spain flood: സ്പെയിനിലെ പ്രളയം മരണം 202 ആയി ; 28 വർഷത്തെ ഏറ്റവും വലിയ മഴ
പതിറ്റാണ്ടുകള്‍ക്ക് ശേഷം വന്‍ പ്രളയത്തിന് സാക്ഷിയാവുകയാണ് യൂറോപ്. സ്‌പെയിനിലുണ്ടായ പ്രളയത്തില്‍ ഇതുവരെ 202 പേര്‍ മരിച്ചു. കനത്ത നാശനഷ്ടമുണ്ടായി. സ്‌പെയിനിന്റെ തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ ഒരാഴ്ചയായി തുടരുന്ന മഴയാണ് പ്രളയത്തിന് കാരണം. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്.
വെലെന്‍സിയ മേഖലയില്‍ മാത്രം പ്രളയത്തില്‍ 155 പേര്‍ മരിച്ചിട്ടുണ്ടെന്ന് സ്പാനിഷ് പ്രധാനമന്ത്രി ഏഗെല്‍ വിക്ടര്‍ ടോറിസ് പറഞ്ഞു. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
28 വര്‍ഷത്തെ ശക്തമായ മഴ
സ്‌പെയിനില്‍ 28 വര്‍ഷത്തിനിടെയാണ് ഇത്രയും നാശനഷ്ടം വിതച്ച മഴയുണ്ടാകുന്നത്. കെട്ടിടത്തിന്റെ തറ നിരയിലും അണ്ടര്‍ഗ്രൗണ്ടിലും കഴിഞ്ഞവരാണ് മരിച്ചവരില്‍ ഏറെയും. അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന നടപടികള്‍ തുടരുകയാണ്.
സ്‌പെയിനില്‍ മഴ സീസണ്‍, ഇത്തവണ കടുത്തു
സ്‌പെയിനിന്റെ തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ നിലവില്‍ മഴ സീസണാണ്. എന്നാല്‍ ഇത്തവണ മഴ അതിതീവ്രമായി. വലെന്‍സിയയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. മധ്യധരണ്യാഴിയുടെ തീരത്തുള്ള ഈ നഗരത്തില്‍ 5 കോടി പേരാണ് താമസിക്കുന്നത്.
വേനല്‍ക്കാലത്ത് ടൂറിസ്റ്റുകളുടെ ശ്രദ്ധാ കേന്ദ്രമാണ് ഈ പ്രദേശം. 150 ലേറെ പേര്‍ പ്രളയത്തില്‍ മരിച്ച ഇവിടെ, നഗരത്തില്‍ പ്രളയജലത്തില്‍ ഒഴുകിയെത്തിയ മാലിന്യം നീക്കം ചെയ്യാന്‍ മാത്രം ദിവസങ്ങളെടുക്കും. ഇവിടത്തെ കോടതി പരിസരമാണ് ശ്മശാനമാക്കി മാറ്റിയത്.
ഇവിടെ ഒരു വയോജന മന്ദിരത്തില്‍ വെള്ളം കയറി മാത്രം 6 പേര്‍ മരിച്ചു. ഈ കെട്ടിടത്തോട് ചേര്‍ന്ന് മാത്രം 40 പേര്‍ മരിച്ചു.
തീവ്രമഴക്ക് കാരണം
12 മണിക്കൂര്‍ കൊണ്ട് 8 ഇഞ്ച് (20 സെ.മി) മഴ ലഭിക്കുമെന്ന് പ്രദേശത്ത് സ്‌പെയിന്‍ മീറ്റിയോറോളജിക്കല്‍ ഏജന്‍സിയായ AEMET മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചില പ്രദേശങ്ങളില്‍ മഴ 32 സെ.മി വരെ ലഭിച്ചു. നാലു മണിക്കൂര്‍ കൊണ്ടായിരുന്നു ഇത്രയും മഴ പെയ്തത്. നേരത്തെ വെലന്‍സിയയില്‍ ഒക്ടോബറില്‍ ആകെ പെയ്തത് 7.7 സെ.മി (3 ഇഞ്ച്) മഴയാണെന്ന് യൂറോപ്യന്‍ സിവിയര്‍ വെതര്‍ കണക്കുകള്‍ പറയുന്നു.