കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; വ്യാപക നാശനഷ്ടം

കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; വ്യാപക നാശനഷ്ടം

കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ആണ് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. മലപ്പുറം ചോക്കാട് മാളിയേക്കലിൽ കുതിരപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടിയെ കാണാനില്ല എന്ന പ്രാഥമിക വിവരത്തെ തുടർന്ന് നാട്ടുകാർ ഇവിടെ തിരച്ചിൽ നടത്തുന്നു. നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തി. വീടിൻ്റെ മേൽക്കൂര തകര്‍ന്ന് വീണ് അമ്പലപ്പുഴയിൽ അമ്മയ്ക്കും നാല് വയസുള്ള കുഞ്ഞിനും പരിക്കുപറ്റി .

പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകൾ തകര്‍ന്നിട്ടുണ്ട്. വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് സിആർപിഎഫ് ക്യാമ്പിന് സമീപം താമസിക്കുന്ന റിയാസിന്റെ വീട് തകർന്നു. വീടിന്റെ ചുമരാണ് ഭാഗികമായി തകർന്നത്. റിയാസും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും, പ്രായമായ മാതാപിതാക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങൽക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

താത്കാലിക പാലം തകർന്നു. ഇതോടെ പാലക്കാട് ആലത്തൂർ പത്തനാപുരത്തെ 1500 കുടുംബങ്ങൾക്ക് ഭാരതപ്പുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള വഴി തടസ്സപ്പെട്ടു. രാവിലെ പെയ്ത മഴയിലാണ് താൽക്കാലിക പാലം തകർന്നത്. പഴയ പാലം നിർമാണത്തിനായി പൊളിച്ചു. അതിനു ശേഷമാണ് താത്കാലിക നടപ്പാലം ഒരുക്കിയിട്ടുണ്ടായിരുന്നത് . ദേവികുളം സ്വദേശി വിത്സൻ്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. വിൽസണും ഭാര്യ ജാൻസിയും തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിനു മുൻപിലെ പരസ്യ ബോർഡ് കാറ്റിലും മഴയിലും തകർന്നു വീണു. കോഴിക്കോട് നാദാപുരത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം കടപുഴകി വീണു. നാദാപുരം ആവോലത്തെ കൂടേൻ്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റൻ പന മരം വീണത്. മരം വീണ് വീടിൻ്റെ പിൻഭാഗത്തെ മേൽകൂരയുടെ ഒരു ഭാഗവും വരാന്തയുടെ മേൽകൂരയും തകർന്നിട്ടുണ്ട് . ആർക്കും പരിക്കില്ല.

എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമ്മാലിയിലും ഞാറക്കല്‍ എടവനക്കാട് തീരമേഖലകളിലും കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുന്നു . കനത്ത മഴയെ തുടര്‍ന്ന്  കണയന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഏഴ് കുടുംബങ്ങളിലെ ഇരുപത് പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പൊന്നാനി അലിയാർപള്ളി ഭാഗങ്ങളിലും വെളിയങ്കോടും പാലപ്പെട്ടിയിലും കടലാക്രമണം രൂക്ഷമാണ്. ഇവിടെയും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. അലിയാർ പള്ളിയിൽ റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂർ കാരവ കടപ്പുറത്ത്  കടലാക്രമണം. കാരവ സ്വദേശികളായ സുരേഷ്, സജി എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കടപ്പുറത്തിന്റെ പല ഭാഗങ്ങളിലും കടലാക്രമണം തടയാൻ നിലവിൽ ജിയോ ബാഗുകൾ മാത്രമാണ് ഉള്ളത്.

പുന്നപ്രയിൽ കടൽക്ഷോഭത്തിൽ നൂറോളം വീടുകൾ കടലെടുക്കുമെന്ന ഭീതിയുണ്ട് . പുന്നപ്ര ചള്ളി കടപ്പുറം, ബിരിയാണി എന്നിവിടങ്ങളിലും കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. ഇവിടെ ഫിഷിംഗ് ഹാർബർ ഏത് സമയവും കടലെടുക്കുമെന്ന സ്ഥിതിയാണ് ഉള്ളത്. തൃശ്ശൂർ ചാവക്കാട് കടപ്പുറം പഞ്ചായത്തിന്റെ തീരങ്ങളിലും അഞ്ചങ്ങാടി വളവിലും പരിസരപ്രദേശങ്ങളിലും കടൽക്ഷേഭം രൂക്ഷമായി തുടരുന്നു. 

തൃശൂർ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സമുണ്ടായി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം പിറവം പുതൃക്കയില്‍ പാറേക്കാട് ഷിബുവിന്‍റെ വീട്ടിൽ മണ്ണിടിഞ്ഞ് വീണു. ആലുവയില്‍ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. പെരിയാര്‍ തീരത്തെ ജിസിബിഎ റോഡില്‍ നാല് കൂറ്റന്‍ മരങ്ങളും ആയുര്‍വേദ ആശുപത്രി വളപ്പിലെ മരങ്ങളും വീണു. തലശ്ശേരി ചൊക്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ. വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ഉള്ളതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ചതായി ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി.

കൊയിലാണ്ടി ദേശീയപാതയിൽ  വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതിൽ പ്രതിഷേധിച്ച് റോഡ് നിർമ്മാണ കമ്പനിയായ വാഗാഡിന്റെ ഓഫീസ് നാട്ടുകാർ ഉപരോധിച്ചു. നിർമ്മാണം നടക്കുന്ന റോഡിലെ അപാകതകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹരിക്കാത്തതിനെ തുടർന്നാണ് റോഡ് ഉപരോധം നടത്തിയത്. വെള്ളക്കെട്ടുകൾ ഉടൻ നീക്കം ചെയ്യാമെന്നും, സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

മഴ ശക്തമായി തുടർന്നാൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു . ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ . ജൂണ്‍ 26 ന് രാവിലെ എട്ടിന് ഡാമിലെ ജലനിരപ്പ് 75.73 മീറ്ററാണ്. ഡാമിന്റെ ബ്ലൂ അലര്‍ട്ട് ലെവല്‍ 76 മീറ്ററും ഓറഞ്ച് അലര്‍ട്ട് ലെവല്‍ 76.51 മീറ്ററും ആണ്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment