോടെ ഇതിൽ വീണ്ടും ഒരു 20 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു. അത്തരമൊരവസ്ഥയിൽ “ഊഷരം” എന്ന വിഭാഗത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തേണ്ടിവരും.
ഭൂഗർഭജല ഉപഭോഗത്തെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഭാരതമാണ്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്യുന്ന ജലത്തിന്റെ 80 ശതമാനവും ഭൂഗർഭജല സ്രോതസ്സുകളിൽ നിന്നുള്ളവയാണ്. അതികഠിന വരൾച്ചാവേളകൾ, വെള്ളപ്പൊക്കം എന്നിവയ്ക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ മേഖലയിൽ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ 90 ശതമാനവും ജലവുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലുള്ളവയാണ്.
സാധാരണഗതിയിലുള്ള ജലആവശ്യകതകൾ നിർവഹിക്കപ്പെടാൻ പര്യാപ്തമായ തോതിൽ ശുദ്ധജല സ്രോതസ്സുകൾ ഇല്ലാത്ത അവസ്ഥയെയാണ് ജലദൗർലഭ്യം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
ജലദൗർലഭ്യം രണ്ട് തരത്തിൽ അനുഭവപ്പെടാം. എല്ലാവിധ ജലആവശ്യതകളും നിർവഹിക്കപ്പെടുവാൻ ആവശ്യമായ ജലം ലഭിക്കാത്ത അവസ്ഥയാണ് ഒന്ന്. പ്രകൃത്യാ ഊഷരമായ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത് ഇത്തരത്തിലുള്ള ജലദൗർലഭ്യമാണ്. എന്നാൽ, വേണ്ടത്ര ജലസ്രോതസ്സുകൾ ഉണ്ടെങ്കിൽ പോലും അവയിൽ നിന്നുള്ള ജലം പ്രയോജനപ്പെടുത്തുവാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ധനനിക്ഷേപമോ ഇല്ലാത്ത അവസ്ഥയാണ് മറ്റൊന്ന്.
ജല ആവശ്യകത നിർവഹിക്കപെടുന്നതിൽ പ്രദർശിപ്പിക്കപ്പെടുന്ന അലംഭാവപൂർണ്ണമായ സമീപനവും ഇത്തരത്തിലുള്ള ജലദൗര്ലഭ്യത്തിനിടയാക്കും.
ജലസംബന്ധമായ ആവശ്യങ്ങൾ എത്രയോ വര്ഷങ്ങളോളം സുഗമമായി നിർവഹിക്കുവാൻ ആവശ്യമായ ജലവിഭവം ഭൂമിയിലുണ്ട്. എന്നാൽ പോലും, ജലം ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ളിടത്ത് ലഭിക്കുന്നില്ല എന്ന അവസ്ഥയാണ് പലപ്പോഴും ജലപ്രതിസന്ധിസൃഷ്ടിക്കുന്നത്.
ലോക ജനസംഖ്യയിലുണ്ടായ വർദ്ധനവ്, ജീവിത ശൈലിയിലുണ്ടായ വ്യതിയാനങ്ങൾ, ഭക്ഷ്യശീലങ്ങളിലുണ്ടായ മാറ്റങ്ങൾ, ജലസേചനം ആവശ്യമായി വരുന്ന കാർഷികരീതികളുടെ വ്യാപനം എന്നിവയാണ് ആഗോളതലത്തിൽ ജലാവശ്യകത ഉയരുവാൻ ഉണ്ടായ കാരണങ്ങൾ. കൂടാതെ, വരൾച്ച, വെള്ളപ്പൊക്കം എന്നിവയടക്കമുള്ള കാലാവസ്ഥാ വ്യതിയാനപ്രത്യാഘാതങ്ങൾ, വനനശീകരണം, ജലമലിനീകരണം, ജലം പാഴാക്കൽ എന്നിവയും ജലലഭ്യതയെ സമ്മർദ്ദത്തിലാക്കുന്നു.
കൂടാതെ, കാലാകാലങ്ങളിൽ ജലപരിചക്രങ്ങളിൽ വരുന്ന സ്വാഭാവിക വ്യതിയാനവും ജല ദൗർലഭ്യത്തിന് കാരണമായേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോടാനുകോടി ജനങ്ങളെ നേരിട്ട് ബാധിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് ജലക്ഷാമം. നഗരവാസികളും ഗ്രാമീണരുമായ ജനങ്ങളെ വിഷമവൃത്തത്തിലാക്കുന്നു എന്നതിനുപുറമെ രാജ്യത്തെ ഒട്ടനവധി ആവസാവ്യൂഹങ്ങളെയും കാർഷികരംഗത്തെയും ജലദൗർലഭ്യം പ്രതിസന്ധിയിലാക്കുന്നു. ലോകത്താകമാനമുള്ള ശുദ്ധജലസ്രോതസ്സുകളുടെ നാല് ശതമാനമാണ് ഇന്ത്യയിലുള്ളത്. 1.4 ബില്യണിലേറെ ജനങ്ങളുടെ ജലആവശ്യകതകൾ ഇവയിൽ നിന്ന് വേണം നിർവഹിക്കപ്പെടുവാൻ. ജനസംഖ്യാനുപാതികമായി ജലലഭ്യത, പ്രകൃത്യാ അപര്യാപ്തമാണെന്നതിനു പുറമെ പുഴകളും ജലസംഭരണികളും വേനൽ മാസങ്ങളിൽ വ്യാപകമായി വറ്റി വരളുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ക്രമം തെറ്റിയുള്ള മഴ
കാലാവസ്ഥാവ്യതിയാന ഫലമായി സമീപവർഷങ്ങളിൽ മൺസൂൺ വൈകുന്നത് ഈ പ്രശ്നത്തിന്റെ രൂക്ഷത കടുപ്പിക്കുന്നു. അടിസ്ഥാന സൗകര്യവികസനങ്ങളിലെ അപാകതകളും, ഭരണകൂടങ്ങളുടെ അലസ സമീപനവും, ജലസംശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ സംഭവിക്കുന്ന ജാഗ്രതക്കുറവും ജലക്ഷാമത്തിനിടയാക്കുന്ന ഇതര ഘടകങ്ങളാണ് .
ഇന്ത്യൻ മേഖലയിലെ ജലദൗർലഭ്യം അതിജീവിക്കുവാൻ ചില പോംവഴികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നദികൾ തമ്മിൽ ദേശീയാടിസ്ഥാനത്തിൽ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഒരു ആശയം. ഇതുവഴി ജലസമൃദ്ധമായ നദികളിലെ ജലസമ്പത്ത് ജലശോഷണം നേരിടുന്ന നദികളിലേക്ക് തുല്യമായി വ്യാപിപ്പിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, ചില മേഖലകളിൽ ജലസമ്പത്ത് ഏകപക്ഷീയമായി ചൂഷണം ചെയ്യപ്പെട്ടേക്കാം എന്ന ഒരു സാധ്യത ശേഷിക്കുന്നു.
ജലസംഭരണ/സംരക്ഷണ സംവിധാനങ്ങൾ വിവിധ തലങ്ങളിൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു നിർദ്ദേശം. മഴവെള്ളക്കൊയ്ത് പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, കാര്യക്ഷമമായ ജലസേചനപരിപാടികൾ ആസൂത്രണം ചെയ്യുക, ഗാർഹിക-വ്യാവസായിക-കാർഷിക മേഖലകളിൽ ജലം പാഴാക്കുന്നതും മലിനമാക്കുന്നതും നിയമ സഹായത്തോടെ കർശനമായി നിയന്ത്രിക്കുക എന്നിവ അനുവർത്തിക്കാവുന്നതാണ്.
ജലസംഭരണം, വിതരണം, എന്നിവക്കാവശ്യമായ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സ്രോതസ്സ് വകയിരുത്തുക എന്നത് വളരെ പ്രധാനമാണ്. ഇതിലേക്കായി സ്വകാര്യമേഖലയും പൊതുമേഖലയും തമ്മിലുള്ള പങ്കാളിത്തം, ജലനികുതി , ഉപയോഗിക്കുന്ന വെള്ളത്തിനുള്ള വില ഈടാക്കുക എന്നീ സാദ്ധ്യതകൾ പരിശോധിക്കാവുന്നതാണ്.
കാർഷികരംഗത്തെ സംബന്ധിച്ചാണെങ്കിൽ തുള്ളിനന, ജലവും പോഷകങ്ങളും കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കുന്ന കൃഷി രീതികൾ, വിള പരിവർത്തനം , വനങ്ങളെ സംരക്ഷിച്ച് നിലനിർത്തികൊണ്ട് ഉള്ള വനസംരംക്ഷണകൃഷി എന്നിവ അവലംബിക്കുവാൻ കർഷകരെ പ്രേരിപ്പിക്കാവുന്നതാണ്. ജലസംരക്ഷണ പ്രവർത്തനങ്ങൾ പിന്തുടരുന്നവർക്ക് പ്രോത്സാഹനവും ഇളവുകളും അനുവദിക്കുക എന്നിവ അനുവദിക്കാവുന്നതാണ്.
കൂടാതെ ജലം മലിനപ്പെടുവാനുള്ള സാഹചര്യങ്ങളും പ്രവർത്തനങ്ങളും നിശിതമായി പ്രതിരോധിക്കുകയും, പരിസ്ഥിതി സൗർഹദപരമായ മലിനജലപരിപാലനം നടപ്പിലാക്കുകയും ചെയ്യുക, ജലസ്രോതസ്സുകളുടെ പരിപോഷണം, സംരക്ഷണം, സംശുദ്ധത എന്നിവ സംബന്ധിച്ച അവബോധനം കൃത്യമായി സമൂഹത്തിലെത്തിക്കുക, ഉറവിടം ഏതായാലും ജലത്തിന്റെ മൂല്യം ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത -ജല ഉറവിട പരിപാലനം എന്ന സമീപനത്തിന് പ്രചാരമേകുക എന്നിവയും ഈ ദിശയിലുള്ള ചില പോം വഴികളാണ്.
സൗമ്യവും സുഖപ്രദവുമായ കാലാവസ്ഥ എന്ന സവിശേഷതയാൽ പ്രശസ്തമായിരുന്ന “ഉദ്യാനങ്ങളുടെ നഗരം”, ഇന്ന് പക്ഷെ നഗരവൽക്കരണത്തിന്റെ ലഹരിയിലാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ ഒരു പഠനപ്രകാരം കഴിഞ്ഞ 40 വർഷങ്ങൾക്കുള്ളിൽ ബെംഗളൂരു നഗരത്തിന് നഷ്ടപ്പെട്ടത് 79 ശതമാനം ജലാശയങ്ങളും 88 ശതമാനം സസ്യജാലപ്പെരുമയുമാണ്. ഈയിടങ്ങളിലെല്ലാം കോൺക്രീറ്റ് നിർമ്മിതികൾ ഇടം പിടിച്ചിരിക്കുന്നു.
അതിരൂക്ഷമായ ജലപ്രതിസന്ധി എന്ന വിഷയത്തിൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ബെംഗളൂരു ആണെങ്കിൽ പോലും ഇത്തരം വിഷമഘട്ടങ്ങളിൽ നിന്ന് ഭൂമിയിലെ ഒരു ഇടവും വിമുക്തമല്ല. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ 2015-16 വേനൽക്കാലത്ത് അനുഭവപ്പെട്ട രൂക്ഷമായ വരൾച്ചയും ജലക്ഷാമവും തുടർന്ന് ഭരണകൂടം പ്രഖ്യാപിച്ച ജലഅടിയന്തിരാവസ്ഥയും ജനങ്ങൾ വെള്ളത്തിന് വേണ്ടി പൊതു ജലവിതരണ സംവിധാനങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം കാത്തുകെട്ടി നിൽക്കുന്ന കാഴചയും മറക്കുവാൻ സമയമായിട്ടില്ല.
ലോകത്തിൽ ജലപ്രതിസന്ധി അനുഭവപ്പെടാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു നഗരത്തിന്റെ സ്ഥാനം രണ്ടാമതായി രേഖപ്പെടുത്തിയിരിയ്ക്കുന്നു. അതാണിന്ന് യാഥാർഥ്യമായിരിക്കുന്നത്. ഭാരതത്തിലെ തന്നെ വരൾച്ചാവേളകൾ പരിശോധിച്ചാൽ 2019ൽ ചെന്നൈയിലും, 2021ൽ ഡൽഹിയിലും 2018ൽ മുംബൈയിലും ജയ്പൂരിലും കടുത്തജലക്ഷാമവേളകൾ ഉണ്ടായിട്ടുണ്ടെന്നുകാണാം.
കേരളവും ഊഷര ഭൂമികയാവുമോ ?
ദൈവത്തിന്റെ സ്വന്തംനാടായ കേരളവും വരൾച്ചാ വേളകളിൽ നിന്ന് ഒട്ടും സുരക്ഷിതമല്ല. 2016 ൽ കേരളം അഭിമുഖീകരിച്ച കൊടുംവരൾച്ച ഒരു മുന്നറിയിപ്പ് കൂടിയാണ്. കാലാവസ്ഥാപരമായി മാത്രമല്ല ഭൂമിശാസ്ത്രപരമായും കേരളം ഊഷരപ്രകൃതത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാലവർഷം മികച്ച രീതിയിൽ ലഭിക്കുന്ന കേരളത്തിന്റെ കാലാവസ്ഥ “ആർദ്രോഷ്ണ മൺസൂൺ” വിഭാഗത്തിൽപ്പെടുന്നു. എന്നാൽ, സമീപവർഷങ്ങളിൽ അടിക്കടി അനുഭവപ്പെടുന്ന മഴക്കമ്മി മണ്ണിന്റെ ഈർപ്പാംശം കുറയുന്നതിന് ഇടയാക്കുന്നു.
ഉയർന്ന ഈർപ്പാംശമുള്ള വിഭാഗത്തിൽ നിന്ന് (B4) ഈർപ്പമാനം കുറഞ്ഞ (B3 ) വിഭാഗത്തിലേക്ക് നീങ്ങുന്നതിനുള്ള പ്രവണത സംസ്ഥാനം പ്രകടിപ്പിക്കുന്നു ; പ്രത്യേകിച്ച് മഴ ക്ഷയിക്കുന്ന അവസരങ്ങളിൽ ഇത് കൂടുതൽ പ്രകടമാണ്.
ഈർപ്പമാന സൂചിക പ്രകാരം (Moisture Index ) കേരളം പൊതുവെ “ആർദ്ര (humid) വിഭാഗത്തിലാണ് പെടുക; അതായത് ആർദ്ര സൂചിക 39 ശതമാനത്തിനും 99 ശതമാനത്തിനും ഇടയിൽ. ആർദ്രവിഭാഗത്തിൽ തന്നെ ഈർപ്പത്തിന്റെ തോതനുസരിച്ച് നാല് ഉപവിഭാഗങ്ങളുണ്ട്. കഴിഞ്ഞ 109 വർഷത്തെ ഈർപ്പമാന സൂചികയിലെ പ്രവണതകൾ നൽകുന്ന സൂചന, ഉയർന്ന ഈർപ്പമാന വിഭാഗത്തിൽ നിന്ന് പ്രായേണ ഈർപ്പമാനം കുറഞ്ഞ വിഭാഗത്തിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്നാണ്.
മേൽ കാലയളവിൽ ഈർപ്പമാന സൂചികയിൽ ശരാശരി 33.9 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. അടിക്കടി അനുഭവപ്പെടുന്ന, മഴക്കമ്മി ഈർപ്പമാന സൂചികയുടെ കുറഞ്ഞ മൂല്യം കുറയുന്നതിനിടയാക്കുന്നു. “ആർദ്ര” വിഭാഗത്തിൽ നിന്ന് “അധോആർദ്ര” വിഭാഗത്തിലേക്കുള്ള നീക്കം നിസ്സാരമായിക്കാണാനാവില്ല. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിന്‌ലേറെയായി ഈ മാറ്റം പ്രകടവുമാണ്. ഈർപ്പമാന സൂചികയിൽ 1981-90 ദശകത്തിലാണ് പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്. പ്രസ്തുത കാലയളവിൽ ഈർപ്പമാന സൂചിക 80-99 ശതമാനം വരെയുള്ള ‘B4″ എന്ന വിഭാഗത്തിൽ ഒരൊറ്റ വർഷം പോലും സംസ്ഥാനം ഉൾപ്പെട്ടില്ലയെന്നത് ശ്രദ്ധേയമാണ്.
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രധാന ലക്ഷണങ്ങൾ മഴയിലും, ഈർപ്പമാനത്തിലും, താപനിലയിലും ഉണ്ടാകുന്ന പ്രകടമാറ്റങ്ങളാണ്. അത്യുഷ്ണമോ അതിശൈത്യമോ ഇല്ലാത്ത കാലാവസ്ഥ, ജലാംശമുള്ള ഫലഭൂയിഷ്ഠമായ മണ്ണ് , കൃത്യമായി ലഭിക്കുന്ന മഴ, നാല്പത്തിനാല് നദികളുടെ ജലസമൃദ്ധി, ഉൾനാടൻ ജലാശയങ്ങളും പാടശേഖരങ്ങളും മറ്റനേകം തണ്ണീർത്തടങ്ങളും, ഹരിതാഭമായ സസ്യജാലപ്പെരുമ ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ കേരളത്തിന്റെ ചിത്രമിതായിരുന്നു.
എന്നാൽ, മഴയിൽ പ്രകടമായ കുറവാനുഭവപ്പെടുന്ന പ്രവണതയും, ചൂടേറുന്ന കാലാവസ്ഥയും തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും നികത്തുന്നതും, മണലൂറ്റൽ മൂലം നദികൾ ക്ഷയിക്കുന്നതും ചേർന്നപ്പോൾ കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ഊഷരസ്വഭാവം കൈവരിക്കുകയാണ്.
ഊഷരപ്രദേശങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന ചില ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സാന്നിധ്യം ഈ പ്രകൃതമാറ്റത്തെ സ്ഥിരീകരിക്കുന്നു. മഴക്കുറവ്, അധികരിക്കുന്ന ചൂട് എന്നിവയോടൊപ്പം, വനനശീകരണം, ഖനനം, പാറമടകൾ പൊട്ടിക്കൽ, ഭൂഗര്ഭജലമൂറ്റൽ, ഭൂവിനിയോഗക്രമത്തിലുണ്ടായ മാറ്റം – അതായത് നീർത്തടങ്ങൾ, നിലങ്ങൾ എന്നിവയുടെ വ്യാപകമായ നികത്തൽ- തുടങ്ങിയവ ചേർന്നാണ് പ്രാദേശിക കാലാവസ്ഥയിലെയും, ഭൂപ്രകൃതിയിലെയും ഊഷരഭാവത്തിന് മാറ്റങ്ങൾക്ക് തീവ്രതയേറ്റുന്നത്.
ഏതാനും വർഷങ്ങൾ മുൻപുവരെ ഉർവ്വരവും ജലസമ്പന്നവുമായിരുന്ന പല പ്രദേശങ്ങളും ജലപരിമിതഭൂമികകളായി മുഖം മാറിക്കൊണ്ടിരിക്കുകയാണ്.
ജലപരിമിതി എന്ന അവസ്ഥ ക്രമേണ നിർജലത്വം എന്ന ഘട്ടത്തിലെത്തിച്ചേരുന്നു. ജലപരിമിതി എന്ന അവസ്ഥയിലേക്ക് നയിക്കുന്ന കാരണങ്ങൾ പലതുണ്ട് – കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങൾ, ജലമലിനീകരണം, ഭൂവിനിയോഗ ശൈലിയിലെ അപാകതകൾ, ജലസംഭരണ/സംരക്ഷണ പ്രവർത്തനങ്ങളോടുള്ള അലസ സമീപനം എന്നിവ അവയിൽച്ചിലതു മാത്രം.
കാലാവസ്ഥാ വ്യതിയാനം
ഭൂമിയിൽ ജലദരിദ്രമായ ഇടങ്ങൾ പെരുകി വരുന്നതിൻ്റെ പ്രധാനകാരണം കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളാണ്. കാലാവസ്ഥാ വ്യതിയാനമാവട്ടെ, ആഗോളതാപനം, മഴയിലുണ്ടാകുന്ന ക്രമരാഹിത്യം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. അന്തരീക്ഷതാപനത്തിൽ ലോകവ്യാപകമായി ഏറ്റം അനുഭവപ്പെടുന്ന സവിശേഷ സാഹചര്യത്തെയാണ് ആഗോളതാപനം എന്ന വാക്കിനാൽ വിവക്ഷിക്കപ്പെടുന്നത്. നീണ്ടു നിൽക്കുന്ന വരൾച്ചാവേളകൾ, എണ്ണത്തിലും തീവ്രതയിലും പെരുകി വരുന്ന ഉഷ്ണതരംഗ വേളകൾ, മട്ടും മാതിരിയും മാറുന്ന മഴക്കാലങ്ങൾ എന്നിവ ഏറിവരുന്ന അന്തരീക്ഷതാപനത്തിൻ്റെ ഉപോത്പന്നങ്ങളാണെന്ന് പറയാം.
ബാഷ്പീകരണം വഴി ഭൂമിയിലേയും അന്തരീക്ഷത്തിലേയും ജലാംശം ക്രമാതീതമായ നീക്കം ചെയ്യപ്പെടുമ്പോൾ വരൾച്ചാസാഹചര്യങ്ങൾ ഉടലെടുക്കുവാൻ ആരംഭിക്കുന്നു. ജലസംഭരണികൾ, ജലാശയങ്ങൾ എന്നിവ അത്യധികമായ ബാഷ്പീകരണ പ്രക്രിയ മൂലം വറ്റുകയും ക്രമേണ വരളുകയും ചെയ്യുന്നു. ചൂട് ഏറുന്തോറും ബാഷ്പീകരണനിരക്കും ഏറുന്നു.
മാത്രമല്ല, ചൂട് ഏറുമ്പോൾ അന്തരീക്ഷം വികസിക്കുകയും കൂടുതൽ ജലബാഷ്പത്തെ ഉൾക്കൊള്ളുവാൻ സജ്ജമാവുകയും ചെയ്യുന്നു. അന്തരീക്ഷ താപം ഓരോ ഡിഗ്രി സെൻ്റിഗ്രേഡ് വർദ്ധിക്കുമ്പോഴും അന്തരീക്ഷത്തിൻ്റെ ജലബാഷ്പ സംഭരണശേഷി ഏഴു മടങ്ങു കണ്ട് മെച്ചപ്പെടുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ജലാശയങ്ങളിൽ നിന്നും ബാഷ്പീകരണം വഴി നഷ്ടപ്പെടുന്ന ജലമാനം നികത്തപ്പെടേണ്ടത് ഒന്നുകിൽ മഴയിലൂടെയോ, അല്ലെങ്കിൽ ഉറവുകളിലൂടെ ജലം എത്തിച്ചേരുക വഴിയോ ആണ്. എന്നാൽ മഴ ക്രമരഹിതമാകുന്ന ആഗോളതാപന സ്ഥിതിവിശേഷം മൂലം മഴയിലൂടെ ജലനഷ്ടം നികത്തപ്പെടുക എന്ന സാധ്യതയ്ക്ക് മങ്ങലേൽക്കുന്നു. രണ്ടാമത്തെ സാധ്യത ഉറവുകൾ ആണ്.
ഭൂഗർഭത്തിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ജലമാണ് ഈ വിധത്തിൽ ഉറവുകളിലൂടെ ജലാശയളെ ജലസമ്പന്നമാക്കുന്നത്. അപ്പോഴും, മഴ ക്രമരഹിതമാകുകയോ, വേണ്ടത്ര മഴ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഭൂഗർഭജല പരിപോഷണ സാധ്യതകളിലും തിരിച്ചടി സംഭവിക്കുന്നു. അതു മാത്രമല്ല; ഉപരിതല ജലസ്രോതസ്സുകൾ വറ്റി വരളുന്ന അവസ്ഥയിൽ സാധാരണ ഗാർഹികആവശ്യങ്ങൾക്കു പുറമേ കൃഷിയ്ക്കുള്ള ജലസേചനം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കു വേണ്ടി ഭൂഗർഭജലം ഭീമമായ തോതിൽ ചൂഷണം ചെയ്യപ്പെടുന്നു. ജലപോഷണമോ ഇല്ല; എന്നാൽ ഉപഭോഗത്തിനൊരു പരിധിയുമില്ല എന്ന അവസ്ഥയിൽ ഭൂഗർഭജലശേഖരവും നാമാവശേഷമാകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത് സ്വഭാവികം.
ജലാശയ മലനീകരണം
മഴ കനിഞ്ഞാലും, ഉറവുകൾ കിനിഞ്ഞാലും ശുദ്ധജലം പലപ്പോഴും അപ്രാപ്യമാവുന്നതിൻ്റെ പ്രധാനകാരണം ജലാശയങ്ങൾ മലിനീകരിക്കപ്പെടുന്നതാണ്. പുഴകൾ, തോടുകൾ മുതലായ ജലാശയങ്ങളിലാണ് പലപ്പോഴും നഗരങ്ങളിൽ നിന്നും വീടുകളിൽ നിന്നും, വ്യവസായ ശാലകളിൽ നിന്നുമൊക്കെയുള്ള മാലിന്യങ്ങൾ പുറന്തള്ളുന്നത് . മാലിന്യാധിക്യം മൂലം ജലാശയങ്ങളിലെ ജലം ഉപയോഗയോഗ്യമല്ലാതായിത്തീരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നു മാത്രമല്ല, ജലത്തിൽ കലരുന്ന ജൈവ-അജൈവ മാലിന്യങ്ങൾ വെള്ളത്തിലെ വിലയിത ഓക്സിജൻ്റെ അളവിൽ കുറവു വരുത്തുകയും ചെയ്യുന്നു. പ്രാണവായുവായ ഓക്സിജൻ്റെ കുറവ് ജലാശയങ്ങളിലെ നിരവധി ആവാസ വ്യൂഹങ്ങളുടെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്ന ഒന്നാണ്.
വെള്ളത്തിൽ കലരുന്ന രാസമാലിന്യങ്ങളാവട്ടെ, ജലത്തിൻ്റെ സ്വഭാവിക രാസസ്വഭാവം പോലും മാറ്റി മറിച്ച് ജലജീവികളുടെ കൂട്ടനാശത്തിനുവരെ കാരണമാകുന്നു. ബെംഗളുരു നഗരത്തിൻ്റെ കാര്യം തന്നെ പരിശോധിച്ചാൽ, നഗരത്തിലെ ജലാശയങ്ങളുടെ എൺപത്തഞ്ചു ശതമാനവും വ്യവസായിക മാലിന്യങ്ങൾ, ഖരമാലിന്യങ്ങൾ, അഴുക്കുചാലുകളിൽ നിന്നുള്ള മലിനജലം എന്നിവയാൽ മലിനീകൃതമാണെന്ന് Enviromental Management and Policy Research Institute എന്ന സ്ഥാപനം നടത്തിയ പഠനങ്ങൾ പറയുന്നു.
മഴക്കമ്മിയും ജലക്കമ്മിയും തിരിച്ചറിയാം
നിലവിലെ കാലാവസ്ഥാ വ്യതിയാനസാഹചര്യങ്ങളിൽ മഴപ്പെയ്ത്തിൽ ക്രമരാഹിത്യങ്ങൾ പ്രകടമാണ്.
പെയ്യേണ്ട കാലത്ത് പെയ്യാതിരിക്കുക,കാലം തെറ്റിപ്പെയ്യുക, ഒന്നുകിൽ വേണ്ടിടത്തോളം പെയ്യാതിരിക്കുക, അല്ലെങ്കിൽ കണ്ടമാനം പെയ്യുക – ഇങ്ങനെയൊക്കെയാണ് മഴയിൽ കണ്ടുവരുന്ന ക്രമരാഹിത്യങ്ങൾ. കൃത്യമായ കാലത്തും കൃത്യമായ തോതിലും മഴ ലഭിച്ചുവരുന്ന ഭൂവിഭാഗങ്ങളുടെ കാര്യത്തിൽ വർഷക്കാലത്ത് സാധാരണഗതിയിൽ ലഭിക്കേണ്ടതായ ശരാശരിമഴ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഉണ്ടായിരിക്കും.
മഴക്കാലത്ത് സാധാരണഗതിയിൽ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴയേക്കാൾ കുറവാണ് യഥാർത്ഥത്തിൽ ലഭിച്ച മഴയെങ്കിൽ അത് “മഴക്കമ്മി “സാഹചര്യമായി കണക്കാക്കപ്പെടുന്നു. എന്നാൽ, പൊതുവേ മഴക്കുറവ് അനുഭവപ്പെട്ടാൽപ്പോലും, മഴക്കാലത്തിനിടയിൽ ഏതാനും ദിവസങ്ങൾ മാത്രം കനത്ത മഴയോ, അതിതീവ്രമഴയോ ലഭിച്ചു എന്നിരിക്കട്ടെ; അത്തരം സാഹചര്യങ്ങളിൽ, സാങ്കേതികാർത്ഥത്തിൽ മഴക്കമ്മി നികത്തപ്പെട്ടേയ്ക്കാം. എങ്കിൽപ്പോലും, തുടർന്നു വരുന്ന മാസങ്ങളിൽ തത്പ്രദേശം “ജലക്കമ്മി” എന്ന അവസ്ഥ നേരിടേണ്ടി വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് ഉത്തമോദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംസ്ഥാനമാണ് കേരളം. മഴ മാസങ്ങളിൽ മികച്ച രീതിയിൽ മഴലഭിക്കാറുണ്ടെങ്കിൽപ്പോലും മഴക്കാലം അവസാനിച്ച് ദിവസങ്ങൾക്കകം കേരളം ജലക്കമ്മി നേരിടാറുണ്ട്.
സംസ്ഥാനം പ്രളയജലത്തിൽ മുങ്ങിയ 2018, 2019 എന്നീ വർഷങ്ങളിൽപ്പോലും മഴ നിലച്ച് തുടർന്നു വന്ന മാസങ്ങളിൽ കേരളം വരൾച്ചാസദൃശ്യമായ സ്ഥിതിവിശേഷത്തിലേയ്ക്ക് നീങ്ങിയെന്നതാണ് കൗതുകം! മഹാപ്രളയ വർഷമായ 2018- ലെ മഴക്കാലത്ത് 23% അധിക മഴ ലഭിച്ചുവെന്ന കാര്യവും ഇതിനോട് ചേർത്ത് വായിക്കണം.
പ്രളയ വർഷം തന്നെയായിരുന്ന 2019-ൽ ആകട്ടെ, അധിവർഷം ലഭിച്ചില്ലെങ്കിൽപ്പോലും സാധാരണ ഗതിയിൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. മികച്ച കാലവർഷം ലഭിച്ചാൽപ്പോലും തുലാവർഷം മോശമാവുകയോ, വേനൽ മാസങ്ങളിൽ വേനൽമഴ ലഭിക്കാതിരിയ്ക്കുകയോ ചെയ്താൽ കേരളം വരൾച്ചാ സമാനമായ ജലക്കമ്മി നേരിടേണ്ടി വരാറുണ്ട്. മഴക്കമ്മി ഉണ്ടായില്ലെങ്കിൽപ്പോലും ഒരു പ്രദേശം ജലക്കമ്മി നേരിടേണ്ടി വരുന്നുണ്ടെങ്കിൽ അതിന് പ്രത്യേകകാരണങ്ങൾ ഉണ്ട്. തത്പ്രദേശത്തിൻ്റെ ഭൂമിശ്ശാസ്ത്രപരമായ ചരിവ് ഒരു കാരണമാണ്.
ചരിഞ്ഞു കിടക്കുന്ന ഭൂമിയിൽ ആഴ്ന്നിറങ്ങാനുള്ള സാവകാശം ലഭിക്കാതെ പെയ്തുവെള്ളം അതിവേഗം താഴ്ന്ന വിതാനങ്ങളിലേയ്ക്ക് ഒഴുകിയൊഴിയുന്നു. ഇക്കാരണത്താൽ ചരിഞ്ഞ ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിൽ മികച്ച രീതിയിൽ ഭൂഗർഭജല പരിപോഷണം നടക്കാതെ വരുന്നു. ഇതിനെത്തുടർന്ന് ഭൂഗർഭ ജലവിതാനം താഴുവാനിടയാവുന്നു.
ഭൂവിനിയോഗ ശൈലിയിലെ അപാകതകൾ
മഴക്കാലത്ത് വെള്ളക്കെട്ടും, വെള്ളപ്പൊക്കവും, വേനൽമാസങ്ങളിൽ വരൾച്ചയുമൊക്കെ മുൻകാലങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ ഇതേ പ്രതിഭാസങ്ങൾ തന്നെ സമീപകാലത്തായി കൂടുതൽ തീക്ഷ്ണതയോടെയും ദുരന്തസ്വഭാവത്തോടെയുമാണ് അനുഭവപ്പെടാറുള്ളത് എന്നകാര്യം ശ്രദ്ധേയമാണ്. മാറിയ ഭൂവിനിയോഗക്രമമാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുവാനാകുക. കനത്ത മഴക്കാലത്ത് ജലസംഭരണികളായും, കടുത്ത വേനലിൽ ജലസ്രോതസ്സുകളായും വർത്തിച്ചിരുന്ന കുളങ്ങൾ, തോടുകൾ, പാടങ്ങൾ മറ്റു തണ്ണീർത്തടങ്ങൾ എന്നിവയിൽ ഭൂരിഭാഗവും നിർമ്മാണപ്രക്രിയകൾക്കോ, വ്യവസായിക/കാർഷികേതര ആവശ്യങ്ങൾക്കോ വേണ്ടിനികത്തപ്പെട്ടുകഴിഞ്ഞു. മഴപ്പെയ്തിലൂടെ ഭൂമിയിലെത്തുന്ന അധികജലം ഏറ്റുവാങ്ങി വെള്ളക്കെട്ടും, വെള്ളപ്പൊക്കവും ഒഴിവാക്കുവാനോ, മഴക്കാലത്ത് സംഭരിച്ചജലത്തെ ഭൂമിയുടെ ഉള്ളറകളിലേയ്ക്ക് ആഴ്ന്നിറക്കി വരൾച്ചാവേളകളിൽ തിരികെ നൽകാനോ ഈ തണ്ണീർത്തടങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ല.
അതിൻ്റെ പരിണത ഫലമോ ? വരൾച്ചാവേളകളിൽ വരണ്ടുണങ്ങുന്ന അതേ ഭൂവിഭാഗങ്ങൾ തന്നെയാണ് പലപ്പോഴും കനത്തമഴക്കാലത്ത് വെള്ളക്കെട്ടിലും വെള്ളപ്പൊക്കത്തിലും അകപ്പെടാറുള്ളത് എന്നു കാണാവുന്നതാണ്. നിലവിൽ നികത്തപ്പെടാതെ ശേഷിക്കുന്ന നെൽവയലുകൾ അടക്കമുള്ള തണ്ണീർത്തടങ്ങളെ ആവശ്യമുള്ളപക്ഷം നിയമപരിരക്ഷയുടെ സഹായത്തോടെയെങ്കിലും നിലനിർത്തുക എന്നതാണ് ഈ ഘട്ടത്തിൽ കരണീയം.
ലഭ്യമായ ജലം ഏറ്റവും കുറഞ്ഞ അളവിൽ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തപ്പെടുന്ന ഒരു ശൈലി പരിശീലിക്കുകയെന്നത് കാലഘട്ടത്തിൻ്റെ ആവശ്യമായിരിത്തീർന്നിരിക്കുന്നു. ഭൂവൽക്കത്തിലെ 70 ശതമാനത്തിലേറെ ഇടങ്ങളിലും ജലസാന്നിധ്യമുണ്ടെങ്കിലും ശുദ്ധജലത്തിന്റെ അളവ് കേവലം മൂന്ന് ശതമാനം മാത്രമാണ്. ലോകത്ത് ഒരു ബില്യൺ (100 കോടി) ജനങ്ങൾക്കെങ്കിലും വെള്ളം ഇന്നും അത്ര സുലഭമല്ലാത്ത ഒരു സാഹചര്യമാണുള്ളത്. 2 .7 ബില്യൺ ജനങ്ങൾക്കെങ്കിലും ജലം വർഷത്തിൽ ഒരു മാസത്തോളം കാലം മാത്രം കിട്ടുന്ന ഒരപൂർവ വസ്തുവാണ്! 2014 ൽ , ലോകത്തിലെ 500 മഹാനഗരങ്ങളിൽ നടത്തിയ ഒരു സർവ്വേ പ്രകാരം , ഭാവിയിൽ ഭൂമിയിലെ നാലിലൊരു ഭാഗം നഗരങ്ങൾ ജലലഭ്യതയുടെ കാര്യത്തിൽ സമ്മർദ്ദത്തിനടിപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അനുമാനിത പഠനങ്ങൾ പ്രകാരം 2030 ഓടെ ശുദ്ധജലത്തിന്റെ ആഗോളആവശ്യകത ഇപ്പോഴുള്ളതിനനെക്കാൾ 40 ശതമാനം കണ്ട് വർധിക്കുമെന്നാണ് കണ്ടെത്തൽ.
കാലാവസ്ഥാമാറ്റം, ജനസംഖ്യയിലെ വർദ്ധനവ്, പരിസ്ഥിതിയിൽ മനുഷ്യഇടപെടൽ എന്നിവ വർധിച്ചുവരുന്ന ജലാവശ്യകതയ്ക്ക് ആക്കം കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽപ്പോലും ജനജീവിതത്തെ നിസ്സഹായാവസ്ഥയിൽ നിറുത്തുന്ന ജലക്ഷാമസാഹചര്യങ്ങൾ ഭാവിയിൽ ഭൂമിയെ അക്ഷരാർത്ഥത്തിൽ പൊള്ളിപ്പൊരിപ്പിക്കുവാൻ പോന്ന നിർജ്ജല കാലങ്ങളുടെ ഒരു സൗമ്യമായ പതിപ്പ് മാത്രമാണ് .
പുഴകളുടെ വഴിയടച്ചും, പാടങ്ങൾ നികത്തിയും, മണ്ണിനു മേലെ വെള്ളമിറങ്ങാത്ത വിധം കോൺക്രീറ്റിട്ടും നമ്മുടെ ജലസമ്പത്തിന് നമ്മൾ തന്നെ climate change: ലോകം വളരുമ്പോൾ ഭൂമി വരളുന്നു ചരമ കുറിപ്പെഴുതി നനവറ്റ മണ്ണിൽ ജീവിതം പൊടിക്കുകയില്ല എന്ന് ഇപ്പോൾ ബോധ്യം വന്നിട്ടുണ്ടെങ്കിൽ പോലും, അതൊന്നും ശുഭസൂചകമായ തിരിച്ചറിവുകളല്ല, മറിച്ച് രക്ഷാമാർഗ്ഗങ്ങൾ സ്വയം നിഷേധിച്ചവരുടെ വന വിലാപമാണ് എന്നുമാത്രം. ജലാശയങ്ങൾ തീറെടുത്ത് നിർദാക്ഷിണ്യം മലിനപ്പെടുത്തുന്ന ഓരോ കുത്തകകളും അതൊക്കെ വികസനത്തിൻ്റെ സ്വഭാവികപ്രക്രിയകൾ മാത്രമാണെന്നും,വികസനം പൊതുനന്മയ്ക്കു വേണ്ടിയാണെന്നും ഒക്കെയുള്ള മുട്ടുന്യായങ്ങളാണ്ണ് എന്നും നിരത്തുന്നത്.
അപ്പോൾ, സാധാരണ ജനങ്ങൾക്ക് ശുദ്ധജലത്തിനുള്ള അവകാശം പൊതുനന്മയുടെ നിർവ്വചന പരിധിയിൽ വരുന്നതല്ല എന്നുണ്ടോ? വികസനത്തിന് വേണ്ടി കുറച്ചൊക്കെ സഹിക്കേണ്ടിവരും എന്ന് സമാധാനിക്കാനാണ് ഭാവമെങ്കിൽ ജലക്ഷാമവും അതിതാപനവും താങ്ങാനാവുന്നില്ലായെന്ന വിലാപവും വെള്ളം തൊടാതെ വിഴുങ്ങേണ്ടിവരും. ഇപ്പോൾ സൗജന്യമായി അനുഭവിക്കുന്ന ജലസമ്പത്ത്, നാളെ വ്യവസായ ലോബികൾ പറയുന്ന വിലയ്ക്ക് വാങ്ങേണ്ടി വരും! അങ്ങനെ വാങ്ങുവാൻ വേണ്ടി നമ്മുടെ കുളങ്ങളും നമ്മുടെ പുഴകളും നമ്മൾതന്നെ അവർക്ക് വിറ്റുകാശാക്കും. അത്ര തന്നെ.
FOLLOW US ON GOOGLE NEWS