വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സ്പെയിനിൽ മഴ തുടരുന്നു
വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സ്പെയിനിൽ വീണ്ടും മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്. സ്‌പെയിനിൻ്റെ മെഡിറ്ററേനിയൻ തീരത്തുള്ള കുടുംബങ്ങൾ കഴിഞ്ഞ ആഴ്‌ചയുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടർന്ന് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ്. ഇരകൾക്കായുള്ള തിരച്ചിലിൽ സഹായിക്കാൻ സർക്കാർ തിങ്കളാഴ്ച നൂറുകണക്കിന് സൈനികരെ വിന്യസിച്ചതായി അടിയന്തര അധികാരികൾ അറിയിച്ചു.
രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി കൊണ്ട് തിങ്കളാഴ്ച ചില സ്ഥലങ്ങളിൽ ഒരടിയോളം മഴ രേഖപ്പെടുത്തിയെന്ന് അധികൃതർ പറഞ്ഞു. സ്‌പെയിനിലെ കാലാവസ്ഥാ ഏജൻസി രാവിലെ 11 മണിയോടെ ബാഴ്‌സലോണയിൽ ആറ് ഇഞ്ച് മഴ രേഖപ്പെടുത്തിയിരുന്നു. കൂടാതെ നഗരത്തിൽ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാസ്റ്റലോൺ, ടാരഗോണ, ബാഴ്‌സലോണ എന്നീ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ഏജൻസി പ്രവചിച്ചു.
കഴിഞ്ഞ ആഴ്‌ച തുടങ്ങിയ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 215 ആയി ഉയർന്നതായി സ്‌പെയിനിൻ്റെ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. മഴ മുന്നറിയിപ്പ് നൽകാൻ സർക്കാർ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു എന്ന വിമർശനവും ചിലർ ആരോപിക്കുന്നു.
എയർപോർട്ട് ഓപ്പറേറ്റർ പറയുന്നതനുസരിച്ച്, ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും 18 എണ്ണം ബാഴ്‌സലോണയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചുവിടുകയും ചെയ്തു. ടെർമിനലുകളിലെ വെള്ളപ്പൊക്കത്തിൻ്റെ വീഡിയോകൾ വാർത്താ ഏജൻസികൾ പങ്കിട്ടു.
കഴിഞ്ഞ ആഴ്‌ചയുണ്ടായ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച വലൻസിയയിലും തിങ്കളാഴ്ച്ച മഴ പെയ്തിരുന്നു. അത് അവിടെ നടക്കുന്ന തിരച്ചിലും രക്ഷാപ്രവർത്തനവും സങ്കീർണ്ണമാക്കി.
മേഖലയിൽ നിരവധി പ്രധാന റോഡുകൾ വിച്ഛേദിക്കപ്പെട്ടു. ചില ആളുകൾക്ക് വൈദ്യുതിയോ കുടിവെള്ളമോ ഇല്ലായിരുന്നു.
സ്പെയിനിലെ കാലാവസ്ഥാ ഏജൻസി കൊടുങ്കാറ്റ് ശക്തമാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ, മഴ ഏറ്റവും ശക്തമായപ്പോൾ ഏജൻസി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
എന്നാൽ ഔപചാരിക അലർട്ട് സിസ്റ്റം നിയന്ത്രിക്കുന്ന വലൻസിയയിലെ പ്രാദേശിക സർക്കാർ, രാത്രി 8 മണി വരെ ഒരു അലർട്ടും ജനങ്ങൾക്ക് നൽകിയിരുന്നില്ല. ആ ദിവസം, വെള്ളപ്പൊക്കം വെള്ള രൂക്ഷമായി.
അത് അധികാരികളോടുള്ള രോഷത്തിലേക്കും നയിച്ചു. ഞായറാഴ്ച വലൻസിയയിൽ, നേതാക്കളുടെ ഒരു പ്രതിനിധി സംഘം പൈപോർട്ട നഗരം സന്ദർശിച്ചിരുന്നു. അവിടെ കുറഞ്ഞത് 60 പേർ മരിച്ചു.
ഫെലിപ്പ് ആറാമൻ രാജാവ്, ലെറ്റിസിയ രാജ്ഞി, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, വലെൻസിയ മേഖലയുടെ നേതാവ് കാർലോസ് മാസോൺ എന്നിവർക്ക് നേരെ പ്രതിഷേധക്കാർ അധിക്ഷേപിക്കുകയും ചെളി വാരിയെറിയുകയും ചെയ്തു.
മിസ്റ്റർ മാസോണും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരും വേണ്ടത്ര വേഗത്തിൽ പ്രവർത്തിച്ചില്ലെന്ന് ചിലർ ആരോപിച്ചു.
മറ്റുള്ളവർ — മിസ്റ്റർ മസോൺ ഉൾപ്പെടെ— അടിയന്തരാവസ്ഥയോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കാത്തതിന് മിസ്റ്റർ സാഞ്ചസിനെയും ദേശീയ സർക്കാരിനെയും കുറ്റപ്പെടുത്തി.