കേരളത്തിൽ മൂന്നു മുതൽ അഞ്ചു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത;മൺസൂൺ സീസണിൽ ആദ്യമായി താപനില മുന്നറിയിപ്പ്
കാലവർഷം ദുർബലമായതോടെ കേരളത്തിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിൽ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ഡിഗ്രി മുതൽ 5 ഡിഗ്രി വരെയാണ് ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൺസൂൺ സീസണിൽ ആദ്യമായാണ് താപനില മുന്നറിയിപ്പ് നൽകുന്നത്. ഇന്നും നാളെയും തിരുവനന്തപുരം കൊല്ലം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ മൂന്നു മുതൽ 5 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. ആലപ്പുഴ കോട്ടയം പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്നു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത എന്നും ഐ. എം . ഡി . 46% മഴ കുറവാണ് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 23 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം നിലവിൽ കേരളത്തിലുള്ളത്.
സെപ്റ്റംബറിൽ മഴ
ജൂൺ മാസത്തിൽ മഴ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ജൂലൈ മാസത്തിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചു. ഓഗസ്റ്റ് മാസത്തിലും സാധാരണയേക്കാൾ മഴ കുറഞ്ഞു. എൽ നിനോയുടെയും മറ്റും സ്വാധീനം മൂലമാണിത്. അതേസമയം സെപ്റ്റംബറിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതർ പ്രവചിക്കുന്നത്. എന്നാൽ കാലവർഷ സീസണിൽ മഴ സാധാരണയേക്കാൾ കുറയാനാണ് സാധ്യത. അതേസമയം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി(KSDMA) അറിയിച്ചു.