കാലവർഷം ശക്തം: പ്രളയത്തിൽ രണ്ടു മരണം, 28 പേരെ കാണാതായി

കാലവർഷം ശക്തമായതോടെ കിഴക്കൻ നേപ്പാളിൽ പ്രളയത്തിലും പേമാരിയിലും രണ്ടു മരണം. 28 പേരെ കാണാതായി. സൻഖുവാസഭ ജില്ലയിലെ ഹെവാ നദിയിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണ സ്ഥലത്ത് മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിക്കുകയും 17 പേരെ കാണാതാകുകയും ചെയ്തു. ഇവർ നിർമാണ തൊഴിലാളികളാണ്. ഇവിടെ വൈദ്യുത പദ്ധതിക്ക് കൊണ്ടുവന്ന ഉപകരണങ്ങളും യന്ത്രങ്ങളും ഒലിച്ചുപോയി.

തൊട്ടടുത്തെ ജില്ലയായ തപേൽജംഗിൽ വീടുതകർന്ന് ഒരാൾ മരിച്ചു. ഇവിടെ വീട് ഒലിച്ചുപോയി കുടുംബത്തിലെ മൂന്നു പേരെ കാണാതായി. നേപ്പാൾ പൊലീസിന്റെ കണക്കനുസരിച്ച് രണ്ട് മരണമാണ് സ്ഥിരീകരിച്ചത്. 28 പേരെ കാണാതായെന്നും പൊലീസ് വക്താവ് ഋഷി കൺഡോൾ പറഞ്ഞു.

കാലവർഷം അടുത്ത നാലു ദിവസം നേപ്പാളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനകം ഇവിടെ റോഡുകളും പാലങ്ങളും പ്രളയത്തിൽ മുങ്ങി. ജലനിരപ്പ് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. അതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് നേപ്പാളിലും കാലവർഷ സീസൺ. എല്ലാവർഷവും പ്രളയവും പേമാരിയും നാശനഷ്ടവും നേപ്പാളിൽ പതിവാണ്. ഇത്തവണ ജൂണിൽ തന്നെ പ്രളയം നാശംവിതച്ചു. കാലാവസ്ഥാ വ്യതിയാനമാണ് പേമാരിക്ക് കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

Leave a Comment