കേരളത്തിൽ വേനൽ മഴ സീസണിലെ ഒരു മാസം പിന്നിടുമ്പോഴും സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞ നിലയിൽ തുടരുന്നു. ഇടുക്കി ഉൾപ്പെടെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഇപ്പോഴും കുറഞ്ഞ നിലയിലാണ്. ഒരാഴ്ചയായി ഇടുക്കിയിൽ ശക്തമായ വേനൽ മഴ ലഭിക്കുമ്പോഴുള്ള സാഹചര്യമാണിത്. കഴിഞ്ഞ മൂന്ന് വർഷത്തെ കുറഞ്ഞ ജലനിരപ്പാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. മൊത്തം സംഭരണശേഷിയുടെ 46% വെള്ളമാണ് ഡാമുകളിൽ ഇപ്പോഴുള്ളത്. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത ഉൽപാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 42% ആണ്.
നിലവിൽ ഒരാഴ്ചയായി ഇടുക്കിയിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. വേനൽ മഴ കൃത്യമായി ലഭിച്ചില്ലെങ്കിൽ വൈദ്യുതി ഉൽപാദനത്തെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അതിനാൽ ജലനിരപ്പ് ഇനിയും കുറയുന്നത് തടയാൻ വൈദ്യുതി ഉൽപ്പാദനം പരിമിതപ്പെടുത്തിയിട്ടുണ്ട്. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്. തുലാവർഷം കുറഞ്ഞതാണ് ജലനിരപ്പ് വേഗത്തിൽ കുറയാൻ പ്രധാന കാരണം. വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കാര്യമായി മഴ ലഭിക്കാത്തതും നീരൊഴുക്ക് വർധിക്കാത്തതുമാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ കിട്ടിയിരുന്നു. എന്നാൽ ഇത്തവണ 456 മില്ലിമീറ്ററിൻറെ കുറവ് മഴ ലഭ്യതയിൽ ഉണ്ടായി. സംസ്ഥാനത്ത് ചൂടു കൂടിയതിനാൽ വൈദ്യുതി ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. 1905.735 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവിലുള്ളത്. പമ്പ 47, ഇടമലയാർ 42, കുറ്റ്യാടി 51, കുണ്ടള 95, മാട്ടുപ്പെട്ടി 75, പൊൻമുടി 59, നേര്യമംഗലം 43, ലോവർപെരിയാർ 66, തര്യോട് 35, ഷോളയാർ 76 ശതമാനം എന്നിങ്ങനെയാണ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.
വേനൽ മഴ തുടർന്നുള്ള മാസങ്ങളിലും സജീവമായി ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതർ ഉൾപ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകുന്ന പ്രവചനം. ഇടുക്കിയിൽ അടുത്തയാഴ്ചയും മഴ സാധ്യത മെറ്റ്ബീറ്റ് വെതർ പ്രവചിക്കുന്നുണ്ട്. എന്നാൽ നീരൊഴുക്ക് വർധിപ്പിക്കുന്ന വിധത്തിൽ മഴ ലഭിക്കുമോയെന്നാണ് കെ.എസ്.ഇ.ബി അധികൃതർ ഉറ്റുനോക്കുന്നത്. കേരളത്തിൽ ഡാമുകളിലെ ജലനിരപ്പ് കുറയുന്നത് പവർകട്ടിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മഴ ലഭിക്കുമെന്ന പ്രവചനം കെ.എസ്.ഇ.ബിയെയും പ്രതീക്ഷയിലാക്കുന്നുണ്ട്.