അത്ഭുതം ; വീട്ടുമുറ്റത്തെ കിണർ നിമിഷനേരം കൊണ്ട് നിറഞ്ഞു കവിഞ്ഞു, 10 മിനുറ്റിൽ ജലനിരപ്പ് താഴ്ന്നു
ആലപ്പുഴ ചേർത്തല പാണാവള്ളി പഞ്ചായത്തിൽ ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളം പെട്ടന്ന് നിറഞ്ഞു . മഴയോ മറ്റു പ്രത്യക്ഷകാരണങ്ങളോ ഇല്ലാതെയാണ് ജലനിരപ്പ് ആകെയുള്ള 11 റിങ്ങുകളും കവിഞ്ഞ് പുറത്തേക്ക് ഒഴുകിയത്. വീട്ടുകാരും നാട്ടുകാരും ഓടിവന്നു നോക്കിനിൽക്കുമ്പോൾത്തന്നെ കവിഞ്ഞുപൊങ്ങിയ വെള്ളം തിരികെ കിണറ്റിലേക്കിരിക്കുകയും ചെയ്തു. അപൂർവ കാഴ്ച പത്തുമിനിറ്റിനുള്ളിൽ കഴിഞ്ഞു. സംഭവമറിഞ്ഞ് ആദ്യം ഓടിയെത്തിയവർ മൊബൈലിൽ വീഡിയോ എടുത്തിരുന്നു. പിന്നാലെയെത്തിയവർക്ക് കിണറ്റിലെ വെള്ളം താഴുന്നതാണ് കാണാൻ പറ്റിയത്.
ഈ പ്രതിഭാസം ഉണ്ടായത് പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് കിഴക്കേ മണിയമ്പള്ളി രതീഷിന്റെ വീട്ടിലാണ്. നാലു റിങ്ങുകളിൽ മാത്രം ആണ് വെള്ളം ഉണ്ടായിരുന്നത്,പെട്ടെന്ന് 11 റിങ്ങുകളും കവിഞ്ഞ് പുറത്തേക്ക് ഒഴുകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30-ഓടെയാണ് കിണർ കവിയാൻതുടങ്ങിയതെന്നു വീട്ടുകാർ പറയുന്നു. വീട്ടിൽ ടി.വി. കണ്ടുകൊണ്ടിരുന്ന രതീഷ്, കിണർ കവിയുന്നെന്ന് ആരോ പറഞ്ഞതുകേട്ട് പുറത്തേക്കു വന്നപ്പോഴാണ് ഈ അത്ഭുത കാഴ്ച കാണുന്നത്.
പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, വാർഡംഗം ബേബി ചാക്കോ തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ വിവരം അറിയിക്കും. കിണറ്റിൽ വെള്ളം നിറഞ്ഞുകവിയാൻ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായില്ലെന്നു വീട്ടുകാർ പറയുന്നു. ഈ സമയത്ത് മഴയും ഉണ്ടായിരുന്നില്ല. ജപ്പാൻ കുടിവെള്ളമാണ് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. അതിന്റെ പൈപ്പ് മാറിയാണ് ഉള്ളത്.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.