ആശ്വാസമായി മഴ, ചൂട് കുറയും, ഈർപ്പം എത്തിയത് 10,000 കി.മി അകലെനിന്ന്, ഇന്നത്തെ മഴ സാധ്യത
പൊള്ളുന്ന വേനൽചൂടിനിടെ താൽക്കാലിക ആശ്വാസമായി സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വേനൽ മഴ ലഭിച്ചു. മാർച്ച് 11 മുതൽ 13 വരെയുള്ള തീയതികളിൽ മഴ സാധ്യത ഉണ്ടെന്ന് Metbeat Weather ഒരാഴ്ച യായി വിവിധ അവലോകന റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ച് 11ന് തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ മാത്രം മഴ പെയ്തിരുന്നു. പ്രവചന പ്രകാരം പ്രതീക്ഷിച്ച മഴ തെക്കൻ ജില്ലകളിൽ മാർച്ച് 11ന് ലഭിച്ചിരുന്നില്ല.
വടക്ക് പ്രതീക്ഷിച്ച മഴ ലഭിച്ചു
എന്നാൽ ഇന്നലെ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും പ്രവചനപ്രകാരം പ്രതീക്ഷിച്ച മഴ ലഭിച്ചു. 2025 ൽ ഇതുവരെ മഴ ലഭിക്കാത്ത പ്രദേശങ്ങളിൽ അടക്കം വടക്കൻ ജില്ലകളിൽ മഴ പെയ്തു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്നലെ മിക്കയിടങ്ങളിലും മഴപെയ്തത്. കഴിഞ്ഞദിവസം 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് മൂന്നര മുതൽ മഴ റിപ്പോർട്ട് ചെയ്തു.
ചൂടിന് ആശ്വാസമായി വടക്കൻ ജില്ലകളിൽ മഴ
തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ മഴ വേനൽചൂടിന് ആശ്വാസമായി. ഈ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ കാട്ടുതീ ഭീഷണി നിലനിൽക്കവെയാണ് മഴ ലഭിച്ചത്. വടക്കൻ ജില്ലകളിൽ ഇന്നലെ മഴ സാധ്യതയുണ്ടെന്ന് രാവിലത്തെ പോസ്റ്റിൽ metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള ഫേസ്ബുക്ക് പേജിലെ അപ്ഡേഷനുകളിലും ഇടിയോട് കൂടെയുള്ള മഴയാണ് വടക്കൻ ജില്ലകളിൽ ഉണ്ടാകുക എന്ന് സൂചിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറുമണി വരെയുള്ള സമയം താഴെ പറയുന്ന സ്റ്റേഷനുകളിൽ ലഭിച്ച മഴയുടെ കണക്ക്. മില്ലി മീറ്ററിൽ .
അമ്പലവയൽ 58
ചിമ്മിണി 56
പൊരിങ്ങൽകൂത്ത് 48
കരാപ്പുഴ 41
വരാന്തരപ്പളളി 46
കോവിൽക്കടവ് 34
വെങ്ങൂർ 31
കുണ്ടല ഡാം 27
പെരുമ്പാവൂർ 20
അഭിസരണവും ചക്രവാത ചുഴിയും മഴക്ക് കാരണം
കാറ്റിൻ്റെ അഭിസരണ രേഖ (Convergence ) വടക്കൻ ജില്ലകൾക്ക് മുകളിൽ ഉണ്ടായതാണ് ഇന്നലെ ഇടിയോടുകൂടി മഴ ലഭിക്കാൻ കാരണം. എന്നാൽ ഇന്നലെ മഴ ലഭിച്ച തെക്കൻ ജില്ലകളിൽ ഇടിയില്ലാതെയായിരുന്നു മഴ ലഭിച്ചത്. കഴിഞ്ഞദിവസം കന്യാകുമാരി കടൽ (comorin ) വഴി കടന്നു പോയ ചക്രവാത ചുഴിയുടെ (cyclonic Circulation) സ്വാധീനം മൂലമാണ് തെക്കൻ ജില്ലകളിൽ മഴ ലഭിച്ചത്. ഇന്നലെ ചക്രവാത ചുഴി മാലദ്വീപിന് (Maldives ) സമീപത്തേക്ക് നീങ്ങിയിരുന്നു. ഇന്ന് ചക്രവാത ചുഴി മാലദ്വീപിൽ നിന്ന് പടിഞ്ഞാറൻ അറബിക്കടലിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതോടെ ഇതിൻ്റെ സ്വാധീനം കേരളത്തിൽ പൂർണമായി ഇല്ലാതായി.

പസഫിക്കിലെ ഈർപ്പം മഴക്ക് ആക്കം കൂട്ടി
കാസർകോട് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ സാധാരണ വിഷുവിന് ശേഷമാണ് വേനൽ മഴ ലഭിക്കുന്നത്. മാർച്ചിൽ തന്നെ മഴ ലഭിച്ചതിന് മറ്റു കാരണങ്ങളുമുണ്ട്. ചക്രവാതചുഴി മാലദ്വീപ് ഭാഗത്തേക്ക് നീങ്ങിയതോടെ കിഴക്കൻ കാറ്റ് കൂടുതൽ ശക്തിപ്പെടുകയും കേരളത്തിൻ്റെ മധ്യഭാഗത്തും വടക്കൻ മേഖലയിലും കിഴക്കൻ കാറ്റും പടിഞ്ഞാറൻ കാറ്റും സംഗമിക്കുന്ന സാഹചര്യം (Wind Convergence) ഉരുത്തിരിയുകയും ചെയ്തു. ഏകദേശം പതിനായിരം കിലോമീറ്റർ അകലെ പസഫിക് മഹാ സമുദ്രത്തിൽ (Pacific Ocean ) നിന്നെത്തിയ ഈർപ്പ പ്രവാഹത്തെ കിഴക്കൻ കാറ്റ് വലിച്ചടുപ്പിക്കുകയും തമിഴ്നാട്ടിലും വടക്കൻ കേരളത്തിലും മഴ നൽകുകയും ചെയ്തു.
ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത, ചൂട് കുറയും

ഏതാനും മേഘങ്ങളും ഈർപ്പവും ഇപ്പോഴും കേരളത്തിന് മുകളിൽ നിലനിൽക്കുന്നുണ്ട്. അതിനാൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത പ്രവചിക്കപ്പെടുന്നു. ഇന്നലത്തെപ്പോലെ വ്യാപകമായ മഴ എവിടെയും ഉണ്ടാകില്ല. കഴിഞ്ഞ ദിവസവും തമിഴ്നാട്ടിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ഇന്നലെ ചൂടിന് കുറവുണ്ടായി. തെക്കൻ കേരളത്തിലും ഇന്നലെ ചൂട് കുറഞ്ഞു. ഇന്നലെ ലഭിച്ച മഴയുടെ അടിസ്ഥാനത്തിൽ ഇന്ന് വടക്കൻ കേരളത്തിലും ചൂടിന് കുറവുണ്ടാകും. താൽക്കാലികമായി ഇന്ന് മാത്രമാകും ചൂടിന് കുറവ് ഉണ്ടാവുക. അടുത്ത ദിവസങ്ങളിൽ ചൂടു വീണ്ടും കൂടും.
ഇന്നത്തെ മഴ സാധ്യത
ഇന്ന് ഉച്ചക്ക് ശേഷം വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, പത്തനംതിട്ട, തൃശ്ശൂര്, പാലക്കാട്, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളുടെ തീരദേശം എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഒറ്റപ്പെട്ട മഴ സാധ്യത. ആറ്റുകാൽ പൊങ്കാല നടക്കുന്ന തിരുവനന്തപുരത്ത് ഉച്ചയോടെ ചാറ്റൽ മഴ സാധ്യത. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടത്തരം മഴക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. എന്നാൽ എവിടെയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ ലൈവ് വിവരങ്ങൾക്കും അപ്ഡേഷനുകൾക്കും താഴെ കൊടുത്ത ഞങ്ങളുടെ ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്ത് തുടരുക. 👇
Metbeat Weather, Weatherman Kerala
Tag : Experience the refreshing summer rain across Kerala, providing relief from the scorching heat in districts like Thrissur, Palakkad, and Kozhikode.