താപനില പൂജ്യത്തിൽ: മഞ്ഞുവീഴ്ച ശക്തമായതോടെ ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക്
ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്ചയും, അതിശൈത്യവും തുടരുന്നു. ഗൂഡല്ലൂർ റോഡിലെ തലക്കുന്ത, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്തും സമീപമുള്ള കുതിരപ്പന്തയ മൈതാനി, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിലും ഇന്നലെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ താപനില 2.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
മഞ്ഞുവീഴ്ച തുടരുന്നത് കാർഷിക മേഖലയ്ക്കു തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. പുല്ലു കരിഞ്ഞു പോകുന്നതു കാരണം കന്നുകാലികൾ ഭക്ഷണക്ഷാമം നേരിടുന്നുണ്ട്. കൂടാതെ മഞ്ഞുവീഴ്ചയിൽ തേയിലച്ചെടികളും നശിക്കുന്നു. ഇത് സാധാരണമാണെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. മഞ്ഞു വീഴ്ച ശക്തമായതോടെ മഞ്ഞുവീഴ്ച കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.