കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയം യോഗം ചേർന്നു
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതല യോഗം ചേർന്നു . കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. മൺസൂൺ കാലത്ത് വെള്ളപ്പൊക്കം അടക്കമുള്ള പ്രശ്നങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ യോഗം അവലോകനം ചെയ്തു.
കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തി. മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ മണ്ണിടിച്ചിൽ അടക്കം നിലവിലെ സാഹചര്യങ്ങൾ യോഗത്തിൽ പരിശോധിച്ചു.
വെള്ളപ്പൊക്കനിവാരണത്തിനും ജലപരിപാലനത്തിനുമായി വിവിധ ഏജന്‍സികള്‍ ഐഎസ്ആര്‍ഒ നല്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അമിത് ഷാ പറഞ്ഞു. പ്രളയക്കെടുതി നേരിടാന്‍ എന്‍ഡിഎംഎ നല്കിയ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യണം. വെള്ളപ്പൊക്ക പ്രവചനത്തിന് ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും പുനഃക്രമീകരിക്കുന്നതിനുള്ള നടപടികള്‍ കാലാവസ്ഥാ വകുപ്പും കേന്ദ്ര ജലകമ്മിഷനും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അമിത് ഷാ നിർദ്ദേശിച്ചു .
കാട്ടുതീ തടയാന്‍ ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും അമിത് ഷാ നിര്‍ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ സി ആർ പാട്ടീൽ, നിത്യാനന്ദ റോയ്, ആഭ്യന്തര – ജലവിഭവ – പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാർ, ദേശീയ ദുരന്ത നിവാരണ സേന, കാലാവസ്ഥ വകുപ്പ് മേധാവിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.