ഗ്രഹപരേഡിന് ഒരുങ്ങുന്ന ആകാശം: ഈ മനോഹര കാഴ്ച നഗ്നനേത്രങ്ങൾ കൊണ്ട് കാണാം

ഗ്രഹപരേഡിന് ഒരുങ്ങുന്ന ആകാശം: ഈ മനോഹര കാഴ്ച നഗ്നനേത്രങ്ങൾ കൊണ്ട് കാണാം

എൻ.സി ഷെരീഫ്

ജനുവരിയിലെ തെളിഞ്ഞ ആകാശം നമുക്ക് ഒരുക്കുന്നത് മനോഹരമായ ആകാശ വിസ്മയമാണ്. 2025 ജനുവരി മാസം മുഴുവൻ മാനത്ത് സൗരയൂഥത്തിലെ ഏഴു ഗ്രഹങ്ങൾ ഒരു പരേഡിനെന്ന പോലെ ഏകദേശ നേർരേഖയിൽ അണിനിരക്കും. ജനുവരി നാലാം വാരമാണ് ഗ്രഹപരേഡ് നിരീക്ഷണത്തിന് കൂടുതൽ അനുയോജ്യമായ കാലം.

എന്താണ് ഗ്രഹപരേഡ്?

സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങൾ സൂര്യന്റെ ഒരേ വശത്ത് എത്തുന്ന കാലങ്ങളിൽ അവയെ ആകാശത്ത് ഒരുമിച്ച് കാണുന്നതിനാണ് ഗ്രഹപരേഡ് (പ്ലാനെറ്ററി പരേഡ്) എന്ന് പറയുന്നത്.
മൂന്നോ നാലോ ഗ്രഹങ്ങൾ ചേർന്നുള്ള ഗ്രഹപരേഡുകൾ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും ഭൂമി ഒഴികെയുള്ള ഏഴു ഗ്രഹങ്ങളും ഒന്നിച്ച് അണിനിരക്കുന്ന പരേഡ് അപൂർവമാണ്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളാണ് ജനുവരി മാസം മാനത്ത് പരേഡിനെത്തുന്നത്. ഇവയിൽ യുറാനസ്, നെപ്ട്യൂൺ എന്നിവയെ കാണാൻ ടെലിസ്കോപ്പ് വേണം. ശുക്രൻ, വ്യാഴം, ചൊവ്വ, ശനി എന്നിവയെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ വ്യക്തമായി കാണാം.

ഗ്രഹങ്ങളെ തിരിച്ചറിയാൻ ഒരു സൂത്രം

ജനുവരി 1 മുതൽ ദൃശ്യമാകുന്ന ചന്ദ്രക്കലകളെ ഉപയോഗപ്പെടുത്തി പരേഡിൽ അണിനിരക്കുന്ന ഓരോ ഗ്രഹങ്ങളെയും കൊച്ചു കുട്ടികൾക്ക് പോലും സ്വയം നിരീക്ഷിച്ച് തിരിച്ചറിയാനാകും. ഡിസംബർ 31 ന് അമാവാസിയാണ്. അതിനാൽ ജനുവരി 2 മുതൽ പടിഞ്ഞാറൻ മാനത്ത് ചന്ദ്രക്കല ദൃശ്യമായി തുടങ്ങും. ഓരോ ദിവസവും ഉയർന്നുയർന്നു വരുന്ന ചന്ദ്രൻ വിവിധ ദിനങ്ങളിൽ വ്യത്യസ്ത ഗ്രഹങ്ങളുടെ സമീപത്താകും കാണപ്പെടുക. അതു വെച്ച് ഓരോ ഗ്രഹത്തെയും അനായാസം തിരിച്ചറിയാം. ഗ്രഹങ്ങൾ നക്ഷത്രങ്ങളെപ്പോലെ മിന്നില്ല എന്ന കാര്യം അവയെ തിരിച്ചറിയാൻ സഹായകമാകും. കൂടാതെ നക്ഷത്രങ്ങളെക്കാൾ കൂടിയ ശോഭയിലാണ് പൊതുവെ അവയെ കാണുന്നത്.

ജനുവരി 3 ന് ചന്ദ്രൻ ശുക്രനരികിൽ

ജനുവരി 3 ന് സന്ധ്യക്ക് ഇരുട്ടായിക്കഴിഞ്ഞാൽ ചന്ദന്റെ തൊട്ടരികിൽ അതീവ ശോഭയിൽ ശുക്രനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. അപ്പോൾ ശുക്രനെ ചന്ദ്രന്റെ 3.6 ഡിഗ്രി മാത്രം വടക്കു കിഴക്കു മാറിയാണ് കാണുക. (ഈ സമയത്ത് ചന്ദ്രനും ശുക്രനുമിടയിൽ ഏഴു പൂ‍ർണ ചന്ദ്രൻമാരെ വെക്കാനുള്ള വിടവാണ് നിരീക്ഷകർക്ക് അനുഭവപ്പെടുക). അതിനാൽ ഈ സമയത്ത് അവ രണ്ടിനെയും ബൈനോക്കുലറിലൂടെയോ ഫൈന്റ‍ർസ്കോപ്പിലൂടെയോ ഒന്നിച്ചു കാണാനാകും. ടെലിസ്കോപ്പിലൂടെ നോക്കിയാൽ 54 ശതമാനം ഭാഗം മാത്രം പ്രകാശിക്കുന്ന ശുക്രക്കലയാകും കാണുക. ജനുവരി അവസാനത്തിലും ഫെബ്രുവരിയിലും ടെലിസ്കോപ്പിലൂടെയുള്ള ശുക്രക്കാഴ്ച കൂടുതൽ മനോഹരമാകും.
ജനുവരി 3 നും 4 നും ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗത്ത് ഭൂമിയുടെ നിലാവ് പതിച്ചുണ്ടാകുന്ന ഭൂശോഭ (earth shine) കൂടി കാണാനാകും.

ജനുവരി 4 ന് ചന്ദ്രൻ ശനിക്കരികിൽ

നിത്യവും ഏകദേശം 12 ഡിഗ്രി വീതം കിഴക്കോട്ട് നീങ്ങുന്ന ചന്ദ്രൻ ജനുവരി 4ന് ശനിക്കരികിലെത്തും. അന്ന് മാനം നന്നായി ഇരുട്ടിയാൽ ചന്ദ്രന്റെ 3.8 ഡിഗ്രി കിഴക്കു മാറി ശനിയെ കാണാം. (ഈ സമയത്ത് ചന്ദ്രനും ശുക്രനുമിടയിൽ ഏഴര പൂ‍ർണ ചന്ദ്രൻമാരെ വെക്കാനുള്ള വിടവാണ് നിരീക്ഷകർക്ക് അനുഭവപ്പെടുക). ടെലിസ്കോപ്പിലൂടെ ശനിയുടെ വളയം കാണാനുള്ള അനുയോജ്യമായ സമയമാണ് ജനുവരി മാസം.

യുറാനസിനെയും നെപ്ട്യൂണിനെയും തിരിച്ചറിയാൻ

ജനുവരി 5 ന് ചന്ദ്രന് തൊട്ടരികിൽ കിഴക്ക് ഭാകത്തായി നെപ്ട്യൂണിനെ കാണാം. എന്നാൽ അതിനെ കാണാൻ ശക്തമായ ടെലിസ്കോപ്പ് ആവശ്യമാണ്. ജനുവരി 9 ന് ചന്ദ്രൻ യുറാനസിനരികിലെത്തും. നിരീക്ഷണ സാഹചര്യങ്ങൾ അനുകൂലമെങ്കിൽ നല്ല ഒരു ബൈനോക്കുല‍ർ ഉപയോഗിച്ച് നോക്കിയാൽ തന്നെ അന്ന് സന്ധ്യക്ക് യുറാനസിനനെ ചന്ദ്രനരികിൽ തെക്കുകിഴക്ക് ഭാഗത്തായി കാണാം.

ജനുവരി 11 ന് ചന്ദ്രൻ വ്യാഴത്തിനരികിൽ

ജനുവരി 11 ന് ചന്ദ്രന്റെ സ്ഥാനം വ്യാഴത്തിനരികിലായിരിക്കും. അന്ന് വ്യാഴത്തെ അത്യധിക ശോഭയിൽ ചന്ദ്രന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ വ്യക്തമായി കാണാനാകും. ടെലിസ്കോപ്പിലൂടെയുള്ള നിരീക്ഷണത്തിൽ വ്യാഴത്തിന്റെ പ്രധാന ഉപഗ്രങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെയും ജനുവരി മാസത്തിൽ കാണാം.

ജനുവരി 13 ന് ചന്ദ്രൻ ചൊവ്വക്കരികിൽ

ജനുവരി 13 ന് പൗർണമിയാണ്. അന്ന് സൂര്യാസ്തമയത്തോടൊപ്പം ചന്ദ്രൻ കിഴക്കുദിക്കും. 8 മണിയാകുന്നതോടെ ചന്ദ്രനു താഴെയായി ചൊവ്വയെ ചുവന്ന നിറത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.

ജനുവരി 19 ന് ശുക്ര-ശനി സംഗമം

കുറച്ചു കാലമായി പടിഞ്ഞാറൻ മാനത്ത് കണ്ടു കൊണ്ടിരിക്കുന്ന ശുക്രൻ ഇപ്പോൾ അനുദിനം നക്ഷത്രങ്ങൾക്കിടയിലൂടെ അൽപാൽപം കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ശനി വളരെ നേരിയ തോതിൽ പടിഞ്ഞാട്ടും. പശ്ചാത്തല നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷിച്ചാൽ ഈ കാര്യം ബോധ്യമാകും. ഇതിന്റെ ഫലമായി ജനുവരി 19 ന് ശുക്രനും ശനിയും തെക്ക്-വടക്ക് ദിശയിൽ വരക്കാവുന്ന ഒരു നേ‍ർരേഖയിൽ അടുത്തെത്തും. അപ്പോൾ അവക്കിടയിൽ ഏകദേശം ഏഴു പൂർണചന്ദ്രൻമാരെ വെക്കാനുള്ള വിടവുള്ളതായി നമുക്ക് അനുഭവപ്പെടും.

പരേഡിൽ ബുധനും അണിനിരക്കുന്നു

ജനുവരി ആദ്യത്തെ രണ്ടു മൂന്ന് ദിനങ്ങളിൽ ബുധനും സന്ധ്യക്ക് സൂര്യാസ്തമയസമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിനരികിൽ വളരെ താഴെയായി ഉണ്ടാകും. അതുപോലെ ജനുവരി അവസാനത്തെ രണ്ട് മൂന്ന് ദിനങ്ങളിൽ പുലർച്ചെ സൂര്യോദയസമയത്ത് കിഴക്കൻ ചക്രവാളത്തിനരികിലും വളരെ താഴെയായി ബുധനുണ്ടാകും. അതിനാൽ സൗരയൂഥത്തിലെ ഭൂമി ഒഴികെയുള്ള ഏഴു ഗ്രഹങ്ങളും ജനുവരിയിലെ ഗ്രഹപരേഡിൽ മാനത്ത് അണിനിരക്കുന്നുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ ബുധൻ സൂര്യസമീപമായതിനാൽ അതിന്റെ പ്രകാശിത ഭാഗം വളരെക്കുറച്ചു മാത്രമേ ഭൂമിക്കഭിമുഖമാകൂ. അതിനാൽ ഗ്രഹപരേഡിൽ അണിചേരുന്നുണ്ടെങ്കിലും ഏറെ മങ്ങിയതായതിനാൽ ബുധന്റെ കാഴ്ച സാധ്യമാകില്ല.

metbeat news

കടപ്പാട് : സുപ്രഭാതം ന്യൂസ് പേപ്പർ ആൻഡ് ഓൺലൈൻ

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.