മലവെള്ളപ്പാച്ചില്‍; ആഢ്യന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി
നിലമ്പൂര്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ആഢ്യന്‍പാറ പുഴയ്ക്ക് അക്കരെ കുടുങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ രാത്രിയോടെ രക്ഷപ്പെടുത്തി. ആഢ്യന്‍പാറ പവര്‍ഹൗസ് കാണാന്‍ എത്തിയ ചുങ്കത്തറ സ്വദേശികളായ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് പുഴക്ക് അക്കരെ പന്തീരായിരം വനത്തില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം 5.40 ഓടെയാണ് സംഭവം.
മലപ്പുറം ചുങ്കത്തറ സ്വദേശികളായ ഷഹല്‍, അര്‍ഷിദ്, അനസ് എന്നിവരാണ് വനത്തില്‍ കുടുങ്ങിയത്. ആഷീര്‍, സുഹൈബ്, സൂര്യ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വനത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴപെയ്തതോടെ പെട്ടെന്നുണ്ടായ മലവെള്ളപാച്ചിലാണ് ഇവര്‍ ഒറ്റപ്പെടാന്‍
ഇടയാക്കിയത്. രാത്രി 8.30ഓടെയാണ് ഇവരെ ഇക്കരെയെത്തിച്ചത്.
വൈകിട്ട് 6.30ഓടെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് യുവാക്കളെ രക്ഷപ്പെടുത്താനായത്. കാട്ടാനകള്‍ അടക്കം വന്യമൃഗങ്ങളുള്ള പന്തീരായിരം വനമേഖലയിലാണ് വിദ്യാര്‍ഥികള്‍ കുടങ്ങിയത്.
മഴ ശക്തമാകുമ്പോള്‍ കിഴക്കന്‍ മലയോര മേഖലകളില്‍ വിനോദ സഞ്ചാരത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ടാകാറുണ്ട്. ഇത് അവഗണിച്ചാണ് വിദ്യാര്‍ഥികളെത്തിയത്. മലവെള്ളപ്പാച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാലാണ് ഇത്തരം മുന്നറിയിപ്പ് നല്‍കുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.