Tej cyclone possibility in arabian sea
അറബി കടലിൽ ലക്ഷദ്വീപിന് സമീപം ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് ശക്തിപ്പെടാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണ് ഇപ്പോൾ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടിട്ടുള്ളത്.
തേജ് ചുഴലിക്കാറ്റ് സാധ്യത ?
ഈ മാസം 21 ഓടെ ന്യൂനമർദം ശക്തിപ്പെട്ട് ചുഴലിക്കാറ്റ് ആയേക്കും. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലാണ് ഈ ന്യൂനമർദ്ദം സഞ്ചരിക്കുക. വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇനി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് തേജ് എന്ന പേരിലാണ് അറിയപ്പെടുക. ഇന്ത്യയാണ് ഈ പേര് നിർദ്ദേശിച്ചത്. ഈ മേഖലയിൽ അവസാനം രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പേര് ബംഗ്ലാദേശ് ആയിരുന്നു നിർദ്ദേശിച്ചത്. ബിപർ ജോയ് എന്നാണ് അവസാനം രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പേര്.
ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോകുമെങ്കിലും മുംബൈ ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രത പുറപ്പെടുവിക്കേണ്ടി വരും.
ഈ സിസ്റ്റം ചുഴലിക്കാറ്റ് ആവുകയാണെങ്കിൽ അടുത്തയാഴ്ച യമൻ, ഒമാൻ, പാക്കിസ്ഥാൻ തീരങ്ങളിൽ ഏതിലെങ്കിലും എത്താനാണ് സാധ്യത. സഞ്ചാരപാത സംബന്ധിച്ച വ്യക്തത ചുഴലിക്കാറ്റ് രൂപപ്പെട്ടതിനു ശേഷം മാത്രമേ അറിയാനാകൂ.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ സാധ്യത
അതേസമയം ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ സമീപത്ത് മറ്റൊരു ചക്രവാത ചുഴി രൂപപ്പെട്ടു. ഇതും അടുത്ത ആഴ്ച ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം ( Depression) ആകാൻ സാധ്യത കൂടുതലാണ് എന്ന് Metbeat Weather പറയുന്നു. ഇത് വടക്കോ കിഴക്കൻ സംസ്ഥാനങ്ങളിലേക്കോ ബംഗ്ലാദേശിലേക്കോ കരകയറാനാണ് സാധ്യത.
© Metbeat News