തമിഴ്നാട് പ്രളയം: മരണം 10 ആയി, വെള്ളം ഇറങ്ങാതെ ഗ്രാമങ്ങൾ
മൂന്നു ദിവസമായി
പെയ്ത മഴയിൽ തെക്കൻ തമിഴ്‌നാട്ടിൽ പ്രളയം തുടരുന്നു. മഴക്കെടുതിയിൽ മരണം 10 ആയി. നാല് ജില്ലകളിൽ വെള്ളക്കെട്ടുള്ള ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ചൊവ്വാഴ്ച നാലുപേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
രക്ഷാപ്രവർത്തനത്തിന് കര, വ്യോമ, നാവിക സേനകളും രംഗത്തെത്തി. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിതല സംഘങ്ങൾ ജില്ലകളിൽ ക്യാംപ് ചെയ്യുകയാണ്.
തെക്കൻ ജില്ലകളിലെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ കുടുങ്ങിയവരെ ഹെലികോപ്‌ടർ ഉപയോഗിച്ചാണ് നാവിക സേനയും കോ സ്റ്റ്ഗാർഡും രക്ഷപ്പെടുത്തുന്നത്. നാലു ജില്ലകളിലായി 200ൽ ഏറെ ദുരുതാശ്വാ ക്യാംപുകൾ തുറന്നിട്ടുണ്ട്.
വ്യോമസേനയുടെ കൂടുതൽ ഹെലികോപ്റ്ററുകൾ വിട്ടു കിട്ടുന്നതിനായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും തമിഴ്നാട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ഇന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. പ്രളയമേഖലയിലൂടെ കടന്നുപോകുന്ന പത്തൊമ്പത് ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. 36 ഗ്രാമങ്ങളിലായി 3500 പേരെ പ്രളയം ബാധിച്ചു. 75 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന ദുരന്തനിവാരണ സേനയും കേന്ദ്ര ദുരന്ത പ്രതികരണ സേനയും രംഗത്തുണ്ട്. 35 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.