കള്ളക്കടല്‍ ജാഗ്രത: കേരളത്തില്‍ രണ്ടു തീരങ്ങളില്‍ റെഡ് അലര്‍ട്ട്, മറ്റിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ ജാഗ്രത: കേരളത്തില്‍ രണ്ടു തീരങ്ങളില്‍ റെഡ് അലര്‍ട്ട്, മറ്റിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്‌നാട് തീരത്തും ആന്‍ഡമാന്‍ തീരത്തെ ഇന്ദിരാപോയിന്റിലും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (ഇന്‍കോയ്‌സ്) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ ഒക്ടോബര്‍ 16 വരെയാണ് അലര്‍ട്ട്. ഇതു പ്രകാരം കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ടാകും.

കൊല്ലം, തിരുവനന്തപുരം തീരത്ത് റെഡ് അലര്‍ട്ട്

കേരളത്തില്‍ കൊല്ലം, തിരുവനന്തപുരം തീരത്താണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പാട്ട് മുതല്‍ എടവ വരെയുള്ള തീരത്ത് 18 മുതല്‍ 21 സെക്കന്റ് ഇടവേളകളില്‍ തിരമാലകളുണ്ടാകും. തിരമാലകള്‍ക്ക് 1 മുതല്‍ 2 മീറ്റര്‍ വരെ ഉയരം പ്രതീക്ഷിക്കാം എന്നാണ് പ്രവചനം.

നാളെയും മറ്റന്നാളുമാണ് കൂടുതല്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്നെ ഞങ്ങളുടെ ഓഷ്യനോഗ്രാഫര്‍ പറയുന്നു. ചെറുവള്ളങ്ങളും മറ്റും കടലില്‍ പോകുന്നത് സുരക്ഷിതമല്ല. ബീച്ചില്‍ വിനോദസഞ്ചാരവും കടലില്‍ ഇറങ്ങുന്നതും സുരക്ഷിതമല്ല.

കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം തീരങ്ങളില്‍ കള്ളക്കടലിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ച്ചും മുകളില്‍ പറഞ്ഞ സയമപരിധിയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം തീരത്ത് ഉയര്‍ന്ന തിരമാലയുടെ കാര്യത്തില്‍ മഞ്ഞ അലര്‍ട്ടും കള്ളക്കടല്‍ സാധ്യത റെഡ് അലര്‍ട്ടുമാണ്.

ലക്ഷദ്വീപിലെ അഗത്തിയില്‍ കള്ളക്കടലിനെ തുടര്‍ന്ന് റെഡ് അലര്‍ട്ടും ഉയര്‍ന്ന തിരമാലയെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. കവരത്തി, അമിനി, ആന്ത്രോത്ത്, അഗത്തി, മിനിക്കോയ് തീരങ്ങളില്‍ കള്ളക്കടലിനെ തുടര്‍ന്ന് റെഡ് അലര്‍ട്ടാണ്.

തമിഴ്‌നാട്ടിലെ തൂത്തുകുടിയിലും തിരുനെല്‍വേലിയിലും കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. താഴെ കൊടുത്ത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

  1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment