ഭൂമിയുടെ 700 കി.മി താഴ്ചയില്‍ മഹാസമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞര്‍; ഭൗമോപരിതലത്തിലെ സമുദ്രങ്ങളിലെ വെള്ളത്തേക്കാള്‍ മൂന്നിരട്ടിവെള്ളം
ഇല്ലിനോയ്‌സ്: ഭൗമോപരിതലത്തില്‍ നിന്ന് 700 കി.മി താഴെ ഭൂമിയുടെ മാന്റിലില്‍ മഹാസമുദ്രമുണ്ടെന്ന് കണ്ടെത്തല്‍. പുറന്തോടിനും തിളച്ചുമറിയുന്ന അകക്കാമ്പിനും ഇടയിലാണ് 2,900 കിലോമീറ്റര്‍ കട്ടിയുള്ള മാന്റില്‍. ഭൗമോപരിതലത്തില്‍ നിന്ന് 410 മുതല്‍ 700 കി.മി താഴ്ചയിലാണ് മാന്റിലുള്ളത്. ഭൂമിക്ക് പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളമുള്ള സമുദ്രം ഭൂമിയുടെ അകത്ത് ഉണ്ടെന്നാണ് യു.എസിലെ ഇല്ലിനോയ്‌സിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ എവാന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. 2014 ല്‍ നടന്ന മാന്റിലിലെ ഉരുകലിന്റെ നിര്‍ജലീകരണം എന്ന പേരില്‍ നടന്ന പഠനത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്.
റിംഗ്‌വുഡീറ്റ് എന്നറിയപ്പെടുന്ന നീല നിറത്തിലുള്ള പാറകള്‍ക്കിടയിലാണ് സമുദ്രം. ചൂടുള്ള പാറകളാണ് മാന്റിലിലുള്ളത്. ഭൂമിയിലെ സമുദ്രങ്ങളില്‍ ഉള്ളതിന്റെ മൂന്നിരട്ടി വെള്ളമാണ് മാന്റിലിലെ സമുദ്രത്തിലുള്ളത്. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചെന്ന് ഗവേഷക സംഘത്തിലെ സ്റ്റീവ് ജാക്കോബ്‌സണ്‍ പറഞ്ഞു. 500 ഭൂചലനങ്ങളില്‍ നിന്നുള്ള തരംഗങ്ങള്‍ 2000 സീസ്‌മോമീറ്ററുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഭൗമാന്തര്‍ഭാഗത്തെ മഹാസമുദ്രത്തെ കുറിച്ച് തെളിവ് ലഭിച്ചത്. അകക്കാമ്പ് മുതല്‍ പുറംതോട് വരെയുള്ള ഭൂചലന കമ്പനകള്‍ കണ്ടെത്തിയിരുന്നു.
തരംഗങ്ങളില്‍ നിന്ന് വിവിധ താഴ്ചയിലുള്ള പാറകളെ കുറിച്ചും അവയുടെ സ്വഭാവത്തെ കുറിച്ചും വിവരം ലഭിച്ചു. പാറകള്‍ നിറഞ്ഞ സമുദ്രത്തില്‍ തട്ടി തരംഗങ്ങള്‍ക്ക് വേഗത കുറയുന്നതും കണ്ടെത്തി. ഭൗമോപരിതലത്തിലെ പര്‍വതങ്ങള്‍ പോലെയാണ് പാറക്കൂട്ടങ്ങളെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.