Menu

കാലവർഷം

തുലാവർഷ മുന്നോടിയായി കിഴക്കൻ മഴ വരുന്നു

ഒരു ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. തുലാവർഷത്തിന് (North East Monsoon) മുന്നോടിയായി ഇടിയോടു കൂടെയുള്ള മഴയാണ് അടുത്ത ദിവസം കേരളത്തിൽ പ്രതീക്ഷിക്കേണ്ടത്. തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട കിഴക്കൻ മഴ തുടരും. ബുധനാഴ്ചയോടെ ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപത്തായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പത്തെ ദക്ഷിണേന്ത്യയിൽ എത്തിക്കും. ഇന്നും (വെള്ളി) നാളെയും തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഞായറാഴ്ച വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴികളും ന്യൂനമർദവും കേരളത്തിൽ വീണ്ടും മഴ സജീവമാകാൻ കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം അടുത്ത ആഴ്ചകളിൽ ഉടലെടുത്തേക്കും. പെട്ടെന്നുള്ള മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സമയങ്ങളിൽ കിഴക്കൻ മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതാണ്. ഉച്ചയ്ക്കുശേഷം ഒറ്റപ്പെട്ട ശക്തമായ മഴ വന മേഖലകളിൽ പെയ്യാൻ സാധ്യതയുള്ളതിനാൽ അരുവികളിലും നീർച്ചാലുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും സുരക്ഷിതമല്ല. ഇടനാട് പ്രദേശങ്ങളിൽ മഴ ഇല്ലെന്നു കരുതി നീർച്ചാലുകളിലും മറ്റും ഇറങ്ങുന്നത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും തുടർന്ന് അപകടങ്ങൾക്കും കാരണമാകും.
ഇപ്പോൾ ഉത്തർപ്രദേശിൽ എത്തിനിൽക്കുന്ന കാലവർഷ പിന്മാറ്റം (withdrawal of south west monsoon) അടുത്ത അഞ്ചുദിവസത്തിൽ മഹാരാഷ്ട്ര വരെ പുരോഗമിക്കാനാണ് സാധ്യതയെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വരാനിരിക്കുന്ന ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷ പിന്മാറ്റം അല്പം വൈകാൻ സാധ്യതയുണ്ട്. ഈ മാസം 18നും 20നും ഇടയിൽ തുലാവർഷം തമിഴ്നാട്ടിൽ എത്താനാണ് സാധ്യത എന്നും ഇപ്പോഴത്തെ നിഗമനം. കൂടുതൽ വിവരങ്ങൾക്കായി മെറ്റ്ബീറ്റ് വെതർ , weatherman kerala ഫേസ്ബുക്ക് പേജിൽ ഞങ്ങളെ പിന്തുടരാം. തൽസമയ ഇടിമിന്നൽ മുന്നറിയിപ്പ് , പ്രാദേശിക കാലാവസ്ഥ ഫോർകാസ്റ്റ് എന്നിവയ്ക്ക് MetbeatWeatherApp ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

കാലവർഷം വിടവാങ്ങിയിട്ടും ഉത്തരേന്ത്യയിൽ കനത്ത മഴ: യു.പിയിൽ 4 മരണം

ന്യൂഡല്‍ഹി: കാലവർഷം വിടവാങ്ങിയ ഡൽഹി, യു.പി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഡൽഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ്‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചു.ഡൽഹിയിൽ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. ആനന്ദ് വിഹാർ, വസീറാബാദ്, ഐ.എൻ.എ മാർക്കറ്റ്, എയിംസ് എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഡൽഹിയിൽ താപനില 10 ഡിഗ്രിയായി താഴ്ന്നു.
ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരി, ഇറ്റാ, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഗ്രാമങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. പലയിടങ്ങളിലും രൂക്ഷമായ ഗതാഗത തടസം നേരിട്ടു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുംബൈയിലും ശക്തമായ മഴ ലഭിച്ചു. റോഡുകൾ വെള്ളത്തിനടിയിലായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർച്ചയായി മഴ പെയ്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു.
കാലവർഷം വിടവാങ്ങിയതിനു പിന്നാലെ എത്തിയ പശ്ചിമ വാതം (western disturbance) ആണ് മഴക്ക് കാരണമെന്നും രണ്ടു ദിവസം മഴ തുടരുമെന്നും മെറ്റ്ബീറ്റ് വെതർ പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. വടക്കൻ തമിഴ്നാട് , ആന്ധ്രപ്രദേശ് തീരം കർണാടക എന്നിവിടങ്ങളിൽ ഇന്നുമുതൽ ഏതാനും ദിവസം ശക്തമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും തെക്കൻ കേരളത്തിലെ പത്തനംതിട്ട , കോട്ടയം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ കാലവർഷം വിടവാങ്ങുന്നത് പുരോഗമിക്കുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യൻ തീരത്ത് പ്രത്യേകിച്ച് ആന്ധ്ര തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാത ചുഴിയാണ് ദക്ഷിണേന്ത്യയിൽ മഴക്ക് കാരണമാകുന്നത്. കർണാടകക്ക് മുകളിലൂടെ കിഴക്ക് – പടിഞ്ഞാറായി ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. വടക്കൻ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നുമുതൽ മഴക്ക് സാധ്യതയുണ്ട്. ആന്ധ്രയുടെ തീരദേശത്തും ശക്തമായ മഴ ലഭിക്കാം. ബംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ ഭാഗങ്ങളിലും ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പം കയറുന്നതാണ് മഴക്ക് കാരണമാകുന്നത്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. വൈകുന്നേരങ്ങളിലോ രാത്രിയോ ആയിരിക്കും കേരളത്തിലെ മഴക്ക് സാധ്യത. ഇടിയോട് കൂടെയുള്ള മഴക്കും കിഴക്കൻ മേഖലകളിൽ സാധ്യതയുണ്ട്. എന്നാൽ ഇത് തുലാവർഷത്തിന്റെ ഭാഗമായുള്ള മഴയല്ല. ഇന്ന് കാലവർഷത്തിന്റെ ഭാഗമായുള്ള മഴയുടെ കണക്കെടുപ്പ് അവസാനിക്കുകയും നാളെ മുതൽ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലും ആണ് ഔദ്യോഗികമായി ഉൾപ്പെടുത്തുക. എന്നാൽ തുലാവർഷം കേരളത്തിലെത്താൻ ഇനിയും രണ്ടാഴ്ചയെങ്കിലും കഴിയുമെന്നാണ് ഞങ്ങളുടെ വിദഗ്ധരുടെ നിരീക്ഷണം.

കാലവർഷക്കെടുതി: രാജ്യത്ത് മരിച്ചത് 2000 പേർ, വിശദാംശങ്ങൾ വായിക്കാം

ഈ വർഷത്തെ കാലവർഷക്കെടുതികളിൽ രാജ്യത്ത് മരിച്ചത് 2000 ത്തോളം പേർ. തീവ്രമഴ, പ്രളയം, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മണ്ണിടിച്ചിൽ എന്നിങ്ങനെ ജൂൺ 1 മുതൽ മരിച്ചവരുടെ കണക്കാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിവിഷനിലെ കണക്കു പ്രകാരം 396 ജില്ലകളെ ഈ വർഷം കാലവർഷക്കെടുതി ബാധിച്ചു.

ഏറ്റവും കുടുതൽ മരണം വടക്കൻ സംസ്ഥാനങ്ങളിൽ

ഏറ്റവും കൂടുതൽ പേർ മരിച്ചത് ഹിമാചൽ പ്രദേശിലാണ്- 320. ഇവിടെ മേഘവിസ്‌ഫോടനവും പ്രളയവും ഉരുൾപൊട്ടലും ഈ വർഷം ഉണ്ടായിരുന്നു. ധ്യപ്രദേശിൽ 280 പേരും മരിച്ചു. 159 പേരും മരിച്ചത് മിന്നലേറ്റാണ്. ഏറ്റവും കൂടുതൽ പേർ രാജ്യത്ത് മിന്നലേറ്റ് മരിച്ചതും മധ്യപ്രദേശിലാണ്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേർ മിന്നലേറ്റ് മരിച്ച രണ്ടാമത്തെ സംസ്ഥാനം. 69 പേരാണ് ഇവിടെ മരിച്ചത്.
മൺസൂൺ കാലത്ത് രാജ്യത്തുടനീളം 536 പേർ മിന്നലേറ്റു മരിച്ചു. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും മഴയിലും പ്രളയത്തിലും വ്യാപക നാശനഷ്ടമുണ്ടായ വർഷമാണ് 2022. ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയമുണ്ടായി. പാകിസ്താനിൽ ഏറ്റവും വലിയ പ്രളയത്തിൽ 1500 ലേറെ പേർ മരിച്ചു.

വ്യാപക കൃഷി നാശം

ഇന്ത്യയിൽ 15 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 70,000 കന്നുകാലികൾ ചത്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 48 ശതമാനം മഴക്കുറവുണ്ടായി. മിസോറമിൽ 20 ശതമാനവും ത്രിപുരയിൽ 23 ശതമാനവും മഴ കുറഞ്ഞു. ഡൽഹിയിൽ 37 ശതമാനം മഴ കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴക്കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഡൽഹി. ഉത്തർ പ്രദേശിൽ മഴക്കുറവ് 35 ശതമാനമാണ്. ബിഹാർ, പഞ്ചാബ് സംസ്ഥാനങ്ങളിലും മഴ കുറഞ്ഞു. കൃഷിയെ പ്രധാനമായി ആശ്രയിക്കുന്ന ഉത്തരേന്ത്യയിലെ ഏഴിൽ ആറു സംസ്ഥാനങ്ങളിലും മൺസൂൺ വിടവാങ്ങുന്നതിനു പിന്നാലെ വരൾച്ചാ ഭീഷണിയിലാണ്. അതേസമയം രാജ്യവ്യാപക കണക്കെടുക്കുമ്പോൾ സെപ്റ്റംബർ 21 വരെ രാജ്യത്ത് 7 ശതമാനം മഴ കൂടുതലുണ്ട്.

കാലവർഷം കണക്കെടുപ്പ് രണ്ട് ദിവസം കൂടി ; 13 % മഴക്കുറവ്

കേരളത്തിൽ (തെക്കുപടിഞ്ഞാറൻ മൺസൂൺ) കാലവർഷത്തിന്റെ ഓദ്യോഗിക കണക്കെടുപ്പ് വെള്ളിയാഴ്ച പൂർത്തായാകും. ഇതുവരെ സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവാണ് റിപ്പോർട്ട് ചെയ്തത്. സാങ്കേതികമായി ഇത് സാധാരണ മഴയാണ്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ കണക്കിൽ പെടുത്തുക. ഇന്നുവരെ കേരളത്തിൽ 2001.1 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ 1735.7 മില്ലി മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ (-29), കൊല്ലം (-20), തിരുവനന്തപുരം (-29) ശതമാനം മഴക്കുറവുണ്ട്. മറ്റു ജില്ലകളിലെല്ലാം സാധാരണ മഴയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കണ്ണൂർ (-10), എറണാകുളം (-17), ഇടുക്കി (-15), കാസർകോട് (-2), കോട്ടയം (-15), കോഴിക്കോട് (-12), മലപ്പുറം (-16), പാലക്കാട് (-5), പത്തനംതിട്ട (-15), തൃശൂർ (-17), വയനാട് (-8) ശതമാനം മഴ ലഭിച്ചു. 19 ശതമാനം മഴ കൂടുതലോ കുറവോ ലഭിച്ചാൽ സാധാരണ മഴയായാണ് കണക്കാക്കുക.

കാലവർഷം പിൻമാറ്റം കേരളത്തിലെത്തിയില്ല
മൺസൂൺ മഴയുടെ കണക്കെടുപ്പ് രണ്ടു ദിവസം കൊണ്ട് അവസാനിക്കുമെങ്കിലും കേരളത്തിൽ മൺസൂൺ വിടവാങ്ങാൻ ഇനിയും 15 ദിവസമെങ്കിലും എടുക്കും. ഒരാഴ്ചയോളമായി മൺസൂൺ വിടവാങ്ങൽ രാജസ്ഥാനിൽ തന്നെ തുടരുകയാണ്. മധ്യ ഇന്ത്യയിൽ ഇപ്പോഴും മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഖജുവാല, ബീകാനീർ, ജോധ്പൂർ, നാലിയ എന്നിവിടങ്ങളിലാണ് ഇപ്പോൾ കാലവർഷം പിൻവാങ്ങിയത്. 2-3 ദിവസത്തിനു ശേഷം മധ്യ ഇന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് കാലവർഷം വിടവാങ്ങൽ പുരോഗമിക്കും. ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ മേഖലയിൽ ആന്ധ്രാപ്രദേശ് തീരത്തായി അന്തരീക്ഷത്തിന്റെ താഴ്ന്ന നിലയിൽ ചക്രവാതച്ചുഴി തുടരുന്നതിനാൽ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കർണാടകയിലും മഴ അടുത്ത ദിവസങ്ങളിലുമുണ്ടാകും. കേരളത്തിൽ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ മഴ ലഭിക്കാം. ഒക്ടോബർ ആദ്യവാരം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.

18 ഓടെ വീണ്ടും ന്യൂനമർദ്ദ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഈ മാസം പതിനെട്ടാം തീയതിയോടെ മറ്റൊരു ന്യൂനമർദ സാധ്യത. കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി മധ്യപ്രദേശിന് മുകളിൽ തുടരുകയാണ്. ഈ ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളത്തിൽ മഴ കുറയാനാണ് സാധ്യത. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും . മട്ടിടങ്ങളിലും രാത്രിയും പുലർച്ചെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
ഈ മാസം പതിനെട്ടോടെ രൂപപ്പെട്ടേക്കാവുന്ന ചക്രവാതച്ചുഴി ആണ് ശക്തിപെട്ട് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളത്. ഈ സിസ്റ്റം കേരളത്തെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് ഞങ്ങളുടെ നീരീക്ഷകരുടെ പ്രാഥമിക നിരീക്ഷണം. കേരളത്തിൽ മഴ കുറയുമെങ്കിലും ഭാഗികമായി മേഘാവൃതമായ സാഹചര്യം പലയിടത്തും രണ്ടു ദിവസം കൂടി അനുഭവപ്പെടും. ഉച്ചക്കുശേഷം ഇന്നും നാളെയും മണിക്കൂറിൽ 40 കിലോമീറ്റർ വരെയുള്ള കാറ്റിനും കിഴക്കൻ മേഖലയിൽ സാധ്യതയുണ്ട്.

കേരളത്തിൽ ഇപ്പോഴത്തെ മഴ എത്രനാൾ തുടരും എന്നറിയാം

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ ബുധനാഴ്ച വരെ തുടരാൻ സാധ്യത. തുടർന്ന് മഴയുടെ ശക്തി കുറയും. അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടി മഴക്ക് സാധ്യതയുണ്ട്. മ്യാൻമറിന് സമീപം സമുദ്രനിരപ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ചക്രവാത ചുഴിയും, ഫിലിപ്പൈൻസിനു സമീപത്തെ ചുഴലിക്കാറ്റും പടിഞാറൻ കാറ്റിനെ ശക്തിപ്പെടുത്തിയതാണ് മഴക്ക് കാരണം. നാളെയും (ചൊവ്വ) കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കും. മഴക്ക് ഇടവേളകൾ ഉണ്ടാകും. ബുധൻ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് മെറ്റ്ബീറ്റ് വെതർ പറയുന്നത്. തുടർന്ന് മഴ അടുത്ത ആഴ്ച വീണ്ടും എത്തും. ഇടിയോടെ മഴയാണ് പിന്നീടുണ്ടാക്കുക. ഈ മാസം അവസാനവും സെപ്റ്റംബർ ആദ്യവും സാധാരണ മഴ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് Metbeat Weather facebook പേജ് പിന്തുടരുക.

കേരളത്തിൽ വീണ്ടും മഴ തിരികെ എത്തുന്നു

കേരളത്തിൽ ഒരിടവേളക്ക് ശേഷം മഴ തിരികെ എത്തുന്നു. നാളെ മുതൽ എല്ലാ ജില്ലകളിലും സാധാരണ മഴ പ്രതീക്ഷിക്കാം. വ്യാഴം വരെ മഴ ഇടവിട്ട് ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ മഴക്ക് കുറവുണ്ടാകും. തിങ്കൾ മുതൽ വീണ്ടും മഴ ലഭിക്കും. ഇപ്പോൾ പെയ്യേണ്ട പ്രതിദിന ശരാശരി മഴക്കേ ഇപ്പോൾ സാധ്യത ഉള്ളൂ എന്നും സെപ്റ്റംബർ ആദ്യ വാരത്തോടെ എം.ജെ. ഒ എത്തുന്ന തോടെ മഴ ശക്തിപെട്ടേക്കുമെന്നും മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞു. കേരളത്തിൽ ജൂൺ ഒന്നു മുതൽ ഇന്ന് വരെ 21 ശതമാനം മഴ കുറവാണ്. കണ്ണൂർ, കാസർകോട്, പാലക്കാട് ,തൃശൂർ, വയനാട് ജില്ലകളിലാണ് സാധാരണ മഴ ലഭിച്ചത്. മറ്റു ജില്ലകളിലെല്ലാം മഴ കുറവാണ് രേഖപ്പെടുത്തിയത്.

കേരളത്തിൽ ശക്തമായ മഴ എത്രദിവസം വരെ തുടരും ?

കേരളത്തിൽ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച മുതൽ കിഴക്കൻ മേഖലയിൽ മഴ തുടരുമെങ്കിലും ഇപ്പോഴത്തെ തീവ്രതയുണ്ടാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജാഗ്രത തുടരണം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലെ കിഴക്കൻ മലയോരത്തും ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. വലിയ തോതിൽ പ്രളയത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ അവലോകനം. സംസ്ഥാനത്തെ മിക്ക മേഖലകളിലും ഇന്നു പകൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞിരുന്നു. നദികളിൽ ജലനിരപ്പ് വലിയതോതിൽ കൂടിയതുമില്ല. ഡാമിലേക്ക് നീരൊഴുക്ക് വർധിക്കുന്നുണ്ടെങ്കിലും തുറക്കേണ്ട സാഹചര്യത്തിലല്ല മേജർ ഡാമുകൾ.

കേരളത്തിനു സമാന്തരമായി നിലകൊള്ളുന്ന ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി അടുത്ത ദിവസങ്ങളിൽ വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. അതിനൊപ്പം മഴയും കർണാടക, ഗോവ മേഖലയിലേക്ക് നീങ്ങും. ഇന്നും കർണാടകയിൽ കനത്ത മഴ ലഭിച്ചിരുന്നു. കർണാടകയിലെ മഴ വടക്കൻ കേരളത്തെ സ്വാധീനിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ അസാധാരണ സാഹചര്യം ഉണ്ടാകാൻ ഇടയില്ല. കിഴക്കൻ മലയോര മേഖലകളിലെ ജാഗ്രത കേരളത്തിലെ എല്ലാ മേഖലകളിൽ ഞായറാഴ്ച വരെയെങ്കിലും തുടരുന്നതാണ് സുരക്ഷിതം. പൊതുജനങ്ങൾ സർക്കാർ ഏജൻസികൾ നൽകുന്ന നിർദേശം അനുസരിക്കുക. ഔദ്യോഗിക, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ നൽകുന്ന വിവരങ്ങൾ മനസിലാക്കി വയ്ക്കുക. മാറിത്താമസിക്കാൻ നിർദേശം ലഭിച്ചാൽ അമാന്തിച്ച് നിൽക്കരുത്. സുരക്ഷക്ക് മുൻതൂക്കം നൽകുക.
ശ്രദ്ധിക്കുക- അപ്‌ഡേഷനുകൾ അറിയാൻ ഞങ്ങളുടെ Metbeat Weather, weatherman kerala എന്നീ ഫേസ്ബുക്ക് പേജുകളും യുട്യൂബ് ചാനലുകളും metbeat.com, metbeatnews.com എന്നീ വെബ്‌സൈറ്റുകളും LIKE ചെയ്തും Subscribe ചെയ്തും പിന്തുടരുക.

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ഇടിയോടെ മഴക്ക് സാധ്യത

കേരളത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് വൈകിട്ട് ഇടിയോട് കൂടെയുള്ള മഴക്ക് സാധ്യത. തമിഴ്നാട് പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ചുഴിയെ തുടർന്നുള്ള കാറ്റിന്റെ അഭിസരണമാണ് മഴക്ക് കാരണമാകുക. തെക്കൻ തമിഴ്നാടിനാണ് തുലാവർഷ രീതിയിലുള്ള മഴ കൂടുതൽ ലഭിക്കുക. ഇതിന്റെ ഒരു ഭാഗം കേരളത്തിനും ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തിന്റെ വിവിധ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഉച്ചക്കുശേഷം മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ രാത്രി വൈകിയും മധ്യകേരളത്തിൽ രാത്രിയിലുമാണ് മഴ സാധ്യത. ഇടുക്കി, വയനാട്, പാലക്കാട് പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴ സാധ്യത. കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളുടെ കിഴക്കും ഇടിയോടെ മഴ പ്രതീക്ഷിക്കാം.

മലയോര മേഖലയിൽ ജാഗ്രത
മലയോര മേഖലയിലുള്ളവർ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. പുഴകളിലോ അരുവികളിലോ തോടുകളിലോ കുളിക്കാൻ ഇറങ്ങരുത്. നിങ്ങൾ നിൽക്കുന്ന പ്രദേശത്ത് മഴയില്ലെങ്കിലും പെട്ടെന്ന് മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പശ്ചിമഘട്ടത്തിന്റെ തമിഴ്നാടൻ ഭാഗങ്ങളിലും മഴ ലഭിക്കുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും വർദ്ധിക്കും. അനാവശ്യ യാത്രകൾ മലയോരമേഖലകളിൽ ഒഴിവാക്കുന്നതാണ് സുരക്ഷിതം.