ഖത്തറിൽ ചൂട് കൂടുന്നു; ജീവനക്കാർ സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശം
ദോഹ: ഖത്തറിൽ ചൂട് ശക്തമായി വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ വേണ്ടി പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അവരെ പുറം ജോലികൾക്ക് അയക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു. പുതുതായി ജോലിക്ക് നിയോഗിക്കുന്നവരെ ‘20% നിയമം’ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ചൂട് കൂടിയ സാഹചര്യത്തിൽ പുതുതായി ജോലിക്ക് നിയോഗികപ്പെട്ടവരെ വെയിലത്ത് അയക്കുന്നതിന് പകരം ‘20% നിയമം ‘പാലിക്കുക.
തൊഴിലാളികളെ പുറം കാലാവസ്ഥയുമായി പൊരുത്തപ്പെടീക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒറ്റയടിക്ക് കടുത്ത ചൂടിൽ ജോലിക്ക് നിയോഗിച്ചാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ അവരുടെ ശരീരം ചൂടിനോട് ഇണങ്ങിച്ചേരുന്നതു വരെ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
പുതുതായി ജോലി ചെയ്യുന്നവരുടെ ആദ്യ ദിവസം ആകെ ജോലി സമയത്തിന്റെ 20 ശതമാനം സമയത്ത് മാത്രമേ തൊഴിലാളികളെ പുറം ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ. അടുത്ത ദിവസം 20 ശതമാനം കൂടി കൂട്ടി ആകെ സമയത്തിന്റെ 40 ശതമാനം സമയം പുറത്ത് ജോലി ചെയ്യിപ്പിക്കാം. ഈ രീതിയിൽ ചെയ്യുന്നതിനാൽ ചൂടിന്റെ സമ്മർദം താങ്ങാൻ പാകത്തിൽ അവരുടെ ശരീരം പാകപ്പെടുന്നു. ചൂടുമായി അവരുടെ ശരീരം ഇണങ്ങിച്ചേർന്നാൽ മാത്രമേ മുഴുവൻ സമയവും ജോലിക്ക് നിയോഗിക്കാവൂ എന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി.
ഇപ്പോൾ പകൽ സമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ചൂട് ജന്യ രോഗങ്ങൾക്കുള്ള അത്യാവശ്യ പ്രഥമശുശ്രൂഷയെ കുറിച്ചുള്ള ബോധവത്ക്കരണവും എല്ലാ സുരക്ഷാ സൗകര്യങ്ങളും തൊഴിലുടമകൾ എല്ലാ ജീവനക്കാർക്കും നൽകണം. സൂര്യതാപം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ചൂട് കാരണം ഉണ്ടാവുന്ന രോഗങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുകയും എന്തെങ്കിലും ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ തന്നെ തൊഴിലാളികളെ ആശുപത്രികളിലേക്ക് മാറ്റാനും നിർദേശമുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിന് 999 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.