കേരളത്തിലെ സംഭരണികളിലെ ജലനിരപ്പ് പകുതിയിൽ താഴെയായി
കേരളത്തിലെ സംഭരണികളിലെ ജലനിരപ്പ് ഓരോ ദിവസം കഴിയുംതോറും കുറഞ്ഞ് നിലവിൽ പകുതിയിൽ താഴെയായി. ജലനിരപ്പ് കുറയുന്നത് അനുസരിച്ച് വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിൽ ആവുകയാണ്. 2030.029 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലായി ആകെയുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്.സംഭരണ ശേഷിയുടെ 49 ശതമാനം.
ഇടുക്കിയിലെ ജലനിരപ്പ് 2351.08 അടിയായി (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) കുറഞ്ഞു. സംഭരണശേഷിയുടെ 47 ശതമാനമാണിത്. മറ്റ് പ്രധാന പദ്ധതികളിലെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെ. പമ്പ, കക്കി 51, ഷോളയാര്‍ 47, ഇടമലയാര്‍ 48, കുണ്ടള 94, മാട്ടുപ്പെട്ടി 73, കുറ്റ്യാടി 77, തരിയോട് 36, പൊന്മുടി 39, കല്ലാര്‍കുട്ടി 69, പെരിങ്ങല്‍കുത്ത് 39, ലോവര്‍പെരിയാര്‍ 79 ശതമാനം.
ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കെഎസ്ഇബിയും മുൻകരുതൽ നടപടികൾ എടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്.
പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.
മാന്യ ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് കഴിയും.
വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണ്.