കൊക്കോ വില ആകർഷകമായ തലത്തിലേക്ക് ഉയർന്നത് കേരളത്തിലെ കൊക്കോ കർഷകർക്ക് ആശ്വാസമായി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉൽപാദനം കുറഞ്ഞതാണ് ആഗോള വിപണിയിൽ കൊക്കോയ്ക്ക് വില വർദ്ധിക്കാൻ കാരണം. സീസൺ കാലയളവിൽ വില വർധിച്ചത് തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയ്ക്ക് ഇടവിളയായി കൃഷി ചെയ്യുന്ന കർഷകർക്ക് ശരിക്കും ആശ്വാസമായി.
40 ശതമാനവും ഇടുക്കിയിൽ
കേരളത്തിലെ ഇടുക്കി ജില്ലയാണ് കൊക്കോ ഉൽപാദനത്തിൽ മുൻപന്തിയിൽ. ഉൽപാദനത്തിന്റെ 40% വും ഇടുക്കിയിലാണ്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് കൊക്കോ ഉത്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങൾ. റബ്ബറിൽ തിരിച്ചടി ഏറ്റ കർഷകരാണ് കൊക്കോ കൃഷിയിൽ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയവരിൽ കൂടുതലും.
വർഷം മുഴുവൻ പൂക്കുകയും കായ്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയിൽ കൊക്കോ കർഷകന് ക്രമമായ വരുമാനവും ഉറപ്പാക്കുന്നു
ആഫ്രിക്കയിൽ ഉൽപാദനം കുറഞ്ഞു
ലഭ്യത കുറഞ്ഞതും കീടബാധയും ആണ് ആഫ്രിക്കയിൽ കൃഷിക്ക് വെല്ലുവിളിയായത്. റഷ്യ ഉക്രൈൻ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ റഷ്യയിൽ നിന്നുള്ള പൊട്ടാഷ് ഉൾപ്പെടെയുള്ള രാസവളങ്ങളുടെ ലഭ്യത ക്രമാതീതമായി ചുരുങ്ങി. കീടനാശിനികളുടെ അഭാവം തോട്ടങ്ങളിൽ വലിയ തോതിൽ വൈറസ് ബാധക്ക് ഇടയാക്കി. ആഗോളതലത്തിൽ സ്റ്റോക്ക് 1.653 മില്യൺ മെട്രിക് ടണ്ണിലേക്ക് ഇടിയുന്നതായാണ് അന്താരാഷ്ട്ര കൊക്കോ ഓർഗനൈസേഷൻ പറയുന്നത്.
ചോക്കലേറ്റ് നിർമ്മാണം
കൊക്കോ പ്രധാനമായും ചോക്കലേറ്റ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.കായകൾക്കകത്തെ പൾപ്പിനുള്ളിലാണ് കൊക്കോ കുരുക്കൾ കാണപ്പെടുന്നത്.ഈ കുരുക്കളെ സംസ്‌കരിച്ച് അതിന്റെ കയ്പുരസം നീക്കം ചെയ്ത് ഉണക്കുന്നു.അല്ലെങ്കിൽ ആ കയ്പുരസം നിലനിർത്തിക്കൊണ്ടു തന്നെ ഉണക്കിയെടുക്കുന്നു.പ്രതി വർഷം 20 ശതമാനത്തോളം ചോക്ലേറ്റിന്റെ ആഭ്യന്തര ആവശ്യം കൂടി വരുന്നതായാണ് കണക്ക്.