തായ്‌വാനിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം: സുനാമി മുന്നറിയിപ്പ്; ജപ്പാനിൽ ആളുകളെ ഒഴിപ്പിക്കുന്നു
കിഴക്കൻ തായ്‌വാനിൽ പ്രാദേശിക സമയം ഇന്ന് രാവിലെ എട്ടുമണിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. റിക്ടർ സ്കെലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി. ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല.
ജപ്പാൻ കാലാവസ്ഥ ഏജൻസിയുടെ (JMA) റിപ്പോർട്ട് അനുസരിച്ച് 7.5 ആണ് തീവ്രത. ഇതേ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തായ്‌വാൻ തലസ്ഥാനമായ തായ് പേയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തയ് വാൻ സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജപ്പാൻ തീരത്ത് തിരമാലകൾക്ക് മൂന്ന് മീറ്റർ വരെ ഉയരം ഉണ്ടാകാമെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി.
സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലെ ഒക്കീനാവാ തീരത്തുനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി. തായ്‌വാനിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിരുന്നതിനെ തുടർന്നു ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.
Developing Story…