‘മൗസം മിഷൻ’ ദൗത്യ പ്രഖ്യാപനത്തോടെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150–ാം വാർഷിക സമ്മേളനത്തിനു തുടക്കം
2000 കോടി രൂപയുടെ ‘മൗസം മിഷൻ’ ദൗത്യ പ്രഖ്യാപനത്തോടെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150–ാം വാർഷിക സമ്മേളനത്തിനു തുടക്കം കുറിച്ചു. രാജ്യത്തെ ഓരോ കുടുംബത്തിനും അനുയോജ്യമായ കാലാവസ്ഥാ വിവരങ്ങൾ തത്സമയം നൽകാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 2047 ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വേളയിൽ രാജ്യത്തെ സമ്പൂർണ ദുരന്തനിവാരണ സജ്ജമാക്കാനും കാലാവസ്ഥാ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികളും സമീപകാലത്തു നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച മാർഗരേഖയും കാലാവസ്ഥാവകുപ്പിന്റെ വാർഷിക സമ്മേളനത്തിൽ പുറത്തിറക്കി. രാജ്യത്തിന്റെ മുഴുവൻ ഭൂവിഭാഗവും നിരീക്ഷണ വിധേയമാക്കുന്ന കാലാവസ്ഥാ റഡാറുകൾ 2 വർഷത്തിനകം സജ്ജമാക്കാനുള്ള പദ്ധതിയും ഉണ്ട്.
പ്രകൃതിദുരന്തങ്ങളിൽ ഒരു മനുഷ്യജീവൻ പോലും നഷ്ടപ്പെടരുതെന്ന നയമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം നിർമിത ബുദ്ധിയുടെയും മെഷീൻ ലേണിങ്ങിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളെ പറ്റിയും ഐഎംഡി വിശദീകരിച്ചു. കാലാവസ്ഥാ കാര്യങ്ങളിൽ നേതൃനിരയിലേക്ക് കടക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിനായി ഇൻസാറ്റ്–4 ഉപഗ്രഹ പരമ്പരയിലേക്ക് ഇന്ത്യ കടക്കുകയാണെന്ന് അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ മേധാവി നീലേഷ് ദേശായി അറിയിച്ചു. മിന്നൽ പ്രളയങ്ങളും,ഇടിമിന്നലും മുൻകൂട്ടി പ്രവചിക്കാനുള്ള ശേഷി കൈവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പു നൽകുന്നതിലുപരി കാലാവസ്ഥാ മാനേജ്മെന്റിലേക്കുള്ള നയംമാറ്റവും ഇതോടൊപ്പം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു . ദുരന്ത നിവാരണ പാഠ്യപദ്ധതിയുടെയും സംസ്കാരത്തിന്റെയും ഭാഗമാക്കുന്ന ജപ്പാൻ മാതൃകയെപ്പറ്റി ആലോചിക്കുന്നതായി ഐഎംഡി മേധാവി ഡോ. എം. മഹാപത്രയും ഭൗമമന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രനും സമ്മേളനത്തിൽ പറഞ്ഞു.
അന്ന മാണിക്ക് ആദരം
രാജ്യത്തെ ആദ്യ വനിതാ ശാസ്ത്രജ്ഞരിൽ പ്രമുഖയായ അന്ന മാണിക്ക് കാലാവസ്ഥാ കേന്ദ്രത്തിന്റെ 150–ാം വാർഷിക വേളയിൽ ആദരം. അന്ന മാണിയെ അനുസ്മരിച്ചത് ലോക കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറൽ ഡോ. സെലസ്റ്റെ സൗളോ ആണ് .
സി.വി. രാമന്റെ ശിഷ്യയായി സ്പെക്ട്രോസ്കോപ്പിയിൽ പഠനം തുടങ്ങിയ മല്ലപ്പള്ളി മോടയിൽ കുടുംബാംഗമായ അന്ന മാണി പിന്നീടു കാലാവസ്ഥാ ശാസ്ത്രത്തിലേക്കു വഴിമാറുകയായിരുന്നു. ഓസോണിനെപ്പറ്റിയും സൗരോർജ വികിരണത്തെപ്പറ്റിയും ശ്രദ്ധേയ പഠനം നടത്തി ഇവർ. 1940 കളിൽ പിഎച്ച്ഡി ചെയ്ത വനിത എന്ന അപൂർവതയും അന്ന മാണിക്ക് സ്വന്തമാണ്. 1963 ൽ വിക്രം സാരാഭായിക്ക് ഒപ്പം തുമ്പയിൽ കാലാവസ്ഥാ നിരീക്ഷണ യന്ത്ര സംവിധാനങ്ങൾ ഒരുക്കുന്നതിലും നേതൃത്വം നൽകിയിരുന്നു. 2001 ഓഗസ്റ്റിലായിരുന്നു ഇവരുടെ മരണം.
അന്ന മാണിയെ ശ്രദ്ധേയാക്കിയത് സ്ത്രീകൾക്കു ശാസ്ത്രഗവേഷണത്തിന് അവസരങ്ങൾ നിഷേധിച്ചിരുന്ന കാലത്ത് ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു എന്നതാണെന്ന് സെലസ്റ്റെ സൗളോ പറഞ്ഞു. ഐഎംഡി 150–ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മാരക ഗ്രന്ഥത്തിലും അന്ന മാണിയെക്കുറിച്ച് വിവരിക്കുന്നുണ്ട്.